തന്നാലാകുന്നതെല്ലാം മെസി ചെയ്തെങ്കിലും ഒരിക്കൽ കൂടി രക്ഷകന്റെ വേഷത്തിൽ അവതരിക്കാൻ മിശിഹായ്ക്ക് സാധിച്ചില്ല. ചാംപ്യൻസ് ലീഗിൽ ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനോട് അടിയറവ് പറഞ്ഞ് ബാഴ്സലോണ. ഒടുവിൽ ഒരു കാഴ്ചക്കാരനെ പോലെ ചാംപ്യൻസ് ലീഗ് കിരീടവും തന്നിൽ നിന്ന് അകലുന്നത് അദ്ദേഹം കണ്ടുനിന്നു. 2നെതിരെ എട്ട് ഗോളുകൾക്കായിരുന്നു ലിസ്ബണിൽ ബയേണിന്റെ വിജയം.

ചാംപ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ബാഴ്സയുടെ ഏറ്റവും നാണംകെട്ട തോൽവിക്കാണ് ലിസ്ബൺ വേദിയായത്. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ബാഴ്സ വല ചലിപ്പിച്ച മുള്ളർ വരാനിരിക്കുന്ന വിപത്തിന്റെ സൂചന ബാഴ്സയ്ക്ക് നൽകിയതാണ്. ഏഴാം മിനിറ്റിൽ ഡേവിഡ് ആൽബയുടെ ഓൺഗോൾ ബാഴ്സയുടെ സ്കോർബോർഡും ചലിപ്പിച്ചെങ്കിലും ബയേണിന്റെ ആ പിഴവിന് പോലും ബാഴ്സയെ രക്ഷിക്കാനായില്ല.

ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ കൂടി ചേർത്ത് ബയേൺ സർവ്വാധിപത്യം ഉറപ്പിച്ചു. 21-ാം മിനിറ്റിൽ ഇവാൻ പെരിസിച്ചും 27-ാം മിനിറ്റിൽ സെർജ് ഗ്നാബറിയും 31-ാം മിനിറ്റിൽ വീണ്ടും മുള്ളറും ബാഴ്സ ഗോൾമുഖത്തേക്ക് ഇരച്ചുകയറി ലക്ഷ്യം കണ്ടു.

ബാഴ്സയുടെ ആദ്യ ഗോളിനായി മത്സരത്തിന്റെ 57-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു ആരാധകർക്കും താരങ്ങൾക്കും. സൂപ്പർ താരം ലൂയി സുവാരസിന്റെ വകെയായിരുന്നു ബാഴ്സയുടെ ആശ്വാസ ഗോൾ. പത്ത് ഗോളുകൾ പിറന്ന മത്സരത്തിൽ ഒരു ബാഴ്സ താരം നേടിയതും ഈ ഒരൊറ്റ ഗോൾ.

രണ്ടാം പകുതിയിൽ ജോഷ്യാ കിമ്മിച്ചിന്റെ വകയായിരുന്നു ബയേൺ മ്യൂണിച്ചിന്റെ ആദ്യ ഗോൾ. ഇതോട അഞ്ച് ഗോളുകൾ നേടിയ ബയേൺ മത്സരത്തിൽ വിജയം ഉറപ്പിച്ചിരുന്നു. സൂപ്പർ താരം ലെവൻഡോസ്ക്കി ഗോൾ പട്ടിക ആറാക്കി. എന്നാൽ അതുകൊണ്ടും അവസാനിപ്പിക്കാൻ ജർമ്മൻ പോരാളികൾ തയ്യാറായിരുന്നില്ല. ആദ്യ പകുതിയിലെ ഗോൾ സ്കോറർമാരെ പിൻവലിച്ചതോടെ കളത്തിലെത്തിയ ഫിലിപ്പെ കുട്ടിഞ്ഞോ അവസാന മിനിറ്റുകളിൽ നിറഞ്ഞാടി. 85, 89 മിനിറ്റുകളിലായി രണ്ട് ഗോളുകളാണ് മുൻ ബാഴ്സ താരം കൂടിയായ കുട്ടിഞ്ഞോ നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook