മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ടീമുകൾ സെമി ഫൈനലിൽ. അത്ലറ്റിക്കോ മാഡ്രിഡിനോട് സമനില വഴങ്ങിയ സിറ്റിക്കും ബെൻഫിക്കയോട് സമനില വഴങ്ങിയ ലിവർപൂളിനും തുണയായത് ആദ്യ പാദത്തിലെ ജയമാണ്. ഇവരുടെ ജയത്തോടെ സെമിഫൈനൽ ലൈനപ്പായി.
അഗ്രിഗേറ്റ് സ്കോറിൽ നാലിനെതിരെ ആറ് ഗോളിനാണ് ലിവർപൂളിന്റെ ജയം. ആൻഫീൽഡിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഇരുടീമുകളും മൂന്ന് ഗോളുകൾ വീതം നേടി. റോബർട്ടോ ഫിർമിനോ ലിവർപൂളിനായി ഇരട്ട ഗോൾ നേടി. ഒന്നിനെതിരെ മൂന്ന് ഗോളിന് മുന്നിലെത്തിയ ശേഷമാണ് ലിവർപൂൾ സമനില വഴങ്ങിയത്. സെമിയിൽ വിയ്യാറയലാണ് ലിവർപൂളിന്റെ എതിരാളികൾ. ബയേൺ മ്യൂണിക്കിനെ അട്ടിമറിച്ചാണ് വിയ്യാറയൽ സെമിയിലെത്തിയത്.
മാഡ്രിഡിൽ നടന്ന അത്ലറ്റികോ മാഡ്രിഡ് – മാഞ്ചസ്റ്റർ സിറ്റി മത്സരം സമനിലയിലാണ് കലാശിച്ചത്. ആദ്യ പാദത്തിൽ 1-0ന് നേടിയ വിജയമാണ് സിറ്റിയെ സെമിയിൽ എത്തിച്ചത്. റയൽ മാഡ്രിഡിനെയാണ് സെമിയിൽ സിറ്റി നേരിടുക. ചെൽസിയെ തോൽപിച്ചാണ് റയൽ സെമി ബർത്ത് സ്വന്തമാക്കിയത്.
Also Read: ചാമ്പ്യൻസ് ലീഗ്: ജയിച്ചിട്ടും പുറത്തായി ചെൽസി; റയലും വിയ്യാറയലും സെമിയിൽ