ലണ്ടന്‍: പരാജയ പരമ്പരയെത്തുടര്‍ന്ന് മൗറീഷ്യോ പോച്ചെറ്റിനൊയെ പുറത്താക്കിയതിനു പിന്നാലെ പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ടോട്ടനം ഹോട്‌സ്പര്‍. ഹോസോ മൗറീഞ്ഞോയാണ് ഹോട്ട്‌സ്പറിന്റെ പുതിയ പരിശീലകന്‍. 2022-23 സീസണിലാണ് മൗറീഞ്ഞോയുടെ അവസാനിക്കുക.

ഇതോടെ പ്രീമിയര്‍ ലീഗിലേക്കുള്ള മൗറീഞ്ഞോയുടെ തിരിച്ചുവരവിനും അരങ്ങൊരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ മൗറീഞ്ഞോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്താക്കിയിരുന്നു. മൗറീഞ്ഞോ ഏറ്റവും മികച്ച പരിശീലകരിലൊരാളാണെന്ന് ടോട്ടനം ചെയര്‍മാന്‍ ഡാനിയേല്‍ ലെവി പറഞ്ഞു.

ടോട്ടനത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടന്നെും താരങ്ങളുടെയും അക്കാദമിയുടെയും ഉയർന്ന നിലവാരം തന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നതും പ്രതീക്ഷ നല്‍കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

മണിക്കൂറുകള്‍ മുമ്പായിരുന്നു പൊച്ചറ്റീനൊയെ പുറത്താക്കിയതായി ടോട്ടനം അറിയിച്ചത്. ടോട്ടനത്തെ ചാമ്പ്യന്‍സ് ലീഗിന്റെ കിരീടത്തിന് തൊട്ടരികില്‍ വരെ എത്തിച്ച പരിശീലകനാണ് അദ്ദേഹം. കുറഞ്ഞ ബജറ്റിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ച പോച്ചറ്റിനൊയെ പുറത്താക്കിയത് ആരാധകരിലടക്കം ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

സതാംപ്ടണില്‍നിന്നു 2014 ലാണ് പോച്ചെറ്റിനെ ടോട്ടനത്തിലെത്തുന്നത്. കഴിഞ്ഞ നാല് സീസണിലും പ്രീമിയര്‍ ലീഗില്‍ ടോട്ടനും മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചിരുന്നത്. ആദ്യ നാല് ടീമുകളില്‍ സ്ഥിരമായിരുന്നു. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ വരെ ടോട്ടനത്തെ എത്തിക്കാനും പോച്ചെറ്റിനൊയ്ക്ക് സാധിച്ചിരുന്നു. പക്ഷെ ഈ സീസണില്‍ ടീമിന്റെ പ്രകടനം മോശമായതോടെയാണ് പുറത്താക്കല്‍. കളിച്ച 12 ല്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ടോട്ടനത്തിന് ജയിക്കാനായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook