Tokyo Olympics 2021: ഗോദയില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം. പുരുഷന്മാരുടെ 57 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയയാണ് വെള്ളി നേടിയത്. ഫൈനലില്‍ റഷ്യയുടെ സ്വർ റിസ്വനോവിച്ച് ഉഗുവേവിനോടാണ് പരാജയപ്പെട്ടത്. സ്കോര്‍ 7-4.
അതേസമയം 86 കിലോഗ്രാം വിഭാഗം വെങ്കല മെഡല്‍ മത്സരത്തില്‍ ഇന്ത്യയുടെ ദീപക് പൂനിയ പരാജയപ്പെട്ടു. സാന്‍ മറീനോയുടെ മൈൽസ് അമിനോടാണ് പരാജയം. ആദ്യ ഘട്ടത്തില്‍ ദീപക് മൈല്‍സിന് മുകളില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചടി നേരിടുകയായിരുന്നു. സ്കോര്‍ 4-2.
ടോക്കിയോയിലെ ഇന്ത്യയുടെ അഞ്ചാമത്തെ മെഡലാണ് രവി നേടിയത്. രണ്ടാമത്തെ വെള്ളിയും. നേരത്തെ ബാഡ്മിന്റണില്‍ പി.വി സിന്ധു (വെങ്കലം), ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു (വെള്ളി), ബോക്സിങ്ങില്‍ ലവ്ലിന (വെങ്കലം), ഹോക്കി (വെങ്കലം) എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ പട്ടിക.
അതിശയകരമായ തിരിച്ചുവരവിലൂടെയാണ് 57 കിലോ ഗ്രാം വിഭാഗം ഫ്രീസ്റ്റൈലില്‍ രവി ഫൈനലിലെത്തിയത്. സെമിയില്‍ കസാഖ് താരം സനായേവിനെ അവസാന നിമിഷങ്ങളിലാണ് മറികടന്നത്. ഒരുവേള 2-9 എന്ന നിലയില്‍ പിന്നിലായിരുന്നിട്ടും രവിയുടെ പോരാട്ട വീര്യം ഫൈനലിലേക്കുള്ള വാതില്‍ തുറന്നു.
കൊളംബിയയുടെ ഓസ്കർ അർബനോയെ 13-2 എന്ന സ്കോറിന് തകർത്ത് ക്വാർട്ടറിലെത്തിയ രവികുമാർ ബൾഗേറിയയുടെ ജോർജി വാംഗളോവിനെ 14-4 എന്ന സ്കോറിന് കീഴടക്കിയായിരുന്നു സെമി ഫൈനല്‍ ഉറപ്പിച്ചത്.
ഒളിംപിക് ചരിത്രത്തില്‍ ഗുസ്തിയില്‍ ഇന്ത്യ ആദ്യമായി ഒരു മെഡല്‍ നേടിയത് 1952 ഹെല്‍സിങ്കി ഗെയിംസിലാണ്. കെ.ഡി ജാധവായിരുന്നു ചരിത്ര നേട്ടം കുറിച്ചത്. പിന്നീട് മറ്റൊരു മെഡലിനായി അര നൂറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നു.
2008 ബെയ്ജിങ് ഒളിംപിക്സില്‍ സുശീല്‍ കുമാര്‍ ഇന്ത്യയുടെ അഭിമാനമായി. അന്ന് വെങ്കലം നേടിയ സുശീല്‍ 2012 ലണ്ടണ്‍ ഒളിംപിക്സില്‍ നേട്ടം വെള്ളിയിലേക്ക് എത്തിച്ചു. ലണ്ടണില്‍ തന്നെ വെങ്കലം നേടി യോഗേശ്വര്‍ ദത്തും മെഡല്‍ നിരയിലേക്ക് എത്തി.
2016 റിയോ ഒളിംപിക്സിലാണ് ഗുസ്തിയില്‍ ആദ്യമായൊരു വനിതാ താരം ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. സാക്ഷി മാലിക്ക് 58 കിലോ ഗ്രാം വിഭാഗത്തില്‍ പൊരുതി നേടുകയായിരുന്നു വെങ്കലം.
Also Read: Tokyo Olympics: സ്വന്തം ഗ്രാമത്തില്‍ വെള്ളമില്ല, കറന്റില്ല; രവി കുമാറിന്റെ വിജയത്തിന് ഇരട്ടി മധുരം