ലോകകപ്പ് സൗഹൃദ മത്സരങ്ങള്‍ക്കിടെ നോമ്പ് മുറിക്കാനായി ബുദ്ധിപൂര്‍വ്വം പദ്ധതി തയ്യാറാക്കി ടുണീഷ്യന്‍ ഫുട്ബോള്‍ ടീം. കഴിഞ്ഞയാഴ്ച്ച നടന്ന രണ്ട് മത്സരങ്ങളിലും ടീം അഭിനയിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് മത്സരങ്ങളിലും ഗോള്‍കീപ്പറായ മൗസ് ഹസനാണ് പരുക്ക് അഭിനയിച്ചത്. ആദ്യം പോര്‍ച്ചുഗലിനെതിരായ മത്സരത്തിനിടെയാണ് മൗസ പരിക്ക് അഭിനയിച്ചത്.

2-1ന് ടീം പിന്നിട്ട് നില്‍ക്കുമ്പോള്‍ മത്സരത്തിന്റെ 58ാം മിനുട്ടില്‍ ഹസന്‍ പരിക്ക് അഭിനയിക്കുകയായിരുന്നു. ഈ സമയത്ത് സഹതാരങ്ങള്‍ സൈഡ്‌ലൈനിലെത്തി നോമ്പുതുറന്നു. മത്സരം പുനരാംരംഭിച്ച് ആറ് മിനുട്ടിന് ശേഷം ടുണീഷ്യ ഗോള്‍മടക്കുകയും ചെയ്തു. മത്സരം സമനിലയിലാണ് പിരിഞ്ഞത്.

ശനിയാഴ്ച തുര്‍ക്കിയ്‌ക്കെതിരായി നടന്ന മത്സരത്തിലാണ് മൗസ് വീണ്ടും പരിക്ക് പറ്റി കിടന്നത്. 49ാം മിനുട്ടിലാണ് ഹസന്‍ പരുക്ക് അഭിനയിച്ചത്. ഹസന്‍ മൈതാനത്ത് മലര്‍ന്ന് കിടന്നപ്പോള്‍ സഹതാരങ്ങള്‍ ഭക്ഷണത്തിനായി പുറത്തേക്ക് പാഞ്ഞു. 2-2നാണ് ഈ മത്സരവും സമനിലയിലായത്.

റമദാനില്‍ ലോകത്താകമാനമുളള മുസ്ലിംങ്ങള്‍ നോമ്പു നോല്‍ക്കുന്നുണ്ട്. പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണമോ വെളളമോ ഒന്നും കൂടാതെയാണ് നോമ്പ് നോല്‍ക്കുന്നത്. 12 വര്‍ഷത്തിന് ശേഷമാണ് ടുണീഷ്യ ലോകകപ്പിലേക്ക് തിരികെ എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ