ഐസിസിയെയും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും പരിഹസിച്ച് ഇംഗ്ലണ്ട് ടീം മുൻ നായകൻ മൈക്കൽ വോൺ. മൊട്ടേരയിലെ പിച്ച് മോശമാണെന്ന് വോൺ നേരത്തെ വിമർശനമുന്നയിച്ചിരുന്നു. അതിനുപിന്നാലെയാണ് ഐസിസിയെയും ഇന്ത്യൻ ടീമിനെയും താരം വിമർശിച്ചിരിക്കുന്നത്. പല്ലുകൊഴിഞ്ഞ ഐസിസി ഇന്ത്യയെ പോലെ ശക്തരായ രാജ്യങ്ങളെ തന്നിഷ്‌ടത്തിനു വിടുകയാണെന്ന് വോൺ പരിഹസിച്ചു.
“സ്‌പിൻ പിച്ചിൽ ഇന്ത്യ തന്നെയാണ് മികച്ച ടീം. എന്നാൽ, മൊട്ടേരയിലെ അവരുടെ വിജയം പരിഹാസിതരാകുന്ന തരത്തിലുള്ളതാണ്. ഇന്ത്യയെ പോലുള്ള ശക്തരായ രാജ്യങ്ങള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുമ്പോള്‍ ഐസിസി കൂടുതല്‍ പല്ലു കൊഴിഞ്ഞതുപോലെയാകുന്നു,” വോൺ പറഞ്ഞു. ഡെയ്‌ലി ടെലഗ്രാഫിലെഴുതിയ ലേഖനത്തിലാണ് വോൺ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഇന്ത്യയ്‌ക്ക് തോന്നിയ പോലെ കാര്യങ്ങൾ ചെയ്യാൻ ഐസിസി അധികാരം നൽകുമ്പോൾ അത് ടെസ്റ്റ് ക്രിക്കറ്റിനെ തന്നെയാണ് ബാധിക്കുന്നതെന്ന് വോൺ പറഞ്ഞു. കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ബ്രോഡ്‌കാസ്റ്റർമാർക്ക് തങ്ങള്‍ മുടക്കിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെടാമെന്നും വോണ്‍ പറയുന്നു.
മുൻ ഇംഗ്ലണ്ട് നായകൻ കൂടിയായ അലിസ്റ്റർ കുക്കും ഇന്ത്യൻ ടീമിനെതിരെ രംഗത്തെത്തിയിരുന്നു. ഈ പിച്ചിൽ കളിക്കുക വളരെ ദുഷ്‌കരമാണെന്ന് പറഞ്ഞ കുക്ക് കോഹ്‌ലിയുടെ പ്രസ്‌താവനയെ എതിർത്തു. ”അതെന്തെങ്കിലും ആവട്ടെ, അതൊക്കെ ബിസിസിഐയുടെ കാര്യമാണെന്നാണ് മത്സരശേഷം കോഹ്‌ലി പറഞ്ഞത്. പക്ഷേ ആ പിച്ചിൽ കളിക്കുക വളരെ ദുഷ്കരമായിരുന്നു. അതെ, വളരെ ദുഷ്‌കരം. വിക്കറ്റ് പോയതിന് പിച്ചിനെ മാറ്റിനിർത്തി ബാറ്റ്‌സ്‌മാൻമാരെ മാത്രം കുറ്റം പറയാനാവില്ല” കുക്ക് പറഞ്ഞതായി ‘ചാനൽ ഫോർ’ റിപ്പോർട്ട് ചെയ്യുന്നു.
Read Also: സിപിഎം അധികാരത്തിലുള്ള ഏക സംസ്ഥാനം, കോൺഗ്രസിന് അഭിമാന പോരാട്ടം, ശക്തി തെളിയിക്കാൻ ബിജെപി
കോഹ്‌ലിയും റൂട്ടും അടക്കം സ്‌പിൻ പിച്ചിൽ മനോഹരമായി കളിക്കുന്ന ബാറ്റ്സ്മാന്‍മാര്‍ പോലും ഈ പിച്ചില്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടിയതായി കുക്ക് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മറ്റേത് പിച്ചിനെക്കാളും ടേണ്‍ ചെയ്ത പിച്ചായിരുന്നു അഹമ്മദാബാദിലേതെന്നും അദ്ദേഹം പറഞ്ഞു.
മൊട്ടേരയിലെ പിച്ചിൽ ദുർഭൂതങ്ങളില്ലെന്നും ഇരു ടീമുകളുടെയും ബാറ്റ്‌സ്‌മാൻമാരുടെ മോശം പ്രകടനമാണ് ടെസ്റ്റ് മത്സരം വേഗം അവസാനിക്കാൻ കാരണമെന്നുമാണ് കോഹ്‌ലി മത്സരശേഷം പറഞ്ഞത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം (ഡേ-നൈറ്റ്) രണ്ട് ദിവസം കൊണ്ടാണ് പൂർത്തിയായത്. പത്ത് വിക്കറ്റ് വിജയമാണ് മൊട്ടേരയിൽ ഇന്ത്യ സ്വന്തമാക്കിയത്. ഇരു ടീമുകൾക്കും ഒരു ഇന്നിങ്സിൽ പോലും 200 റൺസ് കടക്കാൻ സാധിച്ചില്ല.
“വളരെ സത്യസന്ധമായി പറഞ്ഞാൽ, ബാറ്റ്‌സ്‌മാൻമാർ കഴിവിനൊത്ത് ഉയർന്നിട്ടില്ല. ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റിന് നൂറ് റൺസെടുത്ത ഞങ്ങൾ പിന്നീട് 150 ന് ഓൾഔട്ടായി. ചുരുങ്ങിയത് ഒന്നാം ഇന്നിങ്സിലെങ്കിലും ബാറ്റിങ്ങിന് അനുകൂലമായ പിച്ചായിരുന്നു. പക്ഷേ, ഞങ്ങളത് ഉപകാരപ്പെടുത്തിയില്ല. മൊട്ടേരയിലെ പിച്ചിൽ ദുർഭൂതങ്ങളൊന്നും ഒളിഞ്ഞിരിക്കുന്നില്ല,” കോഹ്‌ലി പറഞ്ഞു.