ആറ് തവണ ലോക ബോക്സിംഗ് ചാമ്പ്യനായ എംസി മേരി കോം പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗ് എന്നിവർ ടോക്കിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാകവാഹകരായിരിക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) അറിയിച്ചു.
2018ലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവായ ബജ്രംഗ് പുനിയ ഓഗസ്റ്റ് എട്ടിന് നടക്കുന്ന സമാപനച്ചടങ്ങിൽ പതാകവാഹകനാകും.
ഇതാദ്യമായാണ് ഒളിംപിക്സിൽ ഇന്ത്യക്ക് രണ്ട് പതാക വാഹകരുണ്ടാവുന്നത്. വരാനിരിക്കുന്ന ടോക്കിയോ ഗെയിംസിൽ “ലിംഗ സമത്വം” ഉറപ്പുവരുത്തുന്നതിനായണ് ഒരു പുരുഷനും ഒരു സ്ത്രീയും പതാക വാഹകരാവുന്നതെന്ന് ഐഒഎ പറയുന്നു. ഇതുസംബന്ധിച്ച തീരുമാനം ഐഒഎ ഗെയിംസിന്റെ സംഘാടക സമിതിയെ അറിയിച്ചിട്ടുണ്ട്.
Read More: ശാസ്ത്രിയുടെ പകരക്കാരനായി ദ്രാവിഡ് എത്തുമോ; കപിൽ ദേവ് പറയുന്നു
56 ശതമാനം പുരുഷന്മാരും 44 ശതമാനം വനിതകളുമാണ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിലുണ്ടാവുക.
“ഇത് എന്റെ അവസാന ഒളിമ്പിക്സ് ആണെന്നതിനാൽ എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ നിമിഷമായിരിക്കും. ഞാൻ വൈകാരികമായിട്ടാവും അപ്പോൾ പ്രതികരിക്കുക, ”മേരി കോം പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു. “ഉദ്ഘാടനച്ചടങ്ങിൽ ടീമിനെ നയിക്കാനുള്ള ഈ അവസരം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇത് ഒരു അധിക പ്രചോദനമായിരിക്കും. ഒരു മെഡലിനായി പരമാവധി ശ്രമിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു,” അവർ പറഞ്ഞു.
Read More: ലങ്കൻ പരമ്പരയിൽ ധവാൻ റൺസ് നേടണം; അല്ലാതെ ലോകകപ്പ് ടീമിൽ ഇടം ലഭിക്കില്ല: ലക്ഷ്മൺ
ജൂലൈ 23 നാണ് ടോക്കിയോ ഒളിംപിക്സ് ആരംഭിക്കുക. 2020ൽ നടക്കേണ്ടിയിരുന്ന ഒളിംപിക്സ് കോവിഡ് വ്യാപനത്തെത്തുടർന്ന് ഒരുവർഷത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. നൂറിലധികം ഇന്ത്യൻ അത്ലറ്റുകളാണ് ടോക്യോ ഒളിംപിക്സിൽ പങ്കെടുക്കുന്നത്.
കഴിഞ്ഞ വർഷം തുടക്കത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) രണ്ട് ലിംഗങ്ങളിൽ നിന്നുമുള്ള പതാകവാഹകരെ ഉദ്ഘാടനച്ചടങ്ങിൽ ഉൾപ്പെടുത്താനുള്ള വ്യവസ്ഥകൾ പ്രഖ്യാപിച്ചത്.