സൂറിച്ച്: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ പ്രീക്വാർട്ടർ മത്സരക്രമങ്ങൾ പുറത്ത് വന്നപ്പോൾ കണ്ണ് തള്ളി ഫുട്ബോൾ ആരാധകർ. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മർ ജൂനിയറും തമ്മിലുള്ള നേർക്ക്നേർ പോരാട്ടമാണ് പ്രീക്വാർട്ടർ റൗണ്ടിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് പിഎസ്ജിയാണ് എതിരാളികൾ. ഗ്രൂപ്പ് ഘട്ടങ്ങളിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇരുടീമുകളും തമ്മിലുള്ള മത്സരം ഏറെ ശ്രദ്ധേയമാണ്.

കരുത്തരായ ബാഴ്സിലോണയുടെ എതിരാളികൾ ഇംഗ്ലീഷ് ചാമ്പ്യൻമാരായ ചെൽസിയാണ്. ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിൽ എത്തിയ മെസിയും സംഘത്തെയും വീഴ്ത്താൻ ആന്റോണിയോ കോന്റയുടെ ചെൽസിക്ക് കഴിയുമോ എന്ന് കാത്തിരുന്ന് കാണണം. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ യുവന്റസിന്റെ എതിരാളികൾ ടോട്ടൻഹാമാണ്.

ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ സ്വപ്നകുതിപ്പ് നടത്തുന്ന പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ സ്വിസ് ക്ലബ് ബാസലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വെല്ലുവിളി ഉയർത്താൻ സെവിയ വരുമ്പോൾ ലിവർപൂളിന്റെ എതിരാളികൾ പോർട്ടോയാണ്.

മറ്റ് മത്സരങ്ങളിൽ ബയൺ മ്യൂണിച്ച് തുർക്കി ക്ലബ് ബെസിക്റ്റാസിനെയും, എഎസ് റോമ ഷക്തർ ഡോണക്സിനെയും നേരിടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook