വനിതാ ടി20 ചലഞ്ചിൽ ട്രെയിൽബ്ലേസേഴ്സിനെ പരാജപ്പെടുത്തി സൂപ്പർനോവാസ്. രണ്ട് റൺസിനാണ് സൂപ്പർനോവാസിന്റെ ജയം. സൂപ്പർനോവാസ് ഉയർത്തിയ 147 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ട്രെയിൽബ്ലേസേസിന് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് മാത്രമാണ് നേടാനായത്. രണ്ടു ടീമുകളും ഫൈനലിലേക്ക് യോഗ്യത നേടി.
ട്രെയിൽബ്ലേസേഴ്സിനുവേണ്ടി ഓപ്പണിങ്ങിനറങ്ങിയ ഡോട്ടിൻ 15 പന്തിൽനിനന് 27 റൺസും ക്യാപ്റ്റൻ സ്മൃതി മന്ദാന 40 പന്തിൽ നിന്ന് 33 റൺസും നേടി. റിച്ച ഘോഷ് നാല് റൺസ് മാത്രം നേടി പുറത്തായി. ദീപ്തി ശർമ 40 പന്തിൽനിന്ന് പുറത്താവാതെ 43 റൺസ് നേടി. ഹർലീൻ ഡിയോൾ 15 പന്തിൽ നിന്ന് 27 റൺസ് സ്കോർ ചെയ്തു. ദയാലൻ ഹേമലത നാല് റൺസ് നേടി പുറത്തായി.
സൂപ്പർ നോവാസിനുവേണ്ടി രാധ യാദവ്, ഷകേറ സെൽമാൻ എന്നിവർ രണ്ട് വീതം വിക്കറ്റ് നേടി. അനൂജ പട്ടേൽ ഒരു വിക്കറ്റും നേടി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൂപ്പർനോവാസ് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 146 റൺസ് സ്വന്തമാക്കിയത്. അർധസെഞ്ചുറി നേടിയ ശ്രീലങ്കൻ താരം ചമാരി അത്തപത്തുവിന്റെ തകർപ്പൻ ഇന്നിങ്സാണ് സൂപ്പർനോവാസിനെ മികച്ച സ്കോറിലെത്തിച്ചത്.
ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത പ്രിയ പൂനിയ – അത്തപത്തു സഖ്യം മികച്ച തുടക്കമാണ് സൂപ്പർനോവാസിന് നൽകിയത്. 30 റൺസുമായി പ്രിയ ക്രീസ് വിട്ടെങ്കിലും പിന്നാലെ എത്തിയ നായിക ഹർമൻപ്രീത് കൗർ അത്തപത്തുവിന് മികച്ച പിന്തുണ നൽകി. 48 പന്തിൽ നാല് സിക്സും അഞ്ച് ഫോറും അടക്കം 67 റൺസാണ് അത്തപത്തു അടിച്ചെടുത്തത്.
അടുത്തടുത്ത പന്തിൽ അത്തപത്തുവും 31 റൺസ് നേടിയ ഹർമനും മടങ്ങിയതോടെ മധ്യനിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. ജെമിമ റോഡ്രിഗസ്, അനൂജ പാട്ടീൽ എന്നിവർ ഒരു റൺസിനും ശശികല രണ്ട് റൺസിനും കൂടാരം കയറി. ഒരു റൺസുമായ രാധ പുറത്താകാതെ നിന്നു.
ട്രെയൽബ്ലേസേഴ്സിനുവേണ്ടി ജൂലൻ ഗോസ്വാമി, സൽമാ ഖാത്തൂൻ, ഹർലീൻ ഡിയോൾ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് റൺഔട്ടുകളായിരുന്നു സൂപ്പർനോവാസിന്റേത്.