കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിന്റെ ഉദ്ഘാടന പോരാട്ടമാണ് വെള്ളിയാഴ്ച കലൂർ സ്റ്റേഡിയത്തിൽ നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റികോ ഡി കൊൽക്കത്തയും ഏറ്റുമുട്ടുമ്പോൾ പോരാട്ടം കനക്കുമെന്ന് ഉറപ്പ്. ബ്ലാസ്റ്റേഴ്സിനായി സ്റ്റേഡിയത്തിലേക്ക് മഞ്ഞക്കടൽ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ സാഹചര്യത്തിൽ കൊച്ചിയിലെ ഗതാഗത തിരക്ക് കുറയ്ക്കാനുള്ള നടപടികൾ ട്രാഫിക് പൊലീസ് കൈക്കൊണ്ടു. പ്രധാന പാതകളിൽ വാഹന പാർക്കിംഗ് നിരോധിച്ച പൊലീസ് വലിയ വാഹനങ്ങൾക്ക് നഗരത്തിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്. നാല് ദിക്കിൽ നിന്നും സ്റ്റേഡിയത്തിലേക്ക് വരുന്ന കാാണികളോട് നിശ്ചിത സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

ഉദ്ഘാടന ദിവസത്തേക്ക് മാത്രമല്ല, ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസൺ മത്സരങ്ങൾക്ക് കൊച്ചി വേദിയാകുന്ന ദിവസങ്ങളിലെല്ലാം ഈ നിയന്ത്രണങ്ങൾ പാലിക്കണം. നവംബർ 24, ഡിസംബർ മാസത്തിൽ 3, 15, 31 തീയ്യതികളിലും അടുത്ത വർഷം ജനുവരിയിൽ 4, 21, 27 തീയ്യതികളിലും ഫെബ്രുവരി 23 നും കൊച്ചിയിൽ ഇതേ ഗതാഗത ക്രമീകരണമാണ് പാലിക്കേണ്ടത്.

ബാനർജി റോഡിൽ പാലാരിവട്ടം മുതല്‍ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ വരെ ചെറിയ വാഹനങ്ങള്‍ക്കും സര്‍വ്വീസ് ബസ്സുകള്‍ക്കും മാത്രമാണ് പ്രവേശനം. മറ്റ് വലിയ വാഹനങ്ങളൊന്നും ഈ റോഡിലേക്ക് പ്രവേശിപ്പിക്കില്ല. കളിദിവസങ്ങളിൽ ഉച്ചയ്ക്ക് 02.00 മണി മുതലാണ് ഈ നിയന്ത്രണം. ഇവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പിഴയടക്കേണ്ടി വരും.

സ്റ്റേഡിയത്തിന്റെ പ്രധാന കവാടം മുതൽ സ്റ്റേഡിയം വരെയുള്ള റോഡിലും സ്റ്റേഡിയം റിംഗ് റോഡലും സ്റ്റേഡിയത്തിന്റെ പുറകുവശത്ത് കാരണക്കോടം വരെയുള്ള ഭാഗത്തും പാർക്കിംഗ് വിലക്കി. ചെറിയ വാഹനങ്ങളില്‍ വരുന്ന കാണികൾ പാലാരിവട്ടത്ത് നിന്ന് തമ്മനം റോഡ് കയറി കാരണക്കോടം വഴി സ്റ്റേഡിയത്തിലേക്ക് വരാം. വൈറ്റില ഭാഗത്ത് നിന്നും എസ് എ റോഡ്, കടവന്ത്ര, കതൃക്കടവ് കാരണക്കോടം വഴിയും സ്റ്റേഡിയത്തിന്റെ പിന്‍ ഭാഗത്ത് എത്താവുന്നതാണ്. കാരണക്കോടം സെന്റ് ജൂഡ് ചര്‍ച്ച് ഗ്രൗണ്ട്, ഐഎംഎ ഗ്രൗണ്ട്, സ്റ്റേഡിയത്തിന് പിറകിലുള്ള വാട്ടര്‍ അതോറിറ്റി ഗ്രൗണ്ട്, ഹെലിപാഡ് ഗ്രൗണ്ട്, എന്നിവടങ്ങളിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്.

വലിയ വാഹനങ്ങള്‍ ഇടപ്പള്ളി – വൈറ്റില നാഷണല്‍ ഹൈവേയുടെ ഇരുവശങ്ങളിലും ഉള്ള സര്‍വീസ് റോഡുകളിലും, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കണ്ടൈനര്‍ ടെര്‍മിനല്‍ റോഡ്, എന്നിവിടങ്ങളിലും ഗതാഗതത്തിന് തടസ്സം ഉണ്ടാക്കാതെ പാര്‍ക്ക് ചെയ്യണം.

വൈപ്പിന്‍, ഹൈക്കോര്‍ട്ട് ഭാഗങ്ങളില്‍ നിന്നും സ്റ്റേഡിയത്തിലേക്കു വരുന്ന ചെറിയ വാഹനങ്ങള്‍ കലൂർ മണപ്പാട്ടി പറമ്പ് റോഡിലെ പാര്‍ക്കിംഗ് ഗ്രൗണ്ടും, സ്റ്റേഡിയത്തിന് മുന്‍വശത്തുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടുകളും, സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് ഗ്രൗണ്ടും ഉപയോഗിക്കണം. ഉദ്ഘാടന ദിവസം സെന്റ് ആൽബർട്സ് കോളേജ് ഗ്രൗണ്ട് കാണികൾക്ക് ഉപയോഗിക്കാനാവില്ല.

വൈപ്പിന്‍, ചേരാനല്ലൂര്‍ ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങള്‍ കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷന്‍ / ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ആളുകളെ ഇറക്കിയ ശേഷം കണ്ടൈനര്‍ ടെര്‍മിനല്‍ റോഡില്‍ പാര്‍ക്ക് ചെയ്യാനാണ് നിർദ്ദേശം. കളമശ്ശേരി, വരാപ്പുഴ, ഇടപ്പളളി ഭാഗത്ത് നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ക്ക് ഇടപ്പളളി ഹൈസ്‌ക്കൂള്‍ ഗ്രൗണ്ട്, സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യാൻ സൗകര്യമുണ്ട്. യാത്രക്കാര്‍ സ്റ്റേഡിയത്തിലേക്ക് മെട്രോ അല്ലെങ്കിൽ ബസ്സ് സര്‍വ്വീസ് പ്രയോജനപ്പെടുത്തണമെന്നാണ് നിർദ്ദേശം. ബോള്‍ഗാട്ടിയില്‍ നിന്നും ഗോശ്രീ ഒന്നാം പാലം വഴി സര്‍വ്വീസ് ബസ്സുകള്‍ ഒഴികെയുളള മറ്റ് ഒരു ഭാര വാഹനവും മത്സരദിവസം ഉച്ചയ്ക്ക് 2.00 മണി മുതല്‍ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല.

തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിൽ നിന്ന് റോഡ് മാർഗം വരുന്നവർക്ക് ആലുവ മണപ്പുറത്തും മെട്രോ സ്റ്റേഷന് സമീപത്തും കളമശേരി പ്രീമിയർ ജംഗ്ഷനിലും ഇടപ്പള്ളിയിലും ആളുകളെ ഇറക്കാം. ഈ വാഹനങ്ങൾ ആലുവ മണപ്പുറം, കണ്ടൈനര്‍ ടെര്‍മിനല്‍ റോഡ് എന്നിവിടങ്ങളിലാണ് പാര്‍ക്ക് ചെയ്യേണ്ടത്. യാത്രക്കാര്‍ മെട്രോ/ബസ്സ് സര്‍വ്വീസുകള്‍ എന്നിവ പ്രയോജനപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തണം.

ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ പാലാരിവട്ടം ജംഗ്ഷനില്‍ ആളുകളെ ഇറക്കിയ ശേഷം പാലാരിവട്ടം-കുണ്ടന്നൂര്‍ നാഷണല്‍ ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള സര്‍വ്വീസ് റോഡുകളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

ഇടുക്കി, കാക്കനാട്, മുവാറ്റുപുഴ ഭാഗത്ത് നിന്നും വരുന്നവർ വാഹനങ്ങള്‍ പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷന് സമീപം സര്‍വ്വീസ് റോഡുകളില്‍ പാർക്ക് ചെയ്യണം. മത്സരം കാണാനായി വരുന്ന കാണികളില്‍ പാസ്സുളളവരുടെ വാഹനങ്ങള്‍ക്ക് മാത്രമെ സ്റ്റേഡിയം പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് പ്രവേശനം ലഭിക്കൂ.

വൈകീട്ട് 03.30ന് ശേഷം വൈറ്റില, തമ്മനം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ തമ്മനം ജംഗ്ഷനില്‍ നിന്നും നേരെ സംസ്‌കാര ജംഗ്ഷനില്‍ എത്തി പൈപ്പ്‌ലൈന്‍ റോഡിലൂടെ സ്റ്റേഡിയത്തിന് സമീപത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ പ്രവേശിക്കണം. തമ്മനം ജംഗ്ഷനില്‍ നിന്നും കാരണക്കോടം ഭാഗത്തേക്ക് യാതൊരു വിധത്തിലുളള വാഹനങ്ങള്‍ക്കും പ്രവേശനം അനുവദിക്കില്ല

മത്സര ദിവസങ്ങളിൽ രാത്രി 09.30 മുതല്‍ കതൃക്കടവ് ജംഗ്ഷനില്‍ നിന്നും കാരണക്കോടം ജംഗ്ഷനിലേക്കും തമ്മനം ജംഗ്ഷനില്‍ നിന്നും കാരണക്കോടം ജംഗ്ഷനിലേക്കും വാഹന ഗതാഗതം അനുവദിക്കില്ല. കാരണക്കോടം ജംഗ്ഷന്‍ മുതല്‍ സ്റ്റേഡിയം ബാക്ക് വരെയുളള നാല് വരി പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ യാതൊരു വാഹനങ്ങള്‍ക്കും 02.00 മണി മുതല്‍ 10.00 മണി വരെ പാര്‍ക്കിംഗ് അനുവദിക്കില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ