ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ക്ലാസിക് പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. ലോകകപ്പ് മത്സരങ്ങളുടെ പട്ടികയില്‍ ചിരവൈരികള്‍ തമ്മിലുള്ള മത്സരം വന്നതിന് ശേഷം പ്രവചനങ്ങളും വാക്പോരുകളും സജീവമാണ്. മുന്‍ പാക്കിസ്ഥാന്‍ സ്പിന്നര്‍ മുഷ്താഖ് അഹമ്മദ് ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിന്റെ ശക്തി കേന്ദ്രങ്ങളായ വിരാട് കോഹ്ലിയേയും രോഹിത് ശര്‍മയേയും പുറത്താക്കാന്‍ എന്ത് ചെയ്യണമെന്ന് പാക് ബോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
“രോഹിത് വളരെ സമയം എടുത്ത് നിലയുറപ്പിക്കുന്ന താരമാണ്. വളരെ ബുദ്ധിപരമായാണ് അയാള്‍ കളിയെ സമീപിക്കുന്നത്. തുടക്കത്തില്‍ ഇന്‍സ്വങ് ബോളര്‍മാരെ ഉപയോഗിക്കുകയാണെങ്കില്‍ രോഹിതിന് വെല്ലുവിളിയുണ്ടാകാന്‍ സാധ്യതയുണ്ട്. വേഗത കുറഞ്ഞ വിക്കറ്റാണെങ്കില്‍ ബൗണ്‍സറുകളും ഫലപ്രദമായേക്കും. കാരണം രോഹിത് പുള്‍ ഷോട്ട് കളിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കാറില്ല,” മുഷ്താഖ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
“കോഹ്ലിക്കായി അദ്ദേഹത്തിന്റെ ബാറ്റിങ്ങിനനുസരിച്ച് ഫീല്‍ഡിങ് ക്രമീകരിക്കുക. ആദ്യ 10-15 റണ്‍സ് വേഗത്തില്‍ കണ്ടെത്താന്‍ അനുവദിക്കാതിരിക്കുക. സമ്മര്‍ദം കൂടാനുള്ള സാധ്യത ഇത്തരം സാഹചര്യങ്ങളില്‍ കൂടുതലാണ്. അപ്പോള്‍ പന്ത് ഉയര്‍ത്തിയടിക്കാന്‍ താരങ്ങള്‍ ശ്രമിക്കും. വിക്കറ്റ് ലഭിക്കാനുള്ള അവസരവും ഒരുങ്ങും,” മുഷ്താഖ് കൂട്ടിച്ചേര്‍ത്തു.
ഈ ലോകകപ്പ് രോഹിതിനും കോഹ്ലിക്കും ഏറെ നിര്‍ണായകമാണ്. കോഹ്ലി ട്വന്റി 20 യില്‍ ഇന്ത്യയെ അവസാനമായി നയിക്കുന്ന ടൂര്‍ണമെന്റാണിത്. രോഹിതാകട്ടെ കോഹ്ലി സ്ഥാനമൊഴിഞ്ഞതിന് ശേഷം നായക പദവിയിലേക്ക് എത്താന്‍ ഏറെ സാധ്യതകളുള്ള താരവും. എല്ലാത്തിനും ഉപരിയായി നിരവധി ഐസിസി ടൂര്‍ണമെന്റുകള്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായതിന് പരിഹാരം കാണാനാകും ഇരുവരും ശ്രമിക്കുക.