കൊച്ചി: ഓസ്ട്രേലിയൻ ക്ലബിനെ കൊച്ചിയിലെ മൈതാനത്ത് നിലയുറപ്പിക്കാൻ പോലും അനുവദിക്കാതെ പ്രീ സീസൺ ലാലിഗയിൽ ജിറോണ എഫ് സി ആദ്യ മത്സരം വിജയിച്ചു. കരുത്തരായ റയൽ മാഡ്രിഡിനെ അടക്കം മുട്ടുകുത്തിച്ച പരിചയമുളള ജിറോൺ തങ്ങളുടെ കളിമികവ് പുറത്തെടുത്തപ്പോൾ എതിരില്ലാത്ത ആറ് ഗോളിനാണ് മെൽബൺ സിറ്റി എഫ് സി പരാജയപ്പെട്ടത്.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മെൽബൺ സിറ്റി കേരള ബ്ലാസ്റ്റേഴ്സിനെ ഇതേ മാർജിനിലാണ് തകർത്തത്. ക്രിസ്റ്റ്യൻ പോര്‍ച്ചുഗീസ് (11, 17), ആന്റണി റൂബന്‍ ലൊസാനോ (24), യുവാന്‍ പെഡ്രോ റാമിറസ് (50), യൊഹാന്‍ മാനി (68), പെഡ്രോ പോറോ (90+2) എന്നിവരാണ് ജിറോണയ്ക്കായി ഗോളുകള്‍ നേടിയത്.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ജിറോണ, മെൽബൺ സിറ്റിയുടെ ഗോൾമുഖത്ത് നങ്കൂരമിട്ട് നിൽക്കുകയായിരുന്നു. മെൽബൺ പ്രതിരോധ കോട്ട കാഴ്ചക്കാരായി മാത്രം നിൽക്കുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ മത്സരത്തില്‍ ആറു ഗോളിന് തകര്‍ത്ത മെല്‍ബണ്‍ സിറ്റി എഫ്.സിയുടെ നിഴല്‍ മാത്രമായിരുന്നു ഇന്ന്. ഇതോടെ അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ ജിറോണ എഫ്സി എന്ത് ചെയ്യുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.