ക്രിക്കറ്റിനെ ആരാധകരിലെത്തിക്കുന്നതില്‍ സാങ്കേതിക വിദ്യയ്ക്കുള്ള പ്രാധാന്യം ഒന്നു വേറെ തന്നെയാണ്. ക്രിക്കറ്റിനെ അതിന്റെ എല്ലാ ഭംഗിയോടെയും ആരാധകരിലെത്തിക്കാം എന്നതുമാത്രമല്ല, അമ്പയറുടെ തീരുമാനങ്ങളിലും സാങ്കേതിക വിദ്യയുടെ സഹായം വളരെ വലുതാണ്. അടുത്തിടെ വന്‍ വിവാദമായ പന്ത് ചുരണ്ടല്‍ സംഭവമടക്കം സാങ്കേതിക വിദ്യയുടെ സഹായം കൊണ്ട് മാത്രമാണ് പുറത്ത് വന്നത്.

എന്നാല്‍ സാങ്കേതിക വിദ്യയെ അത്രക്കങ്ങ് കണ്ണും പൂട്ടി വിശ്വസിക്കണ്ടെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-മുംബൈ ഇന്ത്യന്‍സ് മൽസരത്തിനിടെയായിരുന്നു വന്‍ അബദ്ധം സംഭവിച്ചത്. കളിയുടെ സംപ്രേക്ഷകര്‍ക്കായിരുന്നു പിഴവ് സംഭവിച്ചത്.

ബാംഗ്ലൂരിന്റെ ഇന്നിങ്സിലെ 19-ാം ഓവറിലായിരുന്നു സംഭവം. ബുമ്ര എറിഞ്ഞ പന്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാറ്റ്‌സ്മാനായ ഉമേഷ് യാദവ് പുറത്താവുകയായിരുന്നു. ബുമ്ര നോ ബോളാണോ എറിഞ്ഞത് എന്നറിയാന്‍ അമ്പയര്‍ റീപ്ലേ വിളിച്ചു. പിന്നീടായിരുന്നു അബദ്ധം സംഭവിച്ചത്. ബുമ്ര പന്തെറിയുന്നത് കാണിച്ച റീപ്ലേയില്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്നതും ഉമേഷ് യാദവ് തന്നെയായിരുന്നു.

യഥാര്‍ത്ഥത്തില്‍ ഉമേഷ് യാദവ് പുറത്താകുമ്പോള്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്നത് നായകന്‍ വിരാട് കോഹ്‌ലി തന്നെയായിരുന്നു. റീപ്ലേയിലെ അബദ്ധം പക്ഷെ ആര്‍ക്കും മനസിലായില്ല. കളി തുടരുകയും ചെയ്തു. ഒരു ആരാധകന്‍ ട്വിറ്ററിലൂടെ പിഴവ് ചൂണ്ടിക്കാണിച്ചതോടെയാണ് സംഭവം പുറത്തായത്. ഈ തെറ്റ് എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് അന്വേഷിച്ച് വരികയാണ് ഐപിഎല്‍ അധികൃതര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ