കൊച്ചി: ടൊയോട്ട യാരിസ് പ്രീ സീസൺ ലാലിഗ ടൂർണ്ണമെന്റിലെ പ്രഥമ മത്സരത്തിൽ കേരള ബ്ലാസ്റ്റേർസിന് കനത്ത തോൽവി. ഓസ്ട്രേലിയൻ എ ലീഗ് ടീമായ മെൽബൺ സിറ്റി എഫ് സി എതിരില്ലാത്ത ആറ് ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സിനെ തകർത്തത്.
മത്സരത്തിൽ ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിലെത്തിയ മെൽബൺ സിറ്റി എഫ് സി രണ്ടാം പകുതിയിൽ നാല് ഗോളുകൾ കൂടി നേടി. 30–ാം മിനിറ്റിൽ ദാരിയോ വിദോസിച്, 33–ാം മിനിറ്റില്‍ റിലേ മക്ഗ്രീ എന്നിവരാണ് മെൽബൺ സിറ്റിക്ക് വേണ്ടി ആദ്യപകുതിയിൽ ഗോളുകൾ നേടിയത്.
30–ാം മിനിറ്റിൽ ദാരിയോ വിദോസിചിന്റെ ഹെഡർ ധീരജ് സിങ്ങിനെ കബളിപ്പിച്ച് വലയിലായപ്പോഴാണ് ആദ്യ ഗോൾ പിറന്നത്. മൂന്ന് മിനിറ്റുകൾക്കപ്പുറം ആന്റണി സെസാരസ് നൽകിയ പന്ത് വലയിലെത്തിച്ച് റിലേ മക്ഗ്രീ ബ്ലാസ്റ്റേർസിനെ ഞെട്ടിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മെൽബൺ സിറ്റി എഫ്സി മൂന്നാം ഗോൾ നേടി. 50–ാം മിനിറ്റിൽ ലാച്ലൻ വെയിൽസാണ് ലക്ഷ്യം കണ്ടത്. പിന്നീട് അങ്ങോട്ട് തുടരെ തുടരെ ആക്രമിച്ച് കളിച്ച മെൽബൺ സിറ്റിക്കെതിരെ പ്രതിരോധം കാത്തുസൂക്ഷിക്കാൻ ബ്ലാസ്റ്റേർസിനായില്ല.
56–ാം മിനിറ്റില്‍ വീണ്ടും റിലേ മക്ഗ്രീ തൊടുത്ത ഷോട്ട് അദ്ദേഹത്തിന്റെ രണ്ടാമത്തെയും മെൽബൺ സിറ്റിയുടെ നാലാമത്തെയും ഗോളായി. 75-ാം മിനിറ്റിൽ രാമി നജരൈനും 79–ാം മിനിറ്റിൽ ബ്രൂണോ ഫൊർണറോലിയും ലക്ഷ്യം കണ്ടതോടെ മെൽബണിന്റെ ഗോൾ നേട്ടം ആറായി.