ജസ്പ്രീത് ബുംറ നയിക്കുന്ന ഇന്ത്യൻ പേസ് നിര ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും കരുത്തുറ്റതാണ്. നിശ്ചിത ഓവർ ക്രിക്കറ്റിൽ ജസ്പ്രീത് ബുംറ , മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നീ സീനിയർ താരങ്ങൾക്കൊപ്പം ദീപക് ചാഹറും ഷാർദുൽ ഠാക്കൂറുമാണ് ഇന്ത്യയുടെ കുന്തമുന. ടെസ്റ്റ് ക്രിക്കറ്റിൽ ഇഷാന്ത് ശർമയുടെയും ഉമേഷ് യാദവിന്റെയും പരിചയ സമ്പത്തും ഇന്ത്യൻ ആധിപത്യത്തിന് അടിത്തറ പാകുന്നു. ഇവർക്കൊപ്പം നിൽക്കുന്ന കരുത്തുറ്റ മറ്റൊരു സംഘം ബോളർമാരാണ് ഇന്ത്യയുടെ ബെഞ്ചിലുള്ളത്. ടീമിലേക്ക് ക്ഷണം കാത്തിരിക്കുന്ന അഞ്ച് പേസർമാർ ആരൊക്കെയെന്ന് നോക്കാം.
നവ്ദീപ് സൈനി
ഡൽഹിയിൽ നിന്നുള്ള താരമായ നവ്ദീപ് സൈനി മികച്ച ലെങ്തിലും വേഗതയിലും പന്തെറിയാൻ സാധിക്കുന്ന താരമാണ്. ഇതിനൊടകം ചില മത്സരങ്ങളിൽ ഇന്ത്യൻ ടീമിന് വേണ്ടി കളിച്ച താരം എന്നാൽ നിലവിൽ സീനിയർ ടീമിലെ സ്ഥിരസാന്നിധ്യമല്ല. സ്ഥിരതയോടെ പന്തെറിയാൻ സാധിക്കുന്ന സൈനി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടുന്ന പ്രധാന താരങ്ങളിലൊരാളാണ്.
Also Read: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അഞ്ച് നായകന്മാർ
ആവേശ് ഖാൻ
മധ്യപ്രദേശിൽ നിന്നുള്ള 23 കാരനായ വലംകയ്യൻ പേസറാണ് ആവേശ് ഖാൻ. നിലവിലുള്ള സെലക്ടർമാർ ഏറെ പ്രതീക്ഷയോടെ കാണുന്ന താരം വൈകാതെ തന്നെ ഇന്ത്യൻ ടീമിന്രെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കാം. 2018ൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നെറ്റ്സിൽ പന്തെറിയാൻ ആവേശ് ഖാനെ അയച്ചിരുന്നു. ഏകദിന ലോകകപ്പിലും ഇന്ത്യൻ ടീമിനെ സഹായിക്കാനെത്തിയ ആവേശ് ഖാൻ നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ പ്രതീക്ഷയാണ്. 2017 ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചു തുടങ്ങിയ താരം ഇപ്പോൾ ഡൽഹി ക്യാപിറ്റൽസിലാണ്.
Also Read: ആറടിയിൽ നിന്ന് അഞ്ച് ഗോളിനൊരു ഉയിർത്തെഴുന്നേൽപ്പ്; ഹൈദരാബാദിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്
ബേസിൽ തമ്പി
കേരളത്തിൽ നിന്നുള്ള ബേസിൽ തമ്പി ഇന്ത്യൻ ടി20 ടീമിലേക്ക് ക്ഷണം കാത്തിരിക്കുന്ന താരമാണ്. വിക്കറ്റുകൾ കൊയ്യാൻ സാധിക്കുന്ന യോർക്കറുകളാണ് ബേസിൽ തമ്പിയുടെ പ്രത്യേകത. 2017 ഐപിൽ സീസണിൽ എമേർജിങ് പ്ലെയർ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ട ബേസിൽ തമ്പി കഴിഞ്ഞ രഞ്ജി ട്രോഫിയിൽ കേരളത്തെ സെമിഫൈനൽ വരെ എത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ചിരുന്നു. 72 ഫസ്റ്റ് ക്ലാസ് വിക്കറ്റുകൾ ഇതിനോടകം തന്റെ അക്കൗണ്ടിലാക്കാനും ബേസിൽ തമ്പിക്കായി.
ഇഷാൻ പോറൽ
2018ൽ ഇന്ത്യയ്ക്ക് അണ്ടർ 19 ലോകകപ്പ് നേടിത്തരുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ഇഷാൻ പോറൽ. പരുക്കാണ് ഇഷാനെ വലയ്ക്കുന്ന പ്രധാന പ്രശ്നം. എന്നാൽ ഈ സീസണിൽ ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുന്ന താരത്തിന് ഇന്ത്യ എ ടീമിലേക്ക് ക്ഷണം ലഭിച്ചിരുന്നു. മീഡിയം പേസറുടെ റോളിൽ തിളങ്ങാൻ താരത്തിനാകുമെന്നാണ് പ്രതീക്ഷ.
Also Read: എങ്ങനെ മറക്കും ഈ ഇടംകയ്യൻ സ്വിങ്ങറെ? പത്താന്റെ മികച്ച ഇന്നിങ്‌സുകൾ
സന്ദീപ് വാര്യർ
ന്യൂസിലൻഡ് എയ്ക്കെതിരെ നടക്കുന്ന ഏകദിന-ചതുർദിന മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിലേക്ക് ക്ഷണം ലഭിച്ച മലയാളിയായ സന്ദീപ് വാര്യറും ഇന്ത്യൻ സീനിയർ ടീമിലേക്ക് ക്ഷണം കാത്തിരിക്കുന്ന താരമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 44 വിക്കറ്റുകൾ വീഴ്ത്തിയ താരം കഴിഞ്ഞ രഞ്ജി ട്രോഫിയിൽ കേരളത്തെ സെമിഫൈനൽ വരെ എത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ചിരുന്നു.