കീവ്: ഉക്രേനിയന്‍ തലസ്ഥാനമായ കീവില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മൽസരങ്ങള്‍ക്ക് പന്തുരുളുമ്പോള്‍ ലോകത്തെ ഏറ്റവും മികച്ച ക്ലബ് ഏതെന്നുള്ള തീരുമാനത്തിനായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാകും ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍. സിദാന്‍ എന്ന മികവുറ്റ പരിശീലകന് കീഴില്‍ കിരീടം നിലനിര്‍ത്താനാകും റയല്‍ മാഡ്രിഡ് നോക്കുന്നത് എങ്കില്‍ ഹ്യൂഗന്‍ ക്ലോപ് എന്ന തന്ത്രശാലിയായ പരിശീലകനില്‍ വിശ്വാസമര്‍പ്പിച്ചാകും ലിവര്‍പൂളിന്റെ ചെമ്പട ഇറങ്ങുക. രണ്ട് ലീഗുകളിലെ വമ്പന്മാരുടെ കൊമ്പുകോര്‍ക്കല്‍ എന്നതോടൊപ്പം തന്ത്രങ്ങളുടെയും കൂടി മൽസരമാവാന്‍ പോവുകയാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍.

സീസണിലുടനീളം പരുക്കിന്റെ പിടിയിലായിരുന്ന വെല്‍സ് സ്ട്രൈക്കര്‍ ഗ്യാരത് ബെയ്‌ലിന്റെ മടങ്ങിവരവാണ് സിദാന് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യം. കഴിഞ്ഞ നാല് ലാ ലിഗ മൽസരങ്ങളിലായി അഞ്ച് ഗോള്‍ നേടാനും സാധിച്ച ബെയ്‌ല്‍ ആദ്യ ഇലവനില്‍ തന്നെ ഇടംനേടാന്‍ സാധ്യതയുണ്ട്. സൂപ്പര്‍താരം റൊണാള്‍ഡോയ്ക്കൊപ്പം ബെയ്‌ലിനെയും അണിനിരത്തിയാല്‍ റയലിന്റെ മുന്നേറ്റനിരയുടെ വേഗത ഏത് പ്രതിരോധ കോട്ടയ്ക്കും വെല്ലുവിളിയാകും.

കീവിലെത്തിയ റയല്‍ ആരാധകര്‍

സെന്‍റര്‍ ഫോര്‍വേഡ് കരീം ബെന്‍സീമയെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്താന്‍ പരിശീലകന്‍ സിദാന്‍ തയ്യാറാകുമോ എന്ന് കണ്ട് തന്നെ അറിയണം. ബെന്‍സീമ ഉണ്ട് എങ്കില്‍ പരമ്പരാഗത 4-3-3 ശൈലിയില്‍ തന്നെയാവും റയലും ഇറങ്ങുക. അല്ലാത്ത പക്ഷം അസാന്‍സിയോയോ ഇസ്കോയോ ഫാള്‍സ് 9, അറ്റാക്കിങ് മിഡ്ഫീല്‍ഡ് റോളില്‍ റയല്‍ മുന്നേറ്റങ്ങള്‍ക്ക് കരുത്തേകും. ലിവര്‍പൂളിനുമേല്‍ പൂര്‍ണമായും മുന്‍തൂക്കമുള്ള ഒരു മധ്യനിരയാണ് റയലിന്റെ കരുത്ത്. ടോണി ക്രൂസും ലൂക്കാ മോര്‍ഡ്രികും ഇരു വിങ്ങുകളിലും വിന്യസിക്കുമ്പോള്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കസേമിറോയ്ക്ക് നറുക്ക് വീഴാനുള്ള സാധ്യത ഏറെയാണ്‌. ലിവര്‍പൂള്‍ മുന്നേറ്റത്തിന്റെ മുനയൊടിക്കാന്‍ ബ്രസീലിയന്‍ താരത്തിന്റെ ടാക്കിളുകളിലാകും സിദാന്‍ വിശ്വാസമര്‍പ്പിക്കുക.

പ്രവചനീയമായ പ്രതിരോധനിര തന്നെയാണ് റയലിന്‍റേത്. മാര്‍സലോയും കാര്‍വഹാളും വിങ് ബാക്കുകള്‍ ആവുമ്പോള്‍ സെന്റര്‍ ബാക്കായി നായകന്‍ സെര്‍ജിയോ റാമോസിനൊപ്പം അണിനിരക്കുക റാഫയേല്‍ വരാണെയാകും. നവാസ് തന്നെയാകും റയല്‍ ഗോള്‍കീപ്പര്‍.

വേഗതയും കരുത്തും കൈമുതലാക്കിയ റയലിനെ തളക്കാന്‍ 4-3-3 ഫോര്‍മേഷനാകും ക്ലോപ് തിരഞ്ഞെടുക്കുക. സാദിയോ മാനെയും ഫെര്‍മിനോയും മുഹമ്മദ്‌ സലാഹ്‌യും അണിനിരക്കുന്ന ലോക ഫുട്ബോളിലെ ഏറ്റവും കരുത്തുറ്റ മുന്നേറ്റനിരയുമായാണ് ലിവര്‍പൂള്‍ ഇറങ്ങുന്നത്. മില്‍നറും ആന്‍ഡേഴ്സനും വിനാല്‍ഡമും അണിനിരക്കുന്ന മധ്യനിരയെയാകും ലിവര്‍പൂള്‍ ഇറക്കുക. പരുക്കേറ്റ അലക്സിസ് ചാമ്പര്‍ലെയ്നിന്റെ വിടവ് ചെമ്പടയില്‍ പ്രകടമാണ്. റയലിന്റെ കരുത്തുറ്റ മധ്യനിരയുടെ അപ്രമാദിത്വമാകും ജര്‍മന്‍ പരിശീലകന് ഏറ്റവും ഭീഷണി ഉയര്‍ത്തുക. റോബര്‍ട്ട്സണ്‍, വാന്‍ ഡിജിക്, ലോവ്‌റന്‍, അലക്സ് ആര്‍ണോള്‍ഡ് എന്നിവര്‍ പ്രതിരോധത്തിന്റെ ചുമതല നോക്കുമ്പോള്‍ കാരിയസ് ആവും ലിവര്‍പൂളിന്റെ വല കാക്കുക.

ബയേണും യുവന്‍റസുമടക്കമുള്ള വന്‍ കരുത്തുകളെ പരാജയപ്പെടുത്തിയാണ് റയല്‍ മാഡ്രിഡ് ഫൈനലില്‍ എത്തുന്നത് എങ്കില്‍ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് നേരിടേണ്ടിവന്ന ഏറ്റവും കരുത്തുറ്റ ടീം എഎസ് റോമയാണ്. ലാ ലിഗയിലെ കിരീടം നഷ്ടമായ സിദാനെ സംബന്ധിച്ച് ചാമ്പ്യന്‍സ് ലീഗ് നിലനിര്‍ത്തുകയെന്നത് അഭിമാന പ്രശ്നമാണ്. ഒരു കപ്പ് പോലും ലഭിക്കാത്ത ഒരു വര്‍ഷം എന്നത് സിദാന്‍ എന്ന പരിശീലകന്റെ തന്നെ പരാജയമായാവും വിലയിരുത്തുക.

ലിവര്‍പൂളിനെ സംബന്ധിച്ചിടത്തോളം മെച്ചപ്പെട്ട വര്‍ഷമാണ്‌ ഇത് എങ്കിലും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു കപ്പ് പോലും നേടാനായില്ല എന്ന ഭാഗ്യക്കേട് പിന്തുടരുന്നുണ്ട്. ലിവര്‍പൂളിനെ ഫുട്ബോള്‍ ലീഗ് കപ്പിന്റെയും യൂറോപ്പ ലീഗിന്റെയും ഫൈനല്‍ വരെ എത്തിച്ചുവെങ്കിലും തലനാരിഴയ്ക്കാണ് ക്ലോപ്പിന് ഇരു കപ്പുകളും നഷ്ടമായത്. 2013ല്‍ ഡോര്‍ട്ട്മുണ്ടിനോടൊപ്പം നഷ്ടമായ ചാമ്പ്യന്‍സ് ലീഗ് കിരീടവും ക്ലോപ്പിനെ അലട്ടും.

ഇന്റര്‍ മിലാനോട്‌ മൂന്ന് ഗോള്‍ വഴങ്ങിയ ശേഷം തിരിച്ചു വന്ന് കിരീടം ഉയര്‍ത്തിയ 2005ലെ ഫൈനലാണ് ലിവര്‍പൂളിന്റെ അവസാന ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ അനുഭവം. സിദാനും റയലിനും എന്നപോലെ ക്ലോപ്പിനും ലിവര്‍പൂളിനും ഇതൊരു ജീവന്മരണ പോരാട്ടമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ