യുവേഫ ചാമ്പ്യൻസ് ലീഗ് എന്നും അത്ഭുതങ്ങളുടെ വേദിയായിരുന്നു. ശക്തമായ തിരിച്ചുവരവുകളും അട്ടിമറികളും ചാമ്പ്യൻസ് ലീഗിൽ മുമ്പും പലവട്ടം ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊരു തിരിച്ചുവരവിനാണ് ഇന്നലെ പാരിസിലെ പാർക് ഡെസ് സ്റ്റേഡിയം വേദിയായത്. ഫ്രഞ്ച് വമ്പന്മാരായ പാരിസ് സെന്റ് ജർമ്മനെ അവരുടെ തട്ടകത്തിൽ പോയി 3-1ന് തോൽപ്പിച്ച് ക്വർട്ടർ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

മാഞ്ചസ്റ്ററിന്റെ തട്ടകത്തിൽ 2-0ന് പ്എസ്ജി ജയിച്ചിരുന്നെങ്കിലും എവേ മത്സരത്തിൽ നേടിയ അധിക ഗോളാണ് മാഞ്ചസ്റ്ററിന് ക്വാർട്ടർ പ്രവേശനം സാധ്യമാക്കിയത്. നേരത്തെയും ഇത്തരത്തിലുള്ള അവിശ്വസനീയ തിരിച്ചുവരവുകൾക്ക് ചാമ്പ്യൻസ് ലീഗ് വേദിയായിട്ടുണ്ട്. ആ ചരിത്രത്തിലേയ്ക്ക് ഒന്നു തിരിഞ്ഞു നോക്കുകയാണ്.

എഎസ് റോമ vs ബാഴ്സലോണ, 2017-2018

കഴിഞ്ഞ സീസണിൽ ബാഴ്സലോണയെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇറ്റാലിയൻ ക്ലബായ എഎസ് റോമയുടെ സെമി പ്രവേശനം. ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ 4-1ന് ജയിച്ചത് സ്‌പാനിഷ് വമ്പന്മാരായിരുന്നു. എന്നാൽ രണ്ടാം പാത മത്സരത്തിൽ 3-0നാണ് റോമ കാറ്റലൻ പടയെ മുട്ടുകുത്തിച്ചത്. ആകെ ഗോളുകളുടെ എണ്ണത്തിൽ 4-4ന് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും എവേ ഗോളുകളുടെ എണ്ണത്തിൽ മുന്നിട്ട് നിന്നതിലൂടെ സെമിയിലെത്തിയത് റോമയായിരുന്നു.

ബാഴ്സലോണ vs പിഎസ്ജി, 2016-2017

ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നേരിടുന്ന രണ്ടാമത്തെ അട്ടിമറിയായിരന്നു ഇന്നലത്തേത്. 2016-17 സീസണിൽ പ്രീക്വാർട്ടറിലായിരുന്നു പിഎസ്ജിക്ക് തിരിച്ചടി കിട്ടിയത്. അന്ന് സ്വന്തം തട്ടകത്തിൽ പിഎസ്ജി ബാഴ്സലോണയെ 4-0ന് പരാജയപ്പെടുത്തി. ആദ്യ പാദത്തിൽ തന്നെ നേടിയ 4 ഗോളിന്റെ ലീഡ് പിഎസ്ജിയുടെ ക്വാർട്ടർ സ്വപ്നങ്ങൾ സജീവമാക്കി.

എന്നാൽ രണ്ടാം പാദത്തിൽ കണ്ടത് ബാഴ്സയുടെ അവിശ്വസനീയ കുതിപ്പായിരുന്നു. 6-1നാണ് രണ്ടാം പാദത്തിൽ ബാഴ്സ പിഎസ്ജിയെ പരാജയപ്പെടുത്തിയത്. ബാഴ്സയുടെ അവിശ്വസനീയ കുതിപ്പിന് നേതൃത്വം നൽകിയത് നിലവിലെ പിഎസ്ജി സ്റ്റാർ സ്ട്രൈക്കർ നെയ്മറായിരുന്നു. 87-ാം മിനിറ്റ് വരെ 3-1ന്റെ ലീഡായിരുന്നു ബാഴ്സയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ അതിവേഗം രണ്ട് ഗോളുകൾ കണ്ടെത്തി നെയ്മർ ആകെ ഗോളിൽ ഒപ്പത്തിനൊപ്പം പിടിച്ചു. സെർജി റോബോർട്ടോ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ബാഴ്സ വിജയിക്കുകയും ചെയ്തു.

മോണാക്കോ vs റയൽ മാഡ്രിഡ്, 2003-2004

സ്‌പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനും ചാമ്പ്യൻസ് ലീഗിൽ അടിതെറ്റിയിട്ടുണ്ട്. 2003-2004 സീസണിൽ ക്വാർട്ടർ ഫൈനലിലായിരുന്നു കൈയ്യെത്തും ദൂരത്തെ സെമി റയലിന് നഷ്ടമായത്. ആദ്യ പാദത്തിൽ റയലിന്റെ 4-2നായിരുന്നു. ഫ്രഞ്ച് ടീമായ മോണാക്കോ തിരിച്ചടിച്ചത് രണ്ടാം പാദത്തിലായിരുന്നു. 3-1 ന് റയലിനെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തി.

ഇതോടെ ആകെ ഗോളുകളുടെ എണ്ണത്തിൽ ഇരു ടീമുകളും 5-5ന് സമനില പിടിച്ചു. എവേ ഗോളുകളുടെ എണ്ണത്തിൽ മോണാക്കോ അടുത്ത ഘട്ടത്തിലേയ്ക്ക് നീങ്ങുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook