ചാമ്പ്യൻസ് ലീഗ് ആദ്യ റൗണ്ട് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ലയണൽ മെസിയുടെ പിഎസ്ജിക്ക് സമനില. ക്ലബ് ബ്രൂഗ്ഗെയാണ് ഫ്രഞ്ച് വമ്പന്മാരെ സമനിലയിൽ തളച്ചത്. മറ്റു മത്സരങ്ങളിൽ റയൽ മാഡ്രിഡ്, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി ടീമുകൾ വിജയിച്ചു.
ലയണൽ മെസി, എംബപ്പേ, നെയ്മർ തുടങ്ങി മൂന്ന് കരുത്തരുമായാണ് പിഎസ്ജി ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിനിറങ്ങിയത്. പതിനഞ്ചാം മിനിറ്റിൽ എംബപ്പേയുടെ പാസിലൂടെ ആൻഡർ ഹരാരേ വല കുലുക്കി ടീമിന് ലീഡ് സമ്മാനിച്ചെങ്കിലും 27-ാം മിനിറ്റിൽ ഹാന്‍സ് വനാകെനിലൂടെ ക്ലബ്ബ് ബ്രൂഗ്ഗെ തിരിച്ചടിച്ചു സമനില നേടി. പിന്നീട് ലഭിച്ച ഗോൾ അവസരങ്ങൾ ഒന്നും ഇരു ടീമുകൾക്കും ഗോളാക്കാൻ കഴിയാതെ വന്നതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരിന്നു.
ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ മൂന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. ആര്‍ബി ലെയ്പ്സിഗിനെയാണ് സിറ്റി തകർത്തത്. നതാന്‍ അകെ, റിയാദ് മെഹ്റെസ്, സൂപ്പര്‍താരം ജാക്ക് ഗ്രീലിഷ്, ജോവാന് കാന്‍സെലോ, ഗബ്രിയേല്‍ ജെസ്യൂസ് എന്നിവരാണ് സിറ്റിക്ക് വേണ്ടി വലകുലുക്കിയത്.
ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ ലിവർപൂൾ ശക്തരായ എസി മിലാനെയാണ് തോൽപ്പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വിജയം. മുഹമ്മദ് സല, ജോര്‍ദാന്‍ ഹെന്ഡേഴ്സണ് എന്നിവരുടെ ഗോളും ഫിക്കായോ ടൊമോറിയുടെ സെല്‍ഫ് ഗോളുമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ആന്റെ റെബിച്ച്, ബ്രാഹിം ഡയസ് എന്നിവരാണ് മിലാന് വേണ്ടി വലകുലുക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ലാ ലീഗ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് പോർട്ടോയുമായി സമനില വഴങ്ങി.
ഗ്രൂപ്പ് ഡിയിൽ ഇന്റർ മിലാനെതിരെ ആയിരുന്നു റയലിന്റെ വിജയം. 89-ാം മിനിറ്റിൽ റോഡ്രിഗോ കുറിച്ച ഏക ഗോളാണ് റയലിനെ വിജയത്തിലെത്തിച്ചത്.
Also read: ചാമ്പ്യൻസ് ലീഗ്: യുണൈറ്റഡിനും ബാഴ്സലോണക്കും തോൽവി