കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുളള അഞ്ചാം ഏകദിനം അരങ്ങേറിയത്. മറ്റ് മത്സരങ്ങളിലെ പോലെ തന്നെ ഇടയ്ക്കിടയ്ക്ക് മഴ കളി തടസ്സപ്പെടുത്തുകയും ചെയ്തു. ഇടയ്ക്ക് ഒരു തവണ മഴ പെയ്തപ്പോഴാണ് അംപയര്‍ അലീം ദര്‍ അടക്കമുളളവര്‍ക്ക് ഡ്രെസിങ് റൂമിലേക്ക് തിരികെ പോവേണ്ടി വന്നത്. എന്നാല്‍ പോവുന്നതിന് മുമ്പ് അലീം ദര്‍ ചെയ്ത പ്രവൃത്തിയാണ് ഇപ്പോള്‍ കായികപ്രേമികളുടെ ഉളളം നിറച്ചിരിക്കുന്നത്.

ബാറ്റ്സ്മാന്‍ ഔട്ടാണോയെന്ന ഔദ്യോഗിക തീരുമാനം വരാനായി അലീം ദര്‍ മഴയത്ത് മൈതാനത്ത് തുടരുകയായിരുന്നു. 367 റണ്‍സായിരുന്നു ശ്രീലങ്ക ഇംഗ്ലണ്ടിന് മുമ്പില്‍ വച്ച വിജയലക്ഷ്യം. 26 ഓവറില്‍ വെറും 132 റണ്‍സെടുത്ത് നില്‍ക്കെ ഇംഗ്ലണ്ടിന് 8 വിക്കറ്റ് നഷ്ടമായിരുന്നു. 27-ാം ഓവറില്‍ ഓഫ് സ്പിന്നര്‍ അഖില ധനഞ്ജയയുടെ പന്തില്‍ ലിയാം പ്ലങ്കറ്റ് എൽബിഡബ്ല്യുവിന് ഔട്ടാവുകയായിരുന്നു. അലീം ദര്‍ ഔട്ട് വിളിച്ചെങ്കിലും പ്ലങ്കറ്റ് റിവ്യൂ നല്‍കി. അപ്പോഴാണ് മഴ നിര്‍ത്താതെ പെയ്തതും.

എല്ലാ കളിക്കാരും ഉടന്‍ തന്നെ ഡ്രെസിങ് റൂമിലേക്ക് ഓടി. എന്നാല്‍ അലീം ദര്‍ മാത്രം വിധി വരുന്നത് വരെ കാത്തിരുന്നു. തന്റെ തീരുമാനം തന്നെയാണ് ഒദ്യോഗികമായും സ്ഥിരീകരിച്ചതെന്ന് അറിഞ്ഞതിന് ശേഷം മാത്രമാണ് ദര്‍ മൈതാനത്ത് നിന്നും പുറത്തുപോയത്. അതും ഔട്ട് വിളിച്ച് കൈ ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം കൂടാരം കയറിയത്.

ഇതിന് പിന്നാലെ അംപയറിന്റെ ജോലിയോടുളള ആത്മാര്‍ത്ഥതയെ പുകഴ്ത്തി സോഷ്യൽ മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞു. മത്സരത്തില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ലങ്ക 219 റണ്‍സിന് വിജയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ