രാജ്യത്തെ ഫുട്ബോൾ ശൈലിയിലും സ്വഭാവത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ കടന്നുവരവോടെയാണ്. ഇന്ത്യയുടെ പ്രഥമ ലീഗ് ഐ ലീഗാണെങ്കിലും ആരാധകരുടെ എണ്ണംകൊണ്ടും ഗ്ലാമറുകൊണ്ടും മുന്നിൽ നിൽക്കുന്നതും ഐഎസ്എൽ തന്നെ. രണ്ട് ലീഗുകളും കൂടി ഒറ്റ ടൂർണമെന്റായി ഒന്നിക്കാനൊരുങ്ങുന്നു എന്ന സംസാരവുമുണ്ടായിരുന്നു. എന്നാൽ പദ്ധതി ഉപേക്ഷിച്ച മട്ടാണ്.

അതേസമയം, രണ്ട് ഐ ലീഗ് ക്ലബ്ബുകൾ കൂടി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമാകാൻ ഒരുങ്ങുന്നു എന്നതാണ് പുതിയ വാർത്ത. കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാളും മോഹൻ ബെഗാനുമാണ് ഐഎസ്എല്ലിലേക്ക് എത്തുന്നത്. നേരത്തെയും ഇരു ടീമുകളും കൂട് മാറുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും എഐഎഫ്എഫ് അധികൃതരുടെയും ഈസ്റ്റ് ബംഗാൾ താരം ലാൽറിൻഡിക റാൾട്ടേയുടെയും പുതിയ അഭിപ്രയങ്ങളാണ് സൂചനകൾ ശക്തമാക്കുന്നത്.

ഐ ലീഗിൽ ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷകൾ പങ്ക് വയ്ക്കുന്നതിനിടയിലാണ് ഐഎസ്എൽ പ്രവേശനത്തെ കുറിച്ച് റാൾട്ടെ സംസാരിച്ചത്. റാൾട്ടെയുടെ വാക്കുകൾ ഇങ്ങനെ -” അടുത്ത സീസണിൽ ക്ലബ്ബ് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ഐ ലീഗിലെ ഞങ്ങളുടെ അവസാന ടൂർണമെന്റാകും ഇത്. അതുകൊണ്ട് തന്നെ കിരീട നേട്ടത്തോടെ അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ.”

ഐ ലീഗിൽ നിന്നുള്ള കുറച്ച് ക്ലബ്ബുകൾ അടുത്ത സീസണിൽ ഐഎസ്എൽ കളിക്കാനൊരുങ്ങുന്നതായി വാർത്താ ഏജൻസിയായ പിറ്റിഐ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല എന്നും മനസിലാക്കുന്നു.

ഐഎസ്എല്ലിലേക്ക് പുതിയ രണ്ട് ടീമുകളെ ക്ഷണിച്ച് കൊണ്ടുള്ള ലേലം അടുത്തയാഴ്ച എഐഎഫ്എഫ് ക്ഷണിക്കുമെന്നും സൂപ്പർ ക്ലബുകളായ ഈസ്റ്റ് ബെംഗാൾ, മോഹൻ ബഗാൻ എന്നീ ടീമുകൾ തന്നെയാകും അടുത്ത സീസണിൽ പുതുതായി ലീഗിലെത്തുകയെന്നും പേര് വെളിപ്പെടുത്താത്ത ഐഎസ്എൽ‌ ഒഫീഷ്യൽ പറയുന്നു.

മുമ്പും ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാനുള്ള അവസരം കൊൽക്കത്തൻ ക്ലബ്ബുകൾക്ക് ലഭിച്ചിരുന്നു. എന്നാൽ പറ്റിയ സ്പോൺസർമാരില്ലാത്തിനാൽ അത് സാധ്യമാകാതെ പോവുകയായിരുന്നു. 15 കോടി രൂപയാണ് ഫ്രാഞ്ചൈസി ഫീയായി അടക്കേണ്ടിയിരുന്നത്.

ഐ ലീഗ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് വാർത്തകൾ സജീവമാകുന്നത്. അടുത്ത സീസണിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ട് ക്ലബ്ബുകൾ കൂടി ഐഎസ്എല്ലിൽ എത്തുന്നതോടെ ലീഗിന്റെ ജനപ്രീതി ഇനിയും വർദ്ധിക്കുമെന്നാണ് കരുതുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook