കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ഇന്ത്യന്‍ നായകനും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫിന് അവഗണന. ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് ക്ഷണിക്കാതിരുന്നതിനാല് സ്വന്തമായി ടിക്കറ്റെടുത്ത് ഗാലറിയിലിരുന്നാണ് ടോം ജോസഫ് കളി കണ്ടത്. ടോം ജോസഫടക്കമുള്ള മുന്‍ ഇന്ത്യന്‍ താരങ്ങളെ ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് സംഘാടകര്‍ ക്ഷണിച്ചിരുന്നില്ല. സംഘാടകരുടെ നടപടിയില്‍ കാണികളും പ്രതിഷേധിച്ചു.
കേരളവും പഞ്ചാബും തമ്മിലുള്ള മത്സരം കാണാനാണ് ടോം എത്തിയത്. നേരെ ടിക്കറ്റ് കൗണ്ടറിലെത്തിയ ടോം ജോസഫ് ടിക്കറ്റെടുത്ത് ഗാലറിയിലേക്ക് നീങ്ങി. ടോം ജോസഫിനെ കണ്ട് ആരാധകരം ആവേശത്തിലായി. തുടര്‍ന്ന് സംഘാടകര്‍ സ്ഥലത്തെത്തിയെങ്കിലും ആരാധകര്‍ ഗോ ബാക്ക് വിളികളുയര്‍ത്തി പ്രതിഷേധം അറിയിച്ചു. തനിക്ക് കുഴപ്പമില്ലെന്ന് ടോമും അറിയിച്ചതോടെ സംഘാടകര്‍ പിന്മാറി. തുടര്‍ന്ന് ഗാലറിയില്‍ ഇരുന്ന് തന്നെ ടോം ജോസഫ് കളി നിരീക്ഷിച്ചു.
നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ച കേരളം അവസാന മത്സരത്തിലും വിജയം സ്വന്തമാക്കി ഗ്രൂപ്പ് ചാമ്പ്യന്മാരാവുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാം മത്സരത്തിനിറങ്ങിയത്. വിചാരിച്ചത്ര എളുപ്പമായിരുന്നില്ല കേരളത്തിന് പഞ്ചാബിനെതിരെയുള്ള മത്സരം. ആദ്യ രണ്ട് സെറ്റുകളും കടുത്ത പോരാട്ടത്തിനൊടുവില്‍ കേരളം സ്വന്തമാക്കി.
മൂന്നാം സെറ്റില്‍ മത്സരം വീണ്ടും കടുത്തു. പോയിന്റ് നില മാറി മറിഞ്ഞു. ഒടുവില്‍ 27 -25ന് കേരളത്തിന് ജയം. ക്യാപ്റ്റന്‍ ജെറോമിന്റെ സൂപ്പര്‍ സ്മാഷുകള്‍ക്കൊപ്പം ജി എസ് അഖിന്റെയും അജിത് ലാലിന്റെയും സ്മാഷുകള്‍ കൂടിയാണ് കേരളത്തിന് ജയം സമ്മാനിച്ചത്.