യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കലാശപ്പോരാട്ടം ഇന്ന് വെയിൽസിലെ കാർഡിഫ്​ സ്റ്റേഡിയത്തിൽ നടക്കും. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡും ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവന്റസുമാണ് കിരീടത്തിനായി കൊമ്പ്കോർക്കുന്നത്. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 12.15നാണ് മത്സരം ആരംഭിക്കുന്നത്

തുടർച്ചയായി 2 തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ടീമിന്നെ റെക്കോഡ് ലക്ഷ്യം വെച്ചാണ് സിനദിൻ സിദാനും കുട്ടികളും ഇറങ്ങുന്നത്. സൂപ്പർതാരം ക്രിസ്റ്റ്യാനോയ്ക്കാകട്ടെ മറ്റൊരു സുപ്രധാന കിരീടമാണ് ലക്ഷ്യംവെക്കുന്നത്. ചാമ്പ്യൻസ് ലീഗ് കിരീടം നേടാനായാൽ ഒരു ബാലൺ ഡിയോർ കൂടി അനായാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വന്തമാക്കാൻ ആകും.

താരപ്രഭയിലും ഫോമിലും എല്ലാം റയൽ മാഡ്രിഡ് യുവന്റസിനേക്കാളും ഒരുപടി മുന്നിലാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗാരത് ബെയ്ൽ, കരീംബെൻസമെ തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാം ഫൈനലിന് സജ്ജരാണ്. കാസിമേറോ,അസെൻസിയോ, ഇസ്കോ തുടങ്ങിയ യുവതാരങ്ങളെല്ലാം തകർപ്പൻ ഫോമിലുമാണ്. സൂപ്പർ താരങ്ങളും യുവതാരങ്ങളും എല്ലാ​ ഫോമിലേക്ക് ഉയർന്നപ്പോൾ ആദ്യ പതിനൊന്നിൽ​ ആരെയോക്കെ ഉൾപ്പെടുത്തുമെന്ന ആശങ്കയിലാണ് സിദാൻ.

റയലിന്റെ സാധ്യത ടീം ഇങ്ങനെ – കീലർ നവാസ് , ഡാനി കാർവഹാൾ, സെർജിയോ റാമോസ് , റാഫേൽ വരാൻ, മാവ്സേലോ, ടോണി ക്രൂസ്, ലൂക്ക മോഡ്രിച്ച്, ക്രിസ്റ്റ്യനോ റൊണാൾഡോ, കരീം ബെൻസമ, ഇസ്കോ, കാസിമെറോ

ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇറ്റാലിയൻ ടീമായ യുവന്റസ് കലാശപ്പോരിന് ഇറങ്ങുന്നത്. ഇത് ആറാം തവണയാണ് യുവന്റസ് ചാമ്പ്യൻസ് ലീഗ് ഫൈനലിന് യോഗ്യത നേടുന്നത്. പരിചയ സമ്പന്നമായ താരങ്ങളും യുവതാരങ്ങളും അടങ്ങുന്ന സംഘമാണ് യുവന്റസിന്റേത്. ഗോൾകീപ്പിങ്ങ് ഇതിഹാസം ജിയാൻ ലൂജി ബുഫണാണ് യുവന്റസിന്റെ ഗോൾവലകാക്കുന്നത്. ജോർജ്ജിയോ ചില്ലിനിയും ലിയണാർഡോ ബൊനൂച്ചി തീർക്കുന്ന പ്രതിരോധ മതിൽ തകർക്കുക എന്നത് റയലിന് വെല്ലുവിളിയാകും. ഡിബാലയും, ഹിഗ്വയിനും അടങ്ങുന്ന മുന്നേറ്റ നിരയും ലോകോത്തരമാണ്.

യുവന്റസിന്റെ സാധ്യത ടീം – ബുഫൺ, ഡാനി​ ആൽവേസ്, ജോർജ്ജിയോ ചില്ലീനി, ബൊനൂച്ചി,അലക്സ് സാഡ്രോ, മാർക്കീസിയോ, പജാനിച്ച്, സാമി ഖദീര, ഗോൺസാലോ ഹിഗ്വെയിൻ,പോളോ ഡിബാല, മരിയോ മാൻഡ്സൂക്കിച്ച്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ