കൊച്ചി: ഈ സീസണിലെ യാത്ര അവസാനിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ കൊഴിഞ്ഞ് പോക്ക് ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. മിലന്‍ സിങ്ങും ജാക്കി ചന്ദും ടീം വിടുന്നുവെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. സൂപ്പര്‍ തീരം സി.കെ.വിനീതും ടീം വിടുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കൊഴിഞ്ഞു പോക്കിന്റെ മുനയൊടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ്.

ടീം വിടുന്നവര്‍ക്ക് പകരമായി രണ്ട് പേരെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുകയാണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരവും മലയാളിയുമായ അബ്ദുള്‍ ഹഖിനേയും എഫ്‌സി ഗോവയില്‍ നിന്നും ഗോള്‍ കീപ്പര്‍ നവീന്‍ കുമാറിനേയും ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ തട്ടകത്തിലെത്തിക്കുമെന്നാണ് കേള്‍ക്കുന്നത്.

രണ്ട് താരങ്ങളുമായും പ്രാരംഭ ചര്‍ച്ചകള്‍ നടന്നതായും താരങ്ങള്‍ മഞ്ഞപ്പടയ്ക്കായി കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍. മലപ്പുറം സ്വദേശിയാണ് ഹഖ്. നേരത്തെ ടീമിന്റെ പ്ലേയിങ് ഇലവനിലുണ്ടായിരുന്ന താരം പിന്നീട് സൈഡ് ബെഞ്ചിലേക്ക് പിന്തള്ളപ്പെടുകയായിരുന്നു. മലപ്പുറംകാരനായ അനസിന്റെ പാത പിന്തുടരുന്ന പ്രതിരോധതാരമാണ് ഹഖ്. അതേസമയം, ഗോവയ്ക്കായി ആറ് മൽസരങ്ങളില്‍ വല കാത്തിട്ടുണ്ട് നവീന്‍ കുമാര്‍.

അതേസമയം, ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ താരം സി.കെ.വിനീതുമായി ടീം വേര്‍പിരിയുന്നുവെന്നാണ് ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം ടീമുമായി കരാറിലൊപ്പിട്ട വിനീതിന് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതാണ് താരത്തെ പുറത്താക്കുക എന്ന തീരുമാനത്തിലേക്ക് ടീമിനെ എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ