സോഷ്യല്‍മീഡിയയിലെ സജീവ സാന്നിധ്യമാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. അദ്ദേഹത്തിന്റെ ട്വീറ്റുകളും ഉരുളയ്ക്ക് ഉപ്പേരി കണക്കെയുളള മറുപടികളും ആരാധകര്‍ എന്നും ആഘോഷമാക്കാറുണ്ട്. രണ്ട് ദിവസം മുമ്പ് വീരു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

രണ്ട് ക്രിക്കറ്റ് താരങ്ങള്‍ സെവാഗിന്റെ കാല്‍ തൊട്ട് വന്ദിക്കുന്ന ചിത്രമാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മൈതാനത്ത് നില്‍ക്കുന്ന സെവാഗിന്റെ കാലാണ് താരങ്ങള്‍ തൊടുന്നത്. സെവാഗ് അനുഗ്രഹം നല്‍കുന്നതും ചിത്രത്തില്‍ കാണാം. അനശ്വരായിരിക്കട്ടെ എന്ന് സെവാഗ് ആശംസിക്കുകയും ചെയ്തിട്ടുണ്ട്.

ലക്ഷക്കണക്കിന് പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. മറ്റ് സോഷ്യല്‍മീഡിയാ സൈറ്റുകളിലും ചിത്രം പ്രചരിച്ചു. ആരൊക്കെയാണ് ഈ രണ്ട് താരങ്ങള്‍ എന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ ഇത് ആരാണെന്ന് വെളിപ്പെടുത്താന്‍ സെവാഗ് തയ്യാറായില്ല. വിരാട് കോഹ്‌ലിയേയും അനുഷ്ക ശര്‍മ്മയേയും ആണ് സെവാഗ് അനുഗ്രഹിച്ചതെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. സെവാഗിന്റെ കാല്‍തൊട്ട് വന്ദിക്കാന്‍ തങ്ങള്‍ക്കും അവസരണം തരണമെന്ന് ചില ആരാധകര്‍ കുറിച്ചു.

ചിത്രത്തില്‍ വലത് വശത്ത് ഇരിക്കുന്നത് ഇന്ത്യന്‍ മുന്‍ ബോളര്‍ ആശിഷ് നെഹ്റയാണെന്നാണ് നിഗമനം. രണ്ടാമത്തെയാള്‍ മഹേന്ദ്ര സിങ് ധോണിയാണോയെന്ന് ചോദ്യങ്ങളുയര്‍ന്നു. എന്തായാലും ചിത്രം ഇന്‍സ്റ്റഗ്രാമില്‍ വൈറലായി മാറിക്കഴിഞ്ഞു.

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ 67-ാം പിറന്നാള്‍ ദിനം സെവാഗിന്റെ ആശംസയും വൈറലായി മാറിയിരുന്നു. സിനിമാ ലോകത്തുനിന്നും കായികലോകത്തുനിന്നും രാഷ്ട്രീയ രംഗത്തുനിന്നും നിരവധിപേരാണ് രജനിക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ബിഗ് ബി അമിതാഭ് ബച്ചൻ, കമൽഹാസൻ, മോഹൻലാൽ സച്ചിൻ തെൻഡുക്കർ, വിരേന്ദർ സെവാഗ് തുടങ്ങി നിരവധി പേരാണ് ട്വിറ്ററിലൂടെ സൂപ്പർസ്റ്റാറിന് ആശംസ നേർന്നത്. തമിഴിലാണ് സെവാഗ് രജനിക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

”തലൈവർക്ക് പിറന്നാൾ ആശംസകൾ. ഇപ്പോഴും എപ്പോഴും സൂപ്പർസ്റ്റാർ നിങ്ങൾ തന്നെ. ഇതുപോലെ എപ്പോഴും എല്ലാവർക്കും സ്നേഹം നൽകുക” ഇതായിരുന്നു സെവാഗിന്റെ ട്വീറ്റ്. സെവാഗിന്റെ പിറന്നാൾ ആശംസകൾക്ക് രജനി നന്ദി പറയുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook