തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ – വിൻഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി തിരുവനന്തപുരം ഒരുങ്ങി കഴിഞ്ഞു. ഇരു ടീമുകളും ഇന്ന് തിരുവനന്തപുരത്തെത്തി. ഗംഭീര സ്വീകരണമാണ് ടീമുകൾക്ക് ആരാധകരും കേരള ക്രിക്കറ്റ് അസ്സോസിയേഷനും ചേർന്ന് നൽകിയത്.

തിരുവനന്തപുരത്ത് ലഭിച്ച വൻ വരവേൽപ്പിന് നന്ദി അറിയിച്ചിരിക്കുകയാണ് ഇന്ത്യ, വിൻഡീസ് ടീമുകൾ. സ്വന്തം വീട്ടിൽ എത്തിയ അനുഭവമാണ് തിരുവനന്തപുരം നൽകുന്നതെന്നാണ് വിൻഡീസിന്റെ പക്ഷം. ട്വിറ്ററിലൂടെയാണ് വിൻഡീസ് തങ്ങൾക്ക് ലഭിച്ച വരവേൽപ്പിന് നന്ദി പറഞ്ഞത്.

ക്രിക്കറ്റ് ആരാധകർ നൽകിയ ഗംഭീര വരവേൽപ്പിന് നന്ദി പറയാൻ ബിസിസിഐയും മറന്നില്ല.

കേരള പിറവി ദിനമായ നവംബര്‍ ഒന്നിനാണ് മത്സരം. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടീമുകൾ ഏറ്റുമുട്ടുന്നത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനാണ് തിരുവനന്തപുരം ആതിഥേയത്വം വഹിക്കുന്നത്. നിലവിൽ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ 2-1ന് മുന്നിലാണ്. തിരുവനന്തപുരത്തെ മത്സരമാകും പരമ്പര വിജയികളെ തീരുമാനിക്കുക.

ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനിലൂടെ തുടരുകയാണ്. മുന്‍ വര്‍ഷങ്ങളിലേത് പോലെ ടിക്കറ്റുകള്‍ കൗണ്ടര്‍ വഴി വില്‍പ്പന ഉണ്ടായിരിക്കുന്നതല്ല. www.paytm.com, www.insider.in എന്നീ വെബ്സൈറ്റുകള്‍ വഴി മാത്രമാണ് ടിക്കറ്റ് വിൽപന. ഈ സൈറ്റുകളിലേക്കുള്ള ലിങ്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സൈറ്റില്‍ ലഭ്യമാണ്. 1000 (അപ്പര്‍ ടയര്‍), 2000 (ലോവര്‍ ടയര്‍ ചെയര്‍), 3000 (സ്പെഷ്യല്‍ ചെയര്‍) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

മത്സരത്തിൽ വിദ്യാര്‍ത്ഥികൾക്കായുള്ള സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. 2000 സീറ്റുകള്‍കൂടിയാണ് വിദ്യാർത്ഥികൾക്കായി അധികമായി നീക്കിവച്ചിരിക്കുന്നതെന്ന് കെസിഎ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റിന് ക്ഷാമം നേരിടുന്നത് പരിഗണിച്ചാണ് തീരുമാനം. അപ്പര്‍ ടയറിലെ ടിക്കറ്റുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. 500 രൂപയാണ് വിദ്യാര്‍ത്ഥികളുടെ ടിക്കറ്റിന്റെ വില.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook