Twenty 20 WC: ദുബായ്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില് ഓസ്ട്രേലിയക്കെതിരെ ഒമ്പത് വിക്കറ്റ് ജയവുമായി ഇന്ത്യ. ഓസ്ട്രേലിയ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നിശ്ചിത 20 ഓവർ പൂർത്തിയാവാൻ 13 പന്ത് ശേഷിക്കേ വിജയം നേടുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി കാപ്റ്റനായി ഇറങ്ങിയ രോഹിത് ശർമയുംകെഎൽ രാഹുലും മികച്ച ഓപ്പണിങ്ങ് കൂട്ടുകെട്ട് നൽകി.
രോഹിത് 41 പന്തിൽ നിന്ന് മൂന്ന് സിക്സറും അഞ്ച് ഫോറും അടക്കം 60 റൺസ് നേടിയ ശേഷം റിട്ടയേഡ് ഹർട്ടായാണ് മടങ്ങിയത്. രാഹുൽ 31 പന്തിൽ നിന്ന് രണ്ട് ഫോറും മൂന്ന് സിക്സും അടക്കം 39 റൺസ് നേടി പുറത്തായി.
സൂര്യ കുമാർ യാദവ് പുറത്താവാതെ 27 പന്തിൽ നിന്ന് അഞ്ച് ഫോറും ഒരു സിക്സും അടക്കം 38 റൺസും ഹർദിക് പാണ്ഡ്യ അവസാന ഓവറുകളിൽ പുറത്താകാതെ എട്ട് പന്തിൽ നിന്ന് ഒരു സിക്സടക്കം 14 റൺസും നേടി.
ഓസീസിന് വേണ്ടി ആസ്റ്റൺ ആഗറാണ് രാഹുലിന്റെ വിക്കറ്റെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടി.
തുടക്കത്തിൽ ബാറ്റിങ്ങിൽ അടിപതറിയ ഓസീസ് സ്റ്റീവ് സ്മിത്തിന്റെയും മാക്സ്വെല്ലിന്റെയും മാർക്കസ് സ്റ്റോയ്നിസിന്റെയും ഇന്നിങ്സുകളിലാണ് ഭേദപ്പെട്ട നിലയിലേക്ക് എത്തിയത്. ഓപ്പണർ ഡേവിഡ് വാർണർ ഏഴ് പന്തിൽ നിന്ന് ഒരു റൺ മാത്രം നേടി പുറത്തായി. നായകൻ ആരോൺ ഫിഞ്ച് 10 പന്തിൽ നിന്നും എട്ട് റൺസ് മാത്രം നേടിയും പുറത്തായി. മൂന്നാമനായിറങ്ങിയ മിച്ചൽ മാർഷ് റണ്ണൊന്നുമെടുക്കാതെയും പുറത്തായി.
നാലാമനായിറങ്ങിയ സ്മിത്ത് 84 പന്തിൽ നിന്ന് ഏഴ് ഫോറടക്കം 57 റൺസ് നേടി. മാക്സ്വെൽ 28 പന്തിൽ നിന്ന് 37 റൺസ് നേടി പുറത്തായി. മാർക്കസ് സ്റ്റോയ്നിസ് പുറത്താകാതെ 25 പന്തിൽ നിന്ന് 41 റൺസ് നേടി. അവസാന ഓവറിലിറങ്ങിയ മാത്യൂവെയ്ഡ് ഒരു പന്തിൽ നിന്ന് ഒരു ഫോർ നേടി.
ഇന്ത്യക്ക് വേണ്ടി അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാർ, രവീന്ദ്ര ജഡേജ, രാഹുൽ ചഹർ എന്നിവർ ഓരോ വിക്കറ്റെടുത്തു.
ഇതോടെ ലോകകപ്പ് ആരംഭിക്കുന്നതിനുള്ള രണ്ട് മത്സരങ്ങളിലും ഇന്ത്യ ജയിച്ചു, തിങ്കളാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ തോൽപിച്ചത്.