കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലം ഫുട്ബോൾ ലോകം ഏറ്റവും കൂടുതൽ ആവർത്തിച്ച പേരുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടേതുമാണ്. ആരാണ് കേമൻ എന്ന തർക്കം അനുദിനം മുറുകുകയും ചെയ്യുന്നു. ഇതിനിടയിലാണ് ലൂക്ക മോഡ്രിച്ച് എന്ന ക്രൊയേഷ്യൻ താരം ഫുട്ബോൾ ലോകത്തിന്റെ കൊടുമുടിയിലേക്ക് ഉയരുന്നത്. സൂപ്പർതാരങ്ങൾ കുത്തകയാക്കി വച്ചിരുന്ന പല പട്ടങ്ങളും മോഡ്രിച്ച് ഇത്തവണ തന്റെ കീശയിലാക്കി കഴിഞ്ഞു.

ലോകകപ്പ് വര്‍ഷത്തെ ഏറ്റവും മികച്ച 50 ഫുട്ബോള്‍ താരങ്ങളുടെ പട്ടികയിലും മോഡ്രിച്ച് തന്നെയാണ് ഒന്നാം സ്ഥാനത്ത്. പ്രമുഖ ഫുട്ബോള്‍ വെബ്സൈറ്റായ ഗോള്‍ ഡോട്ട് കോം പുറത്തുവിട്ട പട്ടികയിലാണ് പ്രമുഖ താരങ്ങളെ പിന്തള്ളി മോഡ്രിച്ച് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച നായകനാണ് ലൂക്കാ മോഡ്രിച്ച്.

ലോകകപ്പില്‍ പോര്‍ച്ചുഗലിനെ നയിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാമതും. ലിവർപൂളിന്റെ ഈജിപ്ത്ഷ്യൻ സുപ്പർ സ്റ്റാർ മുഹമ്മദ് സല മൂന്നാം സ്ഥാനവും നേടി. ഫ്രാൻസിന്റെ യുവതാരം കെയ്‍ലിയൻ എംബാപ്പെ നാലാം സ്ഥാനത്തെത്തിയപ്പോൾ, അർജന്റീനിയൻ നായകൻ ലയണൽ മെസിക്ക് അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപെടേണ്ടി വന്നു. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഇരുപത്തിനാലാം സ്ഥാനത്താണ് എന്ന കൗതുകവുമുണ്ട്.

2008 മുതലാണ് ഗോള്‍ ഡോട്ട് കോം ആ വർഷത്തെ ഏറ്റവും മികച്ച 50 ഫുട്ബോള്‍ താരങ്ങളെ പട്ടിക തയ്യാറാക്കാൻ ആരംഭിച്ചത്. ലോകകപ്പ് വർഷമായതിനാൽ തന്നെ വലിയ പ്രതീക്ഷയോടെ ഫുട്ബോൾ ആരാധകർ ഈ വർഷത്തെ പട്ടികയ്ക്കായി കാത്തിരിക്കുകയായിരുന്നു.

ലോകകപ്പിലെ മികച്ച പ്രകടനം തന്നെയാണ് താരങ്ങൾക്ക് ഗുണമായത്. ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിൽ എത്തിച്ച മോഡ്രിച്ച് തന്നെയായിരുന്നു ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് പുറമെ മികച്ച യുറോപ്യൻ താരമായും ഫിഫ പ്ലെയർ ഓഫ് ദി ഇയറായും മോഡ്രിച്ച് മാറി. ബാലൻ ദി ഓർ പട്ടികയിലും മോഡ്രിച്ച് തന്നെയാണ് മുന്നിലെന്നാണ് സൂചന.

ആദ്യ പത്തിൽ ഇടം പിടിച്ച താരങ്ങൾ

1. ലൂക്ക മോഡ്രിച്ച്
2. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
3. മുഹമ്മദ് സല
4. കെയ്‍ലിയൻ എംബാപ്പെ
5. ലയണൽ മെസ്സി
6. കെവിന്‍ ഡിബ്രുയ്‌നെ
7. റാഫേല്‍ വരാന്‍
8. ഹാരി കെയ്ന്‍
9. അന്റോണിയോ ഗ്രീസ്മാന്‍
10. മാഴ്‌സെലോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook