ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ലോകത്ത് പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഫീൽഡറെ തടസ്സപ്പെടുത്തിയതിന്റെ പേരിൽ ദക്ഷിണാഫ്രിക്കൻ താരത്തിന് ഔട്ട് വിധിച്ച അംപയറുടെ നടപടിയാണ് വിവാദത്തിലായത്. വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുളള മൽസരത്തിനിടെയായിരുന്നു സംഭവം.

അണ്ടർ 19 ലോകകപ്പിലെ ഗ്രൂപ്പ് എ മൽസരത്തിലാണ് വെസ്റ്റ് ഇൻഡീസ് ഫീൽഡറെ തടസ്സപ്പെടുത്തിയതിന്റെ പേരിൽ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ജീവേശൻ പിളളയെ അംപയർ പുറത്താക്കിയത്. ഫീൽഡറെ തടസ്സപ്പെടുത്തിയാൽ ഔട്ട് വിധിക്കാനുള്ള അധികാരം അംപയർക്കുണ്ട്. ഇതുപയോഗിച്ചാണ് അംപയർ ജീവേശനെ പുറത്താക്കിയത്.

ദക്ഷിണാഫ്രിക്ക 17 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എത്തിനിൽക്കുകയായിരുന്നു. പന്ത് അടിച്ചുവിടാനുളള ശ്രമം പരാജയപ്പെട്ടതോടെ ജീവേശൻ സ്റ്റംപിന് അടുത്തേക്ക് നീങ്ങി. ഇതിനിടയിൽ സമീപത്ത് എത്തിയ ബാറ്റ് കൊണ്ട് തടയാൻ ശ്രമിക്കുകയും അതിനുശേഷം പന്ത് കൈയ്യിലെടുത്ത് വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എമ്മാനുവൽ സ്റ്റ്യുവാർട്ടിനു നൽകുകയും ചെയ്തു. ഇതോടെ ജീവേശനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിൻഡീസ് താരം അപ്പീൽ ചെയ്തു. ഫീൽഡ് അംപയർ തീരുമാനം തേർഡ് അംപയറിനു വിട്ടു. തേർഡ് അംപയർ വിക്കറ്റ് നൽകുകയും ചെയ്തു.

വിൻഡീസ് താരങ്ങളുടെയും അംപയറുടെയും നടപടിയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ