ചാമ്പ്യൻസ് ലീഗിൽ സ്വന്തം മൈതാനത്ത് ടോട്ടൻഹാമിനെതിരെ സമനിലയിൽ കുരുങ്ങി റയൽമാഡ്രിഡ്. സാന്റിയാഗോ ബെർണബ്യുവിൽ നടന്ന മത്സരത്തിൽ 1-1 സ്കോറിനാണ് ടോട്ടൻഹാം നിലവിലെ ചാമ്പ്യൻമാരായ റയലിനെ തളച്ചത്. സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പിൽ റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.

റയലിനെതിരെ ആത്മവിശ്വാസത്തോടെ കളിച്ച ടോട്ടൻഹാമാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ഹാരി കെയ്ന്റെ ഷോട്ട് റയൽ താരം റാഫേൽ വരാന്റെ കാലിൽത്തട്ടി വലയിൽ പതിക്കുകയായിരുന്നു.

ആദ്യ പകുതി അവസാനിക്കും മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിന് സമനിലയിൽ പിടിച്ചു. ടോണി ക്രൂസിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിയാണ് റൊണാൾഡോ റയലിനെ ഒപ്പമെത്തിച്ചത്.

രണ്ടാം പകുതിയിൽ വിജയഗോളിനായി റയൽ വിയർത്ത് കളിച്ചെങ്കിലും ടോട്ടൻഹാമിന്റെ വലകുലുക്കാനായില്ല. ഹ്യൂഗോ ലോറിസിന്റെ തകർപ്പൻ സേവുകളാണ് റയലിനെ തടഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ