കോളംബോ: ശ്രീലങ്കയിൽ നടന്ന എസിസി അണ്ടർ 19 ഏഷ്യ കപ്പ് കിരീടം നിലനിർത്തി ഇന്ത്യ. ബംഗ്ലാദേശിനെതിരായ കലാശപോരാട്ടത്തിൽ അഞ്ച് റൺസിനായിരുന്നു ഇന്ത്യൻ ജയം. ഇത് ഏഴാം തവണയാണ് ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കുന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 106 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ അതേ നാണയത്തിൽ തിരിച്ചടിച്ച ഇന്ത്യ ബംഗ്ലാദേശിനെ 101 റൺസിന് പുറത്താക്കുകയായിരുന്നു. ആദ്യ നാല് വിക്കറ്റിൽ മൂന്നും സ്വന്തമാക്കിയ ആകാശ് സിങ്ങാണ് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കു വഹിച്ചത്.

തകർച്ചയോടെയായിരുന്നു ഇന്ത്യൻ തുടക്കം. ഇന്ത്യൻ നിരയിൽ മൂന്ന് താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്. നായകൻ ധ്രൂവ് ജൂറലിന്റെയും ഓൾറൗണ്ടർ കരൺ ലാലിന്റെയും പ്രകടനമാണ് ഇന്ത്യയെ 106 റൺസിലെത്തിച്ചത്. ധ്രൂവ് 33 റൺസും കരൺ 37 റൺസും നേടി.

മറുപടി ബാറ്റിങ്ങിൽ ടീം സ്കോർ 16ൽ എത്തിയപ്പോൾ നാല് ബംഗ്ലാ താരങ്ങളെ കൂടാരം കയറ്റി ഇന്ത്യ ലക്ഷ്യം വ്യക്തമാക്കി. എന്നാൽ മ്രിട്ടുൻജോയിയും നായകൻ അക്ബർ അലിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇടയ്ക്ക് മഴ വില്ലനായി. നിർത്തിവച്ച മത്സരം പുനരാരംഭിച്ചത് ഇന്ത്യക്ക് അനുകൂലമായിട്ടായിരുന്നു എന്ന് പറയാം. എന്നാൽ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് വരെ ഇന്ത്യക്ക് വെല്ലുവിളി ഉയർത്തി. ഒടുവിൽ അഞ്ച് റൺസിന്റെ നാടകീയ ജയത്തോടെ ഇന്ത്യ ഏഴാം തവണയും കിരീടം സ്വന്തമാക്കി.

ഏറ്റവും കൂടുതൽ തവണ ഏഷ്യ കപ്പ് സ്വന്തമാക്കിയ ടീമാണ് ഇന്ത്യ. ഏഴ് തവണയാണ് ഇന്ത്യയുടെ ജൂനിയർ ടീം ഏഷ്യൻ ചാമ്പ്യന്മാരായത്. ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും മാത്രമാണ് ഏഷ്യ കപ്പ് സ്വന്തമാക്കിയിട്ടുള്ളത്.

Read Here: ‘ബൈജുവിന്റെ ഇന്ത്യ: ഇന്ത്യന്‍ ടീമിന്റെ നെഞ്ചത്ത് ഇനി മലയാളി; പുതിയ ജഴ്‌സി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook