ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെയുള്ള കലാശപോരില്‍ ഇംഗ്ലീഷ് നിര കിരീടം നേടിയപ്പോള്‍ ആരാധകരുടെ മനം കവര്‍ന്നത് ബെന്‍സ്‌റ്റോക്‌സ് തന്നെയായിരുന്നു. നിര്‍ണായക മത്സരത്തില്‍ ഇംഗ്ലീഷ് പട വിജയ തീരത്തെത്തിയപ്പോള്‍ സ്‌റ്റോക്‌സിന്റെ പവര്‍ ഫുള്‍ ഇന്നിങ്‌സും നിര്‍ണായകമായി. 49 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ താരത്തിന്റെ ഇന്നിങ്‌സാണ് കളിയുടെ ഗതിമാറ്റിയത്. കരിയറില്‍ പല ഘട്ടങ്ങളിലും പരാജയം ഏറ്റുവാങ്ങി ആത്മവിശ്വാസം നഷ്ടമായപ്പോള്‍ താരത്തിനെ തിരിച്ച് കൊണ്ടുവന്നത് ഒരു മനഃശാസ്ത്രജ്ഞന്റെ ഇടപെടലായിരുന്നു.
2013-ല്‍ ലണ്ടനിലെ ചൂടുള്ള ജൂലൈ മാസത്തില്‍ ലോര്‍ഡ്‌സിലെ ഇരിപ്പിടങ്ങളില്‍ സൈക്കോളജിസ്റ്റ് മാര്‍ക്ക് ബൗഡനുമായി ബെന്‍ സ്റ്റോക്‌സ് നടത്തിയ സംഭാഷണങ്ങളാണ് പൂര്‍ണമായും അവസാനിച്ചുവെന്ന് കരുതിയ തന്റെ കരിയറിനെ താരത്തിന് തിരികെ കൊണ്ടുവരാനായത്. സീസണിലുടനീളം സമ്മര്‍ദത്തിലായിരുന്നു താരം, മൈതാനത്തെ തന്റെ പ്രകടനത്തില്‍ അസ്വസ്ഥനായിരുന്നു അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരുമായി ഇതെല്ലാം പങ്കിടാന്‍ ആഗ്രഹിച്ചില്ല. എന്നാല്‍ താന്‍ ആരോടെങ്കിലും എല്ലാം തുറന്നു പറയേണ്ടതുണ്ടെന്ന് അയാള്‍ മനസ്സിലാക്കിയിരുന്നു ബൗഡന്‍ തന്നെയാണ് അതിന് യോഗ്യനെന്ന് അദ്ദേഹം തീരുമാനിച്ചു.
ഏതാനും ഇംഗ്ലീഷ് ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ബൗഡന്‍ സ്റ്റോക്സിന് ‘ബോട്ടില്‍ ബോട്ടില്‍ ബാംഗ്’ സിന്‍ഡ്രോം’ ഉണ്ടെന്ന് മനസിലാക്കിയിരുന്നു. സാധാരണ ഭാഷയില്‍, അതിനര്‍ത്ഥം സ്റ്റോക്ക്സ് തന്റെ ഉള്ളിലെ നിരാശയെ കുപ്പിയില്‍ വളര്‍ത്തുകയായിരുന്നെന്നും അത് പൊട്ടിത്തെറിക്കുന്നത് വരെ അത് ഉള്ളില്‍ വെച്ചുകൊണ്ടിരിക്കും എന്നാണ്.
ജനുവരിയില്‍, രാത്രി ഏറെ വൈകി മദ്യപിച്ച് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ബെന്‍ സ്റ്റോക്‌സും മാറ്റ് കോള്‍സും ഓസ്ട്രേലിയയിലെ ഇംഗ്ലണ്ട് ലയണ്‍സ് പര്യടനം വിടാന്‍ നിര്‍ബന്ധിതരായി. 2014 മാര്‍ച്ചില്‍ വെസ്റ്റ് ഇന്‍ഡീസിലെ മോശം പര്യടനത്തിന്റെ നിരാശയില്‍ സ്റ്റോക്സ് ഡ്രസ്സിംഗ് റൂമിലെ ലോക്കറിലേക്ക് അടിച്ച് കൈക്ക് പരിക്കേല്‍പ്പിച്ചിരുന്നു. ബാവ്ഡനുമായി കൂടുതല്‍ കൂടിക്കാഴ്ചകള്‍ നടന്നു, ദേഷ്യം വരുമ്പോള്‍ ചെയ്യാന്‍ സ്റ്റോക്സിന് ഒരു ദിനചര്യ നല്‍കുകയും ചെയ്തു: ഡ്രസ്സിംഗ് റൂമില്‍ പോയി നിങ്ങളുടെ കിറ്റ്-ബാഗ് പാക്ക് ചെയ്യുക. ആ പാക്കിംഗ് പ്രക്രിയ സ്റ്റോക്‌സിനെ കുറച്ച് തവണ ശാന്തമാക്കാന്‍ സഹായിച്ചിട്ടുണ്ട്.
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന 2016 ലെ ടി20 ഫൈനല്‍ സ്റ്റോക്ക്സിന് നിരാശയുടേതായിരുന്നു. ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും ഏറ്റുമുട്ടിയ ആ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ വിന്‍ഡീസിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 19 റണ്‍സായിരുന്നു. പന്തെറിയാനെത്തിയത് ബെന്‍ സ്റ്റോക്ക്‌സും. അന്ന് സ്റ്റോക്ക്‌സിന്റെ ആദ്യ നാലു പന്തും സിക്‌സര്‍ പറത്തി കാര്‍ലോസ് ബ്രാത്വൈറ്റ് എന്ന ഹീറോ വിന്‍ഡീസിനെ കിരീടത്തിലേക്ക് നയിച്ചു. എന്നാല്‍ ഈ ആഘാതത്തില്‍ സ്‌റ്റോക്‌സിന് കരകയറാന്‍ നാളുകളെടുത്തു.
പിന്നീട് 2019 ലെ ഏകദിന ലോകകപ്പ്, ആ വര്‍ഷത്തെ തന്നെ ആഷസ് പരമ്പര എല്ലാം ബെന്‍ സ്‌റ്റോസ്‌കിന്റെ തിരിച്ചുവരവിന്റെ ഘട്ടങ്ങളായിരുന്നു. 2019ല്‍ സ്വന്തം നട്ടില്‍ കിവീസിനെതിരേ നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ കൈവിട്ടുപോയെന്ന് കരുതിയ കളി ഇംഗ്ലണ്ട് തിരികെ പിടിച്ചത് സ്‌റ്റോക്‌സിന്റെ പോരാട്ടവീര്യം ഒന്നുകൊണ്ടു മാത്രമായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ആഷസിലെ മൂന്നാം ടെസ്റ്റില്‍ ലോകകപ്പ് ഫൈനലില്‍ കണ്ട ബെന്‍ സ്റ്റോക്ക്സിനെ കാണികള്‍ ഒരിക്കല്‍ കൂടി കണ്ടു, സ്റ്റോക്ക്സിന്റെ ചുമലിലേറി തോല്‍വിത്തുമ്പില്‍ നിന്ന് ഇംഗ്ലണ്ടിന്റെ അവിശ്വസനീയ തിരിച്ചുവരവാണ് നടത്തിയത്. ജയിക്കാന്‍ 73 റണ്‍സ് വേണ്ടിടത്ത് ഇംഗ്ലണ്ടിന്റെ ഒമ്പതാം വിക്കറ്റും വീണതോടെ ഓസ്ട്രേലിയ വിജയം ഉറപ്പിച്ചിരുന്നു, എന്നാല്‍ അവിടെ സ്റ്റോക്ക്സിന്റെ 219 പന്തില്‍ നിന്ന് 135 റണ്‍സ് ഇന്നിങ്‌സ് ഇംഗ്ലീഷ് പടയ്ക്ക് വിജയം കൊണ്ടുവരുകയായിരുന്നു. പതിനൊന്നാമനായ ജാക് ലീച്ചിനെ (1) കൂട്ടുപിടിച്ച് അവസാന വിക്കറ്റില്‍ 76 റണ്‍സാണ് ബെന്‍ സ്റ്റോക്‌സ് ചേര്‍ത്തതെന്നാണ് ശ്രദ്ധേയം.