ന്യൂഡൽഹി: ഫുട്ബോൾ ചരിത്രത്തിലാദ്യമായി ഇന്ത്യ ആതിഥ്യമരുളുന്ന അണ്ടർ 17 ലോകകപ്പ് മത്സരത്തിൽ ആദ്യ ജയം ഘാനക്ക്. കൊളംബിയയെ 1-0 ന് തകർത്താണ് ഘാന ആദ്യവിജയം കരസ്ഥമാക്കിയത്. അതേസമയം ആദ്യ പകുതിയിൽ മുന്നിട്ടുനിന്ന തുർക്കിയെ രണ്ടാം പകുതിയിൽ നേടിയ ഗോളിൽ ന്യൂസിലാന്റ് തളച്ചു.

39ാം മിനിറ്റിൽ സാദിഖ് ഇബ്രാഹിമാണ് ഘാനയ്ക്ക്  വേണ്ടി ഗോൾ നേടിയത്. നിരവധി അവസരങ്ങൾ ഘാനയ്ക്ക് ലഭിച്ചെങ്കിലും അവയൊന്നും ഗോളാക്കാൻ സാധിച്ചില്ല. ഘാനയുടെ ഗോൾവല കുലുക്കാനുള്ള കൊളംബിയ താരങ്ങളുടെ ശ്രമങ്ങളും ഫലം കണ്ടില്ല.

അതേസമയം 19ാം മിനിറ്റിൽ നേടിയ മുന്നേറ്റം അതേപടി നിലനിർത്താൻ തുർക്കിക്ക് സാധിച്ചില്ല. ന്യൂസിലാന്റിന് വേണ്ടി മാക്സ് മാതയാണ് രണ്ടാം പകുതിയിൽ ഗോൾ മടക്കിയത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കേ രണ്ടാം തവണ മഞ്ഞ കാർഡ് വാങ്ങി മാത കളത്തിന് പുറത്തായി.

 

മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ന്യൂസിലാന്റും തുർക്കിയും തമ്മിലുള്ള മത്സരം നടന്നത്.  ആദ്യ ദിവസം ആകെ നാല് മത്സരങ്ങളാണ് നടക്കുന്നത്.  ഇന്ത്യ അമേരിക്കയെയും പരാഗ്വേ മാലിയെയും ഇന്ന് എട്ട് മണിക്ക് നേരിടും.

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook