scorecardresearch

Latest News

അണ്ടർ-19 ലോകകപ്പ്: കോവിഡിനോട് പോരാടി ഫൈനൽ വരെ; ഇന്ത്യൻ ടീമിന്റെ വിജയക്കുതിപ്പ്

ടീമിലെ കോവിഡ് ബാധ മൂലം ഫിറ്റ് ആയ 11 കളിക്കാരെ തിരഞ്ഞെടുക്കാൻ പോലും കഴിയാത്ത സാഹചര്യം ടീമിനുണ്ടായിരുന്നു

Under 19, India

തുടർച്ചയായ നാലാം തവണയും ഐസിസി അണ്ടർ 19 ലോകകപ്പിന്റെ ഫൈനലിൽ എത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം. സെമിഫൈനലിൽ കരുത്തരായ ഓസ്‌ട്രേലിയയെ തകർത്താണ് ഇന്ത്യ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. സെഞ്ചുറിയുമായി ക്യാപ്റ്റൻ യാഷ് ദുൾ മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ 96 റൺസിനായിരുന്നു നീലപ്പടയുടെ വിജയം.

ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന കങ്കാരുപ്പട 194 റൺസിന് പുറത്താവുകയായിരുന്നു. ഏഴ് വിക്കറ്റുകളുമായി കളം നിറഞ്ഞ ഇന്ത്യൻ സ്പിന്നർമാർക്കുമുന്നിൽ ഓസ്ട്രലിയൻ ബാറ്റർമാർ അടിയറവ് പറയുകയായിരുന്നു. 42 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത വിക്കി ഓസ്റ്റ്വാൾ ബൗളിങ്ങിൽ തിളങ്ങി. ഇന്ത്യൻ നായകന്‍ യാഷ് ദുള്ളിന്റെ സെഞ്ചുറി (110) യുടേയും ഷായ്ക് റഷീദിന്റെ (94) മികവിന്റേയും ബലത്തില്‍ 290 റണ്‍സാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ കുറിച്ചത്.

എന്നാൽ ഇന്ത്യൻ ടീമിന് അത്ര എളുപ്പമായിരുന്നില്ല ഈ ഫൈനലിലേക്കുള്ള യാത്ര. ടീമിലെ കോവിഡ് ബാധ മൂലം ഫിറ്റ് ആയ 11 കളിക്കാരെ തിരഞ്ഞെടുക്കാൻ പോലും കഴിയാത്ത സാഹചര്യം ടീമിനുണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് ഇന്ത്യ ഏറ്റവും ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ടൂർണമെന്റിലെ അവരുടെ ഇതുവരെയുള്ള യാത്രയുടെ ഒരു ഹ്രസ്വ അവലോകനം ഇതാ.

ഇന്ത്യയുടെ ഫൈനലിലേക്കുള്ള യാത്ര:

ആദ്യ മത്സരം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 82 റൺസ് നേടിയ ധൂളിന്റെ കരുത്തിൽ 232 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 187 റൺസിൽ ഒതുങ്ങി. മത്സരത്തിൽ 45 റൺസിനയിരുന്നു ഇന്ത്യയുടെ ജയം.

രണ്ടാം മത്സരം

അയർലൻഡിനെതിരായ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ ഹർനൂർ സിംഗ്, ആംഗ്രിഷ് രഘുവംശി എന്നിവരുടെ ബാറ്റിങ് മികവിൽ ഇന്ത്യ 307 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് 133 റൺസിന് തകർന്നടിഞ്ഞപ്പോൾ, ഇന്ത്യ 174 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കി.

മൂന്നാം മത്സരം

ഉഗാണ്ടയ്‌ക്കെതിരെ ആയിരുന്നു മത്സരം, 162 റൺസ് നേടി അണ്ടർ 19 ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന റെക്കോർഡ് സ്വന്തമാക്കിയ രാജ് ബാവയുടെ മികവിൽ ഇന്ത്യൻ ടീം 405 റൺസ് എന്ന കൂറ്റൻ സ്‌കോർ നേടി. മറുപടി ബാറ്റിങ്ങിൽ ഉഗാണ്ട 79 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യ 326 റൺസിന്റെ റെക്കോർഡ് വിജയം സ്വന്തമാക്കി. ബാറ്റിങ്ങിൽ ശിഖർ ധവാന്റെ റെക്കോർഡാണ് രാജ് ഭാവ തകർത്തത്.

ക്വാർട്ടർ ഫൈനൽ

ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെതി ബാറ്റിങിനയച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി കുമാറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ബൗളർമാർ ബംഗ്ലാദേശിനെ തകർത്തു. അവർ വെറും 111 റൺസിൽ ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 30.5 ഓവറിൽ ലക്ഷ്യം കണ്ടു. അഞ്ച് വിക്കറ്റിന്റെ അനായാസ ജയം നേടി.

Also Read: അണ്ടര്‍ 19 ലോകകപ്പ്: കങ്കാരുപ്പടയും കടന്ന് ഇന്ത്യ ഫൈനലില്‍

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: U 19 world cup india road to final