ഓക്‌ലൻഡ്: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മൽസരത്തിൽ കരുത്തരായ ഓസ്ട്രേലിയയെയാണ് ഇന്ത്യ തകർത്തത്. 100 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 328​ റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 42.5 ഓവറിൽ 228 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യക്കായി 94 റൺസ് നേടിയ പൃഥ്വി ഷായാണ് കളിയിലെ താരം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആക്രമണ​ ശൈലിയിൽ ബാറ്റ് വീശിയ പൃഥ്വി ഷായും മൻജോത് കൽറയും ഓസ്ട്രേലിയൻ ബോളർമാരെ വേട്ടയാടി. സച്ചിൻ തെൻഡുൽക്കറുടെ ഷോട്ടുകളെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് പൃഥ്വി ഷാ കാഴ്ചവച്ചത്. ഒന്നാംവിക്കറ്റിൽ ഇരുവരും ചേർന്ന് 180 റൺസാണ് അടിച്ച് കൂട്ടിയത്. 100 പന്തിൽ 94 റൺസ് എടുത്ത പൃഥ്വിയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. സതേർലൻഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഹോൾട്ടിന് ക്യാച്ച് നൽകിയാണ് പൃഥ്വിയുടെ മടക്കം. 8 ഫോറും 2 സിക്സറുകളും അടങ്ങുന്നതായിരുന്നു ​ഇന്ത്യൻ നായകന്റെ ഇന്നിങ്സ്.

രണ്ടാം വിക്കറ്റിൽ ഒന്നിച്ച വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും മൻജോതും ഓസ്ട്രേലിയൻ ബോളർമാരോട് കരുണ കാട്ടിയില്ല. 99 പന്തിൽ 86 റൺസാണ് മൻജോത് നേടിയത്. 64 പന്തിൽ 63 റൺസാണ് ശുഭ്മാൻ ഗിൽ നേടിയത്. ഓസ്ട്രേലിയൻ ഫീൽഡർമാരുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 5 ക്യാച്ചുകളാണ് ഓസ്ട്രേലിയൻ ഫീൽഡർമാർ കൈവിട്ടത്.

ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്കും മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർ ജാക്ക് എഡ്വേഡ്സും മാക്സ് ബ്രയന്റും ആദ്യ വിക്കറ്റിൽ 57 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ 29 റൺസ് എടുത്ത മാക്സ് ബ്രയന്റിനെ വീഴ്ത്തി നഗർകോറ്റി ​ഈ കുട്ടുകെട്ട് പിരിച്ചു. പിന്നീട് കൃത്യമായ ഇടവേളകളിൽ ഓസ്ട്രേലലിയക്ക് വിക്കറ്റുകൾ നഷ്ടമായി. 73 റൺസ് എടുത്ത ജാക്ക് എഡ്വേഡ്സ് മാത്രമാണ് ഓസ്ട്രേലിയക്ക് വേണ്ടി പൊരുതിയത്.

ഇന്ത്യക്കായി ശിവം മാവി, കമലേഷ് നാഗർകോറ്റി എന്നിവർ 3 വിക്കറ്റുകൾ വീതം വീഴ്ത്തി. ജയത്തോടെ ഇന്ത്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തി. സിംബാവെ, പപ്പുവ ന്യൂഗിനി എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ