ബാഴ്‌സലോണ : ലാ ലിഗയിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ ബാഴ്സലോണ റിയല്‍ ബെറ്റിസിനെ നേരിടുന്നത് ശക്തികുറഞ്ഞ ഒരു അക്രമനിരയുമായി മാത്രമല്ല. വ്യാഴാഴ്ച നഗരത്തില്‍ അരങ്ങേറിയ ഭീകരാക്രമണം നല്‍കിയ ആഘാതത്തെ തങ്ങളുടെ പ്രിയപ്പെട്ട പന്തുകളിയില്‍ അതിജീവിക്കുവാനും മറയ്ക്കാനുമാവും കാമ്പ് നൗവിലെത്തുന്ന ഓരോ ബാഴ്സാ ആരാദകരും ശ്രമിക്കുക. മുന്നില്‍ ‘#TotsSomBarcelona’ എന്നും പിന്നില്‍ ബാഴ്‌സലോണ എന്നുമെഴുതിയ ജേഴ്സിയാവും ആദ്യ ലാ ലിഗ മത്സരത്തില്‍ ബാഴ്സ ധരിക്കുക.

ഞങ്ങളെല്ലാവരും ബാഴ്‌സലോണ’ എന്നര്‍ത്ഥം വരുന്ന ‘#TotsSomBarcelona’യുടെ വികാരമാവും ഭീകരാക്രമണം ഭീതി നിറച്ച ബാഴ്‌സലോണയില്‍ ഇന്ന് ആത്മവിശ്വാസമാകാന്‍ പോവുന്നത്.

എംഎസ്എന്‍ ഇല്ലാത്ത ബാഴ്സ

നെയ്മറിന്‍റെ പാരിസ് സെയിന്റ് ജര്‍മന്‍ പ്രവേശനം തിരിച്ചടിയേകിയ ബാഴ്‌സലോണയെ വീണ്ടും ആഘാതത്തിലാക്കുന്നതാണ് ലൂയിസ് സുവാരസിനേറ്റ പരുക്ക്. സുവാരസിനു പുറമേ പരുക്കേറ്റ ഇനിയെസ്റ്റയ്ക്കും രാഫീനയ്ക്കും കളിക്കാന്‍ സാധിക്കില്ല എന്നാണ് ക്ലബ്ബ് മാനേജ്മെന്റ് വ്യക്തമാക്കുന്നത്.

വലിയൊരു പരീക്ഷണത്തെ തന്നെയാണ് ബാഴ്‌സലോണയുടെ മാനേജറായുള്ള ആദ്യ ലാലീഗാ മത്സരത്തില്‍ ഏര്‍ണസ്റ്റ് വല്‍വേര്‍ഡെയ്ക്ക് നേരിടാനുള്ളത്. ലോകത്തെ ഏറ്റവും ശക്തമായ ആക്രമനിര എന്നുവിശേഷിക്കപ്പെട്ട മെസ്സി-നെയ്മര്‍- സുവാരസ് ത്രയം ഇല്ലാത്തയൊരു ബാഴ്‌സലോണയുടെ ആദ്യ ലാ ലിഗ മത്സരം. എന്നതിനുപുറമേ.  ആത്മവിശ്വാസത്തിനും കോട്ടം തട്ടിയൊരു നഗരത്തിനു വേണ്ടി കൂടിയിരങ്ങുമ്പോള്‍ റിയല്‍ ബെറ്റിസിനെതിരെ വിജയത്തില്‍ കുറഞ്ഞ ഒന്നും നൂ കാമ്പ് പ്രതീക്ഷിക്കുന്നില്ല.

ടെര്‍ സ്റ്റീഗണ, സിലിസെന്‍, സെമെഡോ, റാക്കിറ്റിച്ച്, പിക്വെ, സെര്‍ജിയോ, ഡെനിസ് സുവാരാസ്, ആര്‍ഡ തുരാന്‍, മെസ്സി, മസ്കെരാനോ,, ഡ്യൂലോഫ്, പാകോ അല്‍കാസര്‍, ജോര്‍ഡി ആല്‍ബ, ഡൈന്‍, സെര്‍ജി റോബര്‍ട്ടോ, ആന്ദ്രേ ഗോമസ്. അലെക്സ് വിദാല്‍, ഉമ്റ്റിറ്റി എന്നിവരില്‍ നിന്നാവും ഇന്നത്തെ പതിനൊന്നുപേരെ തെരഞ്ഞെടുക്കുക.

പതിനാലു പേര്‍ മരിച്ച ബാഴ്‌സലോണ ഭീകരാക്രമണത്തില്‍ നൂറിനു മുകളില്‍ പേര്‍ക്കാണ് പരുക്കേറ്റത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ