ഓക്‌ലൻഡ്: ന്യൂസിലൻഡിനെതിരായ ആദ്യ ട്വന്റി-20യിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ പാക്കിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദിന് നേരെ ട്രോൾ ആക്രമണം. സർഫ്രാസ് അഹമ്മദിന്രെ പുറത്താകലിനെ കളിയാക്കിക്കൊണ്ടാണ് ട്രോളൻമാർ രംഗത്ത് വന്നിരിക്കുന്നത്.

മിച്ചൽ സാന്ററുടെ പന്ത് സ്വീപ് ചെയ്യാൻ ശ്രമിച്ച സർഫ്രാസ് അഹമ്മദിനെ മാറ്റ് ഫിലിപ്പ്സ് സ്റ്റംപ് ചെയ്താണ് പുറത്താക്കിയത്. 38 റൺസിന് 6 വിക്കറ്റ് നഷ്ടമായി നിൽക്കുന്ന സാഹചര്യത്തിലാണ് സർഫ്രാസ് സാഹസിക ഷോട്ടിന് ശ്രമിച്ചത്. സ്വീപ് ചെയ്യാൻ ശ്രമിക്കവേ കാൽ വഴുതി സർഫ്രാസ് വീഴുകയും ചെയ്തു.

എന്നാൽ ഈ വീഴ്ചയിലും ക്രീസിലേക്ക് തിരിച്ചുകയറാൻ സർഫ്രാസ് ശ്രമിച്ചുവെങ്കിലും ന്യൂസിലൻഡ് കീപ്പർ മാറ്റ് ഫിലിപ്പ്സ് വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. വിക്കറ്റ് കാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പാക്ക് നായകന്റെ ശ്രമം ക്രീസിന്റെ ഏഴയലത്ത് എത്തിയില്ല.

ധോണിയെ അനുകരിക്കാൻ ശ്രമിച്ച പാക്കിസ്ഥാൻ നായകന് നേരെ സോഷ്യൽ മീഡിയയിൽ വ്യാപക ആക്രമണമാണ് ഉണ്ടായത്. ന്യൂസിലൻഡിനെതിരെ ധോണി സമാനമായ ഡൈവിലൂടെ സ്റ്റംപിങ്ങിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. അതിവേഗം ക്രീസിലേക്ക് തിരിച്ചെത്തിയതാണ് ധോണിയെ കാത്തത്.

ന്യൂസിലൻഡിനെതിരായ ആദ്യ ട്വന്റി-20യിൽ 7 വിക്കറ്റിനാണ് പാക്കിസ്ഥാൻ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 105 റൺസിന് പുറത്താവുകയായിരുന്നു. പാക്കിസ്ഥാൻ നിരയിൽ 41 റൺസ് എടുത്ത ബാബർ അസമാണ് ടോപ് സ്കോറർ. രണ്ട് പേർക്ക് മാത്രമേ രണ്ടക്കം കണ്ടെത്താൻ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് 25 പന്ത് ശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 43 പന്തിൽ 49 റൺസ് എടുത്ത കോളിൻ മൻറോയാണ് ന്യൂസിലൻഡിന്റെ ടോപ് സ്കോറർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ