മൂന്നാം ഏകദിനത്തില്‍ 481 റണ്‍സ് അടിച്ചെടുത്തും നാലാം ഏകദിനത്തില്‍ 45 ഓവറിനുള്ളില്‍ 312 റണ്‍സ് ചെയ്‌സ് ചെയ്തും ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ അക്ഷരാര്‍ത്ഥത്തില്‍ പഞ്ഞിക്കിടുകയായിരുന്നു. ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു ഓസ്‌ട്രേലിയയുടെ പതനം. എന്നാല്‍ ഇംഗ്ലണ്ടിന്റെ വിജയം ആഘോഷിക്കുന്നതിനിടെ തന്റെ ആശങ്ക രേഖപ്പെടുത്തുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ഏകദിനത്തില്‍ രണ്ട് ന്യൂ ബോളുകള്‍ ഉപയോഗിക്കുന്നതിലാണ് സച്ചിന്റെ ആശങ്ക. ട്വിറ്ററിലൂടെയായിരുന്നു സച്ചിന്റെ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഏകദിനത്തില്‍ രണ്ട് ന്യൂ ബോളുകള്‍ ഉപയോഗിക്കുന്നത് ദുരന്തത്തെ വിളിച്ചു കൊണ്ടുവരുന്നതിന് തുല്യമാണെന്നായിരുന്നു സച്ചിന്റെ വിമര്‍ശനം.

പുതിയ പന്ത് ഉപയോഗിക്കുന്നതോടെ പന്ത് പഴകുന്നതിലൂടെ ലഭിക്കുന്ന റിവേഴ്‌സ് സ്വിങ് നഷ്ടമാകുമെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിക്കുന്നു. ക്രിക്കറ്റില്‍ റിവേഴ്‌സ് സ്വിങിന് വളരെ അധികം പ്രാധാന്യമുണ്ടെന്നും പ്രത്യേകിച്ചും ഡെത്ത് ഓവറുകളിലെന്നും സച്ചിന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ റിവേഴ്‌സ് സ്വിങ് അധികം കാണുന്നില്ലെന്നും മുന്‍ താരം പറഞ്ഞു.

സച്ചിന്റെ അഭിപ്രായത്തെ ശരിവച്ചു കൊണ്ട് പാക് ഇതിഹാസ താരം വഖാര്‍ യൂനിസും രംഗത്തെത്തി. സച്ചിന്റെ ട്വീറ്റ് മറുപടിയായി അഭിപ്രായത്തെ താനും അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതേ കാരണം കൊണ്ടാണ് അറ്റാക്കിങ് പേസര്‍മാരെ അധികം സൃഷ്ടിക്കാന്‍ കഴിയാത്തതെന്നും പേസര്‍മാര്‍ കൂടുതല്‍ ഡിഫന്‍സീവ് ആയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

നിലവിലെ നിയമ പ്രകാരം ഒരു മത്സരത്തിന്റെ ഓരോ 25 ഓവര്‍ കഴിയുമ്പോഴും പുതിയ പന്ത് ഉപയോഗിക്കണം. ക്രിക്കറ്റിനെ കൂടുതല്‍ ബാറ്റ്‌സ്മാന്‍ ഫ്രണ്ട്‌ലി ആക്കുന്നതാണ് ഈ നിയമം. 50 ഓവര്‍ ഒരേ പന്ത് തന്നെ ഉപയോഗിക്കുമ്പോള്‍ അവസാന ഓവറുകളിലെത്തുമ്പോള്‍ പന്തിന്റെ നിറം മങ്ങുമെന്നും പന്ത് ബാറ്റ്‌സ്മാന്മാര്‍ക്ക് കാണാതെയാകുമെന്നുമാണ് ഐസിസിയുടെ ന്യായീകരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ