ഐപിഎല്ലിന്റെ തുടക്കത്തില്‍ സ്റ്റേഡിയത്തില്‍ കാണികളെ അനുവദിക്കില്ല. ടി20 ടൂര്‍ണമെന്റിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ക്കുവേണ്ടി ബിസിസിഐ തയ്യാറാക്കിയ മറ്റു മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. സ്റ്റുഡിയോയില്‍ കമന്റേറ്റര്‍മാര്‍ ആറ് അടി അകലം പാലിച്ച് ഇരിക്കും, ഡഗൗട്ടില്‍ ആളുകളെ എണ്ണം കുറയ്ക്കും, ഡ്രസ്സിങ് മുറിയില്‍ 15-ല്‍ അധികം താരങ്ങളെ അനുവദിക്കില്ല. കൂടാതെ, എല്ലാ താരങ്ങളേയും രണ്ടാഴ്ചയ്ക്കിടെ നാല് കോവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കും.
സെപ്തംബറിലും നവംബറിലുമായി യുഎഇയിലാണ് ഈ വര്‍ഷത്തെ ഐപിഎല്‍ നടക്കുന്നത്.
ഐപിഎല്‍ 13-ാം സീസണ്‍ യുഎഇയില്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ അനുമതിക്കായി ബിസിസിഐ കാത്തുനില്‍ക്കുകയാണ്. അതേസമയം, ബിസിസിഐയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാമെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് സമ്മതിച്ചിട്ടുണ്ട്.
ബയോ-ബബിള്‍ എന്ന് നിര്‍വചിച്ചിട്ടുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കളിക്കാര്‍ മാത്രമല്ല ഭാര്യമാരും കാമുകിമാരും ഫ്രാഞ്ചൈസി ഉടമകളും എല്ലാം പാലിക്കണമെന്ന് ഒരു ബിസിസിഐ ഭാരവാഹി ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
“അവര്‍ ബയോ-ബബിളിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അത് ആര്‍ക്കും പൊട്ടിക്കാനാകില്ല.” കൂടാതെ, പൊട്ടിച്ചവര്‍ക്ക് തിരികെ പ്രവേശിക്കാനും കഴിയില്ലെന്ന് ഭാരവാഹി പറഞ്ഞു.
“താരങ്ങള്‍ക്കൊപ്പം ഭാര്യമാരും കാമുകിമാരും കുടുംബാംഗങ്ങളും യാത്ര ചെയ്യണമോ വേണ്ടയോ എന്ന് ബിസിസിഐ തീരുമാനിച്ചിട്ടില്ല. ആ തീരുമാനം ഫ്രാഞ്ചൈസികള്‍ക്ക് വിട്ടു നല്‍കി. പക്ഷേ, എല്ലാവര്‍ക്കും വേണ്ടി ഒരു പ്രോട്ടോക്കോള്‍ നമ്മള്‍ നടപ്പിലാക്കണം. ടീമിന്റെ ബസ് ഡ്രൈവറെ പോലും ബയോ ബബിളിന് പുറത്ത് വിടാന്‍ സാധിക്കുകയില്ല,” ഭാരവാഹി പറഞ്ഞു.
അടുത്തയാഴ്ച നടക്കുന്ന യോഗത്തിനുശേഷം മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഫ്രാഞ്ചൈസികള്‍ക്ക് കൈമാറും. അവര്‍ക്ക് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ബോര്‍ഡ് അത് ചര്‍ച്ച ചെയ്യും.
ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പുള്ള രണ്ടാഴ്ച്ചയില്‍ താരങ്ങള്‍ നാല് കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. രണ്ട് പരിശോധനകള്‍ ഇന്ത്യയില്‍ വച്ചും രണ്ടെണ്ണം യുഎഇയില്‍ എത്തിയശേഷവും ചെയ്യും.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയ്ക്കുവേണ്ടി ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാക്കിയ ചട്ടങ്ങളുടെ ചുവട് പിടിച്ചാണ് ബിസിസിഐയും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
താമസിക്കാനായി അനുവദിച്ച ഹോട്ടലുകള്‍ ടൂര്‍ണമെന്റിനിടയില്‍ മാറാനും സാധിക്കുകയില്ല.
യാത്രയ്ക്കും താമസ സൗകര്യത്തിനുമായുള്ള തയ്യാറെടുപ്പുകള്‍ ചെയ്യാന്‍ ബിസിസിഐ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ബുക്കിങ് ചെയ്യുമ്പോള്‍ ഇളവുകള്‍ ലഭിക്കുന്നതിന് ബിസിസിഐ സഹായിക്കും.
Read Also: യുഎഇയിലെ ഐപിഎല്‍; ബിസിസിഐ ലാഭിക്കുന്നത് 3000 കോടി രൂപ
കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയ കേറ്ററിങ് ജീവനക്കാരെ മാത്രമേ ഹോട്ടലിനും ഡ്രസിങ് റൂമിനും മറ്റും പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ.
മത്സരം സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ക്കും മാച്ച് ഒഫീഷ്യല്‍സിനും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൈമാറും.
ടൂര്‍ണമെന്റ് ആരംഭിക്കുമ്പോഴേക്കും യുഎഇയിലെ കോവിഡ് കര്‍വ് നേര്‍ രേഖയില്‍ ആകുമെന്നാണ് പ്രതീക്ഷ. അതിനാല്‍, സ്റ്റേഡിയത്തില്‍ കുറച്ച് ആരാധകരെ കളി കാണാന്‍ പ്രവേശിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ടെന്ന് ബിസിസിഐ ഭാരവാഹി പറഞ്ഞു. “പക്ഷേ, ഒരു റിസ്‌കും ബിസിസിഐ എടുക്കില്ല.” ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മത്സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹി പറഞ്ഞു.
ബുധനാഴ്ച്ച യുഎഇയില്‍ 375 പുതിയ കേസുകള്‍ സ്ഥിരീകരിച്ചുവെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ 59,921 പേര്‍ക്കാണ് രോഗം ബാധിച്ചത്. 53,202 പേര്‍ക്ക് രോഗമുക്തിയും ലഭിച്ചു.
Read in English: IPL in time of Covid: No fans, 4 tests in two weeks for players