മുംബൈ: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ ന്യൂസിലാൻഡാകും ഇന്ത്യയുടെ എതിരാളികൾ. നവംമ്പർ ഏഴിനാണ് ഇന്ത്യ​ Vs ന്യൂസിലാൻഡ് ട്വന്റി-20 മത്സരം നടക്കുന്നത്. വൈകിട്ട് 7.30 നാണ് മത്സരം നടക്കുന്നത്. നേരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ആദ്യ മത്സരം ശ്രീലങ്കയുമായിട്ടാണ് നിശ്ചയിച്ചിരുന്നത്. ശ്രീലങ്കയ്ക്ക് എതിരെ ഡിസംബർ 20നായിരുന്നു മത്സരം തീരുമാനിച്ചിരുന്നത്. ബിസിസിഐയാണ് പുതുക്കിയ ഷെഡ്യൂൾ പുറത്ത് വിട്ടത്.

ഇന്നലെ കൊൽക്കത്തിയിൽ ചേർന്ന ബിസിസിഐയുടെ യോഗത്തിലാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ട്വന്റി-20 മത്സരം നടത്താ​ൻ തീരുമാനിച്ചത്. കാര്യവട്ടം സ്റ്റേഡിയത്തിൽ ഒരുക്കിയ പിച്ചിന് ഐസിസി അംഗീകാരം ലഭിച്ചതോടെയാണ് ഒരു രാജ്യാന്തര മത്സരം നടത്താൻ​ ബിസിസിഐ തീരുമാനിച്ചത്. ഇതോടെ, കൊച്ചിക്കു പിന്നാലെ കേരളത്തിൽ രാജ്യാന്തര ക്രിക്കറ്റ് മൽസരം നടക്കുന്ന രണ്ടാമത്തെ സ്റ്റേഡിയമായി കാര്യവട്ടം ഗ്രീൻഫീൽഡ് മാറും.

ഇതാദ്യമായാണ് കേരളത്തില്‍ ഒരു ടി20 മത്സരം നടക്കുന്നത്. നേരത്തെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിരവധി ഇന്ത്യയുടെ മത്സരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അതെല്ലാം ഏകദിനമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ