ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾ സെമിയിൽ ന്യൂസിലൻഡിന് മുന്നിൽ അവസാനിച്ചിരുന്നു. സെമിയിൽ 18 റൺസിനായിരുന്നു കിവികളോട് ഇന്ത്യ പരാജയപ്പെട്ടത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യക്ക് എന്നാൽ ഫൈനലിൽ പ്രവേശിക്കാൻ സാധിച്ചില്ല.

ടൂർണമെന്റിൽ സെഞ്ചുറികൾ അടിച്ച് റെക്കോർഡുകൾ തീർത്ത ഉപനായകൻ രോഹിത് ശർമ്മയുൾപ്പടെയുള്ള ബാറ്റിങ് നിര ഫൈനലിൽ പരാജയപ്പെട്ടപ്പോൾ ഇന്ത്യൻ കിരീട മോഹങ്ങൾ അവസാനിക്കുകയായിരുന്നു. ബോളിങ്ങിൽ ഇന്ത്യ മികച്ച നിന്നപ്പോഴും മറുപടി ബാറ്റിങ്ങിൽ മുൻ നിര തകർന്നടിഞ്ഞതാണ് ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചത്. 240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49.3 ഓവറിൽ 221 റൺസിന് പുറത്തായി. ഇതിന് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ വലിയ വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നു.

അത്തരത്തിൽ ഇന്ത്യൻ ടീമിനെ ട്രോളാൻ ശ്രമിച്ചതാണ് ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ്. ട്വിറ്ററിൽ ഒരു ജിഫാണ് ഇന്ത്യയെ ട്രോളാൻ താരം പോസ്റ്റ് ചെയ്തത്. ഒരു മനുഷ്യൻ തന്രെ എതിരെ വരുന്ന സ്ത്രീ തന്നെ കെട്ടിപിടിക്കാനാണെന്ന് കരുതി അങ്ങോട്ട് ചെല്ലുകയും എന്നാൽ ആ സ്ത്രീ അദ്ദേഹത്തെ മറികടന്ന് പിന്നാലെ എത്തിയ മറ്റൊരാളെ കെട്ടിപിടിക്കുന്നതാണ് ദൃശ്യത്തിൽ. “ഇതാണ് ഇന്ത്യൻ ആരാധകർക്ക് സെമിയിൽ സംഭവിച്ചത്” എന്ന ക്യാപ്ഷനോട് കൂടിയാണ് വിവേക് ഒബ്‌റോയ്യുടെ ട്വീറ്റ്.

എന്നാൽ ഇന്ത്യൻ ആരാധകർക്ക് താരത്തിന്റെ ട്വീറ്റ് അത്ര പിടിച്ചില്ല. ഉടൻ തന്നെ വിവേക് ഒബ്രോയിക്ക് മറുപടിയുമായി ഇന്ത്യൻ ആരാധകർ രംഗത്തെത്തി.