Latest News

‘ആരാധകർ തന്നെ ഉടമകൾ’; കാൽപ്പന്തിന്റെ മൈതാനത്ത് ചരിത്രമെഴുതാൻ ട്രാവൻകൂർ റോയൽസ്

“മറ്റ് ക്ലബ്ബുകൾക്ക് ആരാധകർ പന്ത്രണ്ടാമനാണെങ്കിൽ ഞങ്ങൾക്ക് എപ്പോഴും ആരാധകരാണ് ഒന്നാമൻ”

ഗ്യാലറികളിൽ ഏത് ടീമിനും കരുത്തേകുന്നത് ആരാധകരാണ്. എന്നാൽ ടീമുകളെ ലോകമാകെയുളള ഭൂരിഭാഗം ടീമുകൾക്കും ആരാധകർ ഗ്യാലറികളിൽ കൈയ്യടിക്കാനും ആവേശം കൊളളാനുമുളള കായിക പ്രേമികൾ മാത്രമാണ്. ഫാൻസിനെ അങ്ങിനെ എഴുതി മാറ്റിനിർത്താനുമാവില്ല. എന്തെന്നാൽ ആരാധകർ തന്നെ ഉടമകളായ വമ്പൻ ടീമുകളും ലോകത്തുണ്ട്. സ്‌പാനിഷ് ഫുട്ബോൾ വസന്തത്തിന്റെ മറുപേരുകളായ റയൽ മാഡ്രിഡും, ബാഴ്‌സലോണ എഫ് സിയും അങ്ങിനെ ആരാധകരുടെ സ്വന്തം ടീമാണ്.

മലയാളക്കരയ്ക്ക് കാൽപ്പന്ത് കളിയിൽ ഏറെ അഭിമാനിക്കാവുന്ന ചരിത്രമുണ്ട്. എന്നാൽ ഒരിക്കൽ പോലും ആരാധകരുടെ സ്വന്തം ക്ലബെന്ന ആശയം ഇവിടെ ഉണ്ടായിട്ടില്ല. എന്നാൽ അതും യാഥാർത്ഥ്യമാക്കുകയാണ് കാൽപ്പന്ത് കളിയെ ജീവനോളം സ്നേഹിക്കുന്ന മലയാളിക്കൂട്ടായ്‌മ. ആരാധകർക്ക് ഉടമസ്ഥതാവകാശമുള്ള ഇന്ത്യയിലെ ആദ്യ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബിന് തിരുവനന്തപുരത്തെ ഒരു കൂട്ടം ഫുട്ബോൾ പ്രേമികൾ തുടക്കം കുറിച്ചിരിക്കുകയാണ്.

ലോകത്ത് ഏറ്റവും കൂടുതൽ ആരാധക പിന്തുണയും പണകൊഴുപ്പുമുള്ള റയൽ മാഡ്രിഡ്, എഫ് സി ബാഴ്സലോണ, ബയേൺ മ്യൂണിച്ച് , ബൊറൂസിയ ഡോട്ട്മുണ്ട് തുടങ്ങി ആരാധകർ ഉടമകളായ ടീമുകൾ അനവധിയാണ്. ഈ ടീമുകളുടെ മാതൃകയിലാണ് ട്രാവൻകൂർ റോയൽസ് എഫ് സി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ട്രാവൻകൂർ സ്പോർട്‌സ് സൊസൈറ്റിക്ക് കീഴിലാണ് ട്രാവൻകൂർ റോയൽസ് എഫ് സി മൈതാനത്ത് എത്തുന്നത്. നവംബർ 29 നായിരുന്നു ക്ലബ്ബിന്റെ ഉദ്ഘാടനം. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ട്രാവൻകൂർ എഫ് സിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന്

സ്റ്റാർട്ടപ്പ് സംവിധാനമായ സ്പോർട്ടപ്പിലാണ് ട്രാവൻകൂർ റോയൽസ് എന്ന പ്രെഫഷണൽ ക്ലബ്ബ് രൂപമെടുക്കുന്നത്. സ്പോർട്‌സ് എഞ്ചിനീയറിങ് ഗവേഷണ പരിശീലന സ്ഥാപനമായ സ്പോർട്സ് ആൻഡ് മാനേജ്മെന്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ, സ്പോർട്സ് ബിസിനസുകളുടെ സ്റ്റാർട്ടപ്പ് സംരംഭമാണ് സ്പോർട്ടപ്പ്.

ഒരു കാലത്ത് നിരവധി പ്രമുഖ ക്ലബ്ബുകളുടെ ഈറ്റില്ലമായിരുന്ന തലസ്ഥാന നഗരിയെ പഴയ പ്രതാപത്തിലേക്ക് മടക്കി കൊണ്ടു പോവുകയെന്ന ലക്ഷ്യം ഈ ടീമിനുണ്ട്. ഉടമസ്ഥാവകാശം വ്യക്തികളിൽ കേന്ദ്രീകൃതമാകാതെ വലിയ ജനപങ്കാളിത്തത്തോടെ ഒരു ഫുട്ബോൾ ക്ലബ്ബ് കെട്ടിപടുക്കാനാണ് ശ്രമം.

“ഒരു ബിസിനസ്സ് എന്നതിലുപരി ഫുട്ബോളിന് കൂടുതൽ അവസരം സൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് സംസ്ഥാനത്തെ കുട്ടികൾക്ക് കളി കാണാനും പഠിക്കാനുമുള്ള അവസരമൊരുക്കും. അക്കാദമിയുൾപ്പടെയുള്ള സൗകര്യങ്ങളും അതിനായി ഒരുക്കും,” ക്ലബ്ബിന്റെ സെക്രട്ടറി ജിബു ഗിബ്സൺ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“മറ്റ് ക്ലബ്ബുകൾക്ക് ആരാധകർ പന്ത്രണ്ടാമനാണെങ്കിൽ ഞങ്ങൾക്ക് എപ്പോഴും ആരാധകരാണ് ഒന്നാമൻ.” ഇതാണ് ട്രാവൻകൂർ റോയൽസിന്റെ ആപ്തവാക്യം.

മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കുമ്പോൾ തന്നെ ഒരു ലോക റെക്കോർഡും ക്ലബ്ബ് ലക്ഷ്യം വെക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള എസ് എൽ ബെൻഫിക്ക എന്ന പോർച്ചൂഗീസ് ക്ലബ്ബിനെ മറികടക്കുകയാണ് ട്രാവൻകൂർ റോയൽസിന്റെ ലക്ഷ്യം. ഒന്നരലക്ഷത്തിലധികം അംഗങ്ങളാണ് ബെൻഫിക്കയിലുള്ളത്. കേരളത്തിലെ ഫുട്ബോൾ ആരാധകർ ഒന്നിച്ചു നിന്നാൽ ട്രാവൻകൂറിന് ഈ റെക്കോർഡ് മറികടക്കാനാകുമെന്നാണ് ക്ലബ്ബ് അധികൃതരുടെ വിശ്വാസം.

“യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്ക് ആദ്യമായി കടൽ മാർഗ്ഗമെത്തിയ വ്യക്തി വാസ്കോ ഡി ഗാമയാണ്. പോർച്ചുഗീസുകാരനായ ഗാമയുടെ നാട്ടിലെ ക്ലബ്ബിനെ അദ്ദേഹം കാപ്പാട് കാല് കുത്തിയ മെയ് 20നകം മറികടക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,” ജിബു പറഞ്ഞു.

ലോകത്തെ തന്നെ ഏറ്റവും മികച്ച ഗ്രാസ്റൂട്ട് ഫുട്ബോൾ അക്കാദമിയായ അജാക്സിന്റെ മാതൃകയിൽ ഫുട്ബോൾ സ്കൂളും, തിരുവനന്തപുരം ജില്ലയിലെ വിവിധ ക്ലബ്ബുകളോടും ജില്ല ഫുട്ബോൾ അസോസിയേഷനോടും ചേർന്ന് അക്കാദമിയും ക്ലബ്ബ് ലക്ഷ്യമിടുന്നു. പ്രൊഫഷണൽ ഫുട്ബോളിന് പുറമെ സെവൻസിനും ഫൂട്‌സാലിനും ക്ലബ്ബ് പ്രാധാന്യം നൽകുന്നു. അണ്ടർ 10,14,17 എന്നീ കാറ്റഗറിയിലും ടീമുകൾ ക്ലബ്ബിനുണ്ടാകും.

“അടുത്ത കേരള പ്രീമിയർ ലീഗിൽ ക്ലബ്ബ് മത്സരിക്കണമെന്നാണ് ആഗ്രഹം. വരും വർഷങ്ങളിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് ഐ ലീഗിന്റെ രണ്ടാം ഡിവിഷനിലും എത്താൻ ശ്രമിക്കും,” ജിബു പറഞ്ഞു . പ്രാദേശിക താരങ്ങൾക്കാകും ക്ലബ്ബിൽ കൂടുതൽ പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫുട്ബോളിന് പുറമെ ക്രിക്കറ്റ്, വോളിബോൾ, ബാസ്കറ്റ്ബോൾ തുടങ്ങിയ കായിക ഇനങ്ങൾക്കും ക്ലബ്ബിന് കീഴിൽ പ്രൊഫഷണൽ ടീമുകൾ ഉണ്ടാകും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Travancore royals fc fan owned football club

Next Story
കോഹ്‌ലി-കേദാർ കൂട്ടുകെട്ടിൽ ഇന്ത്യയ്‌ക്ക് മികച്ച വിജയംvirat kohli, cricket
The moderation of comments is automated and not cleared manually by malayalam.indianexpress.com