അണ്ടര്‍ 19 ലോകകപ്പില്‍ തുടര്‍ജയങ്ങളുമായി ഇന്ത്യ സൂപ്പര്‍ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ അയര്‍ലന്‍ഡിനെ 174 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 307 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് 133 റണ്‍സിന് പുറത്തായി. ടോപ് സ്കോററായ ഹര്‍ണൂര്‍ സിങ്ങാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ അങ്ക്രിഷ് രഘുവന്‍ഷിയും ഹര്‍ണൂര്‍ സിങ്ങും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 164 റണ്‍സാണ് ചേര്‍ത്തത്. 79 പന്തില്‍ 79 റണ്‍സെടുത്ത രഘുവന്‍ഷി പുറത്തായെങ്കിലും ഹര്‍ണൂര്‍ ക്രീസില്‍ തുടര്‍ന്നു. 10 ഫോറും രണ്ട് സിക്സും ഉള്‍പ്പെട്ടതായിരുന്നു രഘുവന്‍ഷിയുടെ ഇന്നിങ്സ്.
സ്കോര്‍ 195 ല്‍ എത്തിനില്‍ക്കെയാണ് ഹര്‍ണൂര്‍ മടങ്ങിയത്. 101 പന്തുകള്‍ നേരിട്ട ഹര്‍ണൂര്‍ 88 റണ്‍സാണ് നേടിയത്. 12 ഫോറുകളാണ് ഇന്നിങ്സില്‍ ഉള്‍പ്പെട്ടത്. പിന്നാലെയെത്തിയ രാജ് ബാവയും (42), നിഷാന്ത് സിന്ധു (36) എന്നിവരും മികച്ച രീതിയില്‍ ബാറ്റ് വീശി. എന്നാല്‍ 17 പന്തില്‍ 39 റണ്‍സെടുത്ത് വെടിക്കെട്ട് ബാറ്റിങ് കാഴ്ച വച്ച രാജവര്‍ധന്‍ ഹങ്ങാര്ക്കറാണ് സ്കോര്‍ 300 കടത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് ഒരു ഘട്ടത്തില്‍ പോലും ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ അനുവദിച്ചില്ല. ഇന്ത്യയ്ക്കായി അനീഷ്വര്‍ ഗൗതം, കൗശാല്‍ താമ്പെ, ഗര്‍വ് സാങ്ക്വാന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ജയത്തോടെ ബി ഗ്രൂപ്പില്‍ ഇന്ത്യ ഒന്നാമതെത്തി. ഉഗാണ്ടയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Also Read: IND vs SA: മധ്യനിര തകര്‍ന്നു; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി