ഐസിസി ടി ട്വന്റി ലോകകപ്പിനുള്ള മത്സരക്രമങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ പുകഴ്‌ത്തി ഇംഗ്ലണ്ട് ഫാസ്റ്റ് ബോളർ. ലോകകപ്പ് ഷെഡ്യൂളിൽ ഇന്ത്യയും ഇംഗ്ലണ്ടും ഒരു ഗ്രൂപ്പിലാണ്. നവംബർ ഒന്നിന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം.

വിരാട് കോഹ്‌ലിയെ പുറത്താക്കാനുള്ള പദ്ധതി കൈയ്യിലുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 23 കാരനായ ഇംഗ്ലണ്ട് ഫാസ്റ്റ് ബോളർ ടോം കുറാന്റെ മറുപടി ഇതായിരുന്നു, ”നോ ബോളിൽ കൂടിയാവില്ല എന്നാണ് പ്രതീക്ഷ. നമുക്ക് നോക്കാം. അയാൾ അവിശ്വസനീയ താരമാണ്.”

കുറാന്റെ നോ ബോൾ പരമാർശത്തിന് കാരണമുണ്ട്. ഓസ്ട്രേലിയക്കെതിരെ നടന്ന തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ കുറാന് നോ ബോൾ മൂലം വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഡേവിഡ് വാർണറുടെ വിക്കറ്റാണ് നോ ബോൾ മൂലം കുറാന് നഷ്ടമായത്.

ഓസ്ട്രേലിയയിൽ നടക്കുന്ന ടി ട്വന്റി ലോകകപ്പ് മത്സരങ്ങളിൽ ഭാഗമാകാൻ കഴിയുന്നതിന്റെ സന്തോഷവും കുറാൻ പ്രകടിപ്പിച്ചു. ”എല്ലാ മത്സരങ്ങളും ആവേശം നിറഞ്ഞതായിരിക്കും ഓസ്ട്രേലിയയിൽ ടി ട്വന്റി മത്സരങ്ങൾ കളിക്കുന്നത് അവിശ്വസനീയമാണ്. 2015 ലെ ലോകകപ്പ് മത്സരങ്ങളുടെ ആവേശം നമ്മൾ കണ്ടതാണ്,” കുറാൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook