ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു ഐഎസ്എല്ലിന്റെ കടന്നുവരവ്. ഇന്ത്യൻ സൂപ്പർ ലീഗ് അതിന്റെ അഞ്ചാം പതിപ്പിലേക്കെത്തുമ്പോൾ മാറ്റങ്ങൾ വ്യക്തമാണ്. ഇത്തവണയും പുത്തൻ പ്രതീക്ഷകളും തന്ത്രങ്ങളുമായി ടീമുകൾ പോരാട്ടത്തിനിറങ്ങുമ്പോൾ കഴിവുറ്റ ഒരുപിടി ഇന്ത്യൻ യുവതാരങ്ങളാണ് അവസരം കാത്തിരിക്കുന്നത്.

ധീരജ് സിങ് – കേരള ബ്ലാസ്റ്റേഴ്‍സ്

പതിനെട്ടുകാരനായ ധീരജായിരുന്നു കഴിഞ്ഞ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ ഗോൾവല കാത്തത്. ഗോൾ പോസ്റ്റിന് മുന്നിലെ ധീരജിന്റെ ചോരാത്ത കൈകൾ നേരത്തെയും ഏറെ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. സ്കോട്ടിഷ് ക്ലബ്ബായ മദർവെൽ എഫ്സിയിൽ നിന്നുമാണ് ധീരജ് കേരളത്തിലെത്തുന്നത്. ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾകീപ്പറാണ് ധീരജ്. കൊച്ചിയിൽ നടന്ന പ്രീസീസൺ ടൂർണമെന്റായ ടോയോട്ട ലാ ലീഗ സീരിസിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാത്തത് ധീരജായിരുന്നു.

ജിതിൻ എം.എസ് – കേരള ബ്ലാസ്റ്റേഴ്‍സ്

സന്തോഷ് ട്രോഫിയിലെ മികച്ച പ്രകടനമാണ് മലയാളിയായ ജിതിൻ എം.എസിനെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിച്ചത്. രാജ്യത്താദ്യമായി ട്രാൻസ്ഫർ ഫീയിലൂടെ ക്ലബ്ബ് മാറിയ താരമാണ് ജിതിൻ. അഞ്ച് ലക്ഷം രൂപയ്ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, എഫ്സി കേരളയിൽ നിന്നും ജിതിനെ സ്വന്തം തട്ടകത്തിൽ എത്തിച്ചത്. കഴിഞ്ഞ സന്തോഷ് ട്രോഫിയിലെ ടോപ്പ് സ്‍കോററായിരുന്ന ജിതിന് വേണ്ടി കൊൽക്കത്തയും ശ്രമം നടത്തിയിരുന്നെങ്കിലും ബ്ലാസ്റ്റേസ് താരത്തെ സ്വന്തമാക്കുകയായിരുന്നു.

മൈക്കിൾ സൂസൈരാജ് – ജംഷദ്‍പൂർ എഫ്സി

തമിഴ്നാട് സ്വദേശിയായ മൈക്കിൾ 2017-2018 സീസണിൽ ഐ ലീഗിലെ മികച്ച മധ്യനിരതാരമെന്ന പട്ടവും പേറിയാണ് സൂപ്പർ ലീഗിലേക്കെത്തുന്നത്. ഐ ലീഗിൽ ചെന്നൈ സിറ്റിയുടെ ക്യാപ്റ്റനായിരുന്നു മൈക്കിൾ. ജംഷദ്പൂരിന്റെ മധ്യനിരയിൽ തന്ത്രങ്ങൾ മെനയാനും മൈക്കിൾ സൂസൈരാജ് എന്ന യുവതാരം ഐഎസ്എല്ലിൽ ഉണ്ടാകും.

നിഖിൽ പൂജാരി – പുണെ സിറ്റി എഫ്സി

സാഫ് കപ്പിൽ ഇന്ത്യയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് നിഖിൽ പൂജാരി. ഐ ലീഗിൽ മുംബൈ എഫ്സി, ഈസ്റ്റ് ബംഗാൾ ടീമുകളുടെ താരമായിരുന്ന നിഖിൽ ഇത്തവണ ബൂട്ട്കെട്ടുക പുണെ സിറ്റിക്ക് വേണ്ടിയാകും. മുന്നേറ്റത്തിൽ പുണെയുടെ തേരാളിയായി നിഖിലുമുണ്ടാകുമെന്നാണ് കരുതുന്നത്.

ലാൽദിൻലൈന റെന്തേലി – ചെന്നൈയിൻ എഫ്സി

ഐ ലീഗിൽ ഐസ്വാളിന്റെ വിശ്വസ്തനായ പ്രതിരോധ താരമായിരുന്ന ലാൽദിൻലൈന ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈ താരമായാണ് അരങ്ങേറുക. 19 കാരനായ ലാൽദിൻലൈന എഎഫ്സി കപ്പിന്റെ കഴിഞ്ഞ സീസണിൽ ഐസ്വാളിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഹൃഷി ദത്ത് – കേരള ബ്ലാസ്റ്റേഴ്‍സ്

എഐഎഫ്എഫ് എലൈറ്റ് ഫുട്ബോൾ അക്കാദമിയിൽനിന്നുമാണ് ഹൃഷിയുടെ വരവ്. മധ്യനിരയിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന ഹൃഷി കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം അംഗമായിരുന്നു. എന്നാൽ ഇത്തവണ ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനായി താരം ബൂട്ട് കെട്ടുമെന്നാണ് കരുതുന്നത്. കൊച്ചിയിൽ നടന്ന പ്രീസീസൺ ടൂർണമെന്റായ ടോയോട്ട ലാ ലീഗ സീരിസിൽ ഹൃഷി കളത്തിലിറങ്ങിയിരുന്നു.

ഷെയ്ക്ക് ഫയാസ് – അത്‍ലറ്റികോ ഡി കൊൽക്കത്ത

ഐ ലീഗിലെ കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാനിൽ നിന്നുമാണ് ഷെയ്ക്ക് ഫയാസ് എറ്റികെയിലെത്തുന്നത്. വിശ്വസ്തനായ വിങ്ങറാണ് ഫയാസ്. കഴിഞ്ഞ സീസണിൽ രണ്ട് ഗോളുകൾ നേടിയ താരം ഗോളിന് വഴിയൊരുക്കുന്നതിൽ കേമനാണ്.

റിക്കി ലല്ലവ്മവ്മ – അത്‍ലറ്റികോ ഡി കൊൽക്കത്ത

അത്‍ലറ്റികോ ഡി കൊൽക്കത്തക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന മറ്റൊരു താരമാണ് ഈ മിസോറാംകാരൻ. ഐ ലീഗിൽ നിന്ന് തന്നെയാണ് റിക്കി ലല്ലവ്മവ്മയുടെയും വരവ്. ഐസ്വാൾ എഫ്സിയിൽ കരിയർ ആരംഭിച്ച താരം മോഹൻ ബഗാനിൽനിന്നുമാണ് കൊൽക്കത്തയിൽ എത്തുന്നത്. കൊൽക്കത്തൻ പ്രതിരോധത്തിൽ ശക്തമായ സാന്നിധ്യമാകാൻ റിക്കി ഉണ്ടാകുമെന്നാണ് കരുതുന്നത്.

നിഖിൽ ഖാദം – നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

അഞ്ചാം സീസണിൽ നോർത്ത് ഈസ്റ്റിന്റെ കിരീട പ്രതീക്ഷകൾക്ക് കരുത്തേകൻ എത്തുന്ന താരമാണ് നിഖിൽ ഖാദം. മഹാരാഷ്ട്ര സ്വദേശിയായ നിഖിൽ മോഹൻ ബഗാനിലെ കരിയർ അവസാനിപ്പിച്ചാണ് നോർത്ത് ഈസ്റ്റിലേക്ക് കൂടുമാറുന്നത്.

റെയ്നർ ഫെർനാണ്ടസ് – മുംബൈ സിറ്റി എഫ്സി

മൊഹൻ ബഗാനിൽനിന്നുമാണ് റെയ്നർ ഫെർനാണ്ടസും ഇന്ത്യൻ സൂപ്പർ ലീഗിലെത്തുന്നത്. മധ്യനിരയിലും മുന്നേറ്റനിരയിലും കളിക്കാനുള്ള മികവാണ് താരത്തിന്റെ പ്രത്യേകത. മുംബൈയിൽ ഏത് റോളിലാകും ഇറങ്ങുകയെന്ന് വ്യക്തമല്ലയെങ്കിലും മുംബൈ നിരയിൽ സാന്നിധ്യമറിയിക്കാൻ താരത്തിന് കഴിയുമെന്നാണ് വിശ്വാസം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook