അസമിലെ ഗോലഘട്ടില്‍ ബോക്സിങ് താരം ലൗവ്ലിന ബോര്ഗോഹെയിന് ചെളിവെള്ളത്തില്‍ ചവിട്ടി നിന്ന് വയലില്‍ നെല്ല് നടുന്നു. ഛത്തീസ്ഗഢില്‍ ഷൂട്ടിങ് താരം അഞ്ജും മൗദ്ഗില്‍ തോക്കിന് പകരം കൈയിലേന്തുന്നത് പെയിന്റിങ് ബ്രഷ്. നീന്തല്‍ താരം ശ്രീഹരി നടരാജ് ആകട്ടെ ബംഗളുരുവില്‍ ഗിറ്റാറിന്റെ ലോകത്തിലാണ്. ബാഡ്മിന്റണ്‍ താരം സാത്വിക് സായ് രാജ് റങ്കിറെഡ്ഡിയാകട്ടെ കൊതുകിനെ കൊല്ലാനുള്ള ബാറ്റുമായി മലേറിയയെ അകറ്റിനിര്‍ത്താനുള്ള ശ്രമത്തിലും.
എല്ലാം ശരിയായിരുന്നുവെങ്കില്‍ ഇവരെല്ലാം വെള്ളിയാഴ്ച രാവിലെ ടോക്കിയോയിലെ ദേശീയ സ്റ്റേഡിയത്തില്‍ ഒളിമ്പിക്സ് ഗെയിംസിന്റെ ഉദ്ഘാടന വേദിയില്‍ ആയിരിക്കുമായിരുന്നു.
പക്ഷേ, ഇതൊരു കെട്ടകാലം.
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തില്‍ ഇന്ത്യയുടെ 100 ഓളം പേര് അടങ്ങുന്ന ഇന്ത്യന്‍ സംഘത്തിന്റെ ഭാഗമായി മാറുന്നതിന് പകരം അവരെല്ലാം വീട്ടില്‍ സാധാരണ ജീവിതം നയിക്കുന്നു. തങ്ങളുടെ ജീവിതത്തിന്റെ അന്തിമ ലക്ഷ്യത്തിലേക്കുള്ള കാത്തിരിപ്പ് തുടരുകയും ചെയ്യുന്നു.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് നാല് മാസം മുമ്പ് ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് മാറ്റി വയ്ക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും സംഘാടകരും തീരുമാനിച്ചു. ഗെയിംസ് ഇനി ആരംഭിക്കുക 2021 ജൂലൈ 23-ന് ആണ്.
Read Also: IPL 2020: ഇന്ത്യൻ പ്രീമിയർ ലീഗിന് സെപ്റ്റംബർ 19ന് തുടക്കമാകും, ഫൈനൽ നവംബർ 8ന്
മഹാമാരിയില്‍ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് തന്റെ പെയിന്റിങ്ങുകള്‍ വില്‍ക്കുകയാണ് മൗദ്ഗില്‍. ഒളിമ്പിക്സ് നടക്കുമെന്ന പ്രതീക്ഷയില്‍ ആണ് അവര്‍ ആശ്വാസം കാണുന്നത്. ഞങ്ങളുടെ ആദ്യ മത്സരം ശനിയാഴ്ച ആയിരുന്നു. ബുധനാഴ്ച അതേക്കുറിച്ച് ആലോചിച്ചപ്പോള്‍ ഞാന്‍ വികാരാധീനയായി. കാത്തിരിപ്പിന്റെ സമ്മിശ്ര വികാരമാണ് അനുഭവപ്പെടുന്നത്. അടുത്ത വര്‍ഷം ഞങ്ങള്‍ക്ക് പോകാന്‍ കഴിയും, മൗദ്ഗില്‍ പറയുന്നു.
ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യാക്കാരില്‍ ഒരാളാണ് മൗദ്ഗില്‍. കൂടാതെ, ആദ്യ ദിനം തന്നെ സമ്മാനവേദിയില്‍ നില്ക്കാന് സാധ്യതയുള്ള താരവുമായിരുന്നു. നാല് ഇനങ്ങളിലായി ഏഴ് ഇന്ത്യാക്കാരാണ് മെഡലിനായി പൊരുതുന്നത്. ഇത് മുമ്പെങ്ങുമുണ്ടായിട്ടില്ല.
മറ്റുള്ളവര്‍, പിസ്റ്റള്‍ ഷൂട്ടര്‍മാരായ സൗരഭ് ചൗധരി, അഭിഷേക് വര്‍മ്മ, മൗദ്ഗിലിന്റെ ടീമംഗവും റൈഫില്‍ ഷൂട്ടറായ അപൂര്‍വി ചന്ദേല, വെയ്റ്റ് ലിഫ്റ്റിങ് താരം മിരാബായ് ചാനു. പിന്നെ ഒരു മിക്സ്ഡ് ടീം ഇനത്തിലെ അമ്പെയ്ത്തുകാരും.
വര്‍മ്മ ഒരു അഭിഭാഷകനാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തിന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍നിന്നും അഭിഭാഷകനായി ജോലി ചെയ്യുന്നതിനുള്ള ലൈസന്‍സ് ലഭിച്ചത്. “ഒളിമ്പിക്സിന് ഇനിയുമൊരു വര്‍ഷമുണ്ട്. ഈ വര്‍ഷം മറ്റു മത്സരങ്ങളൊന്നുമില്ല. അതിനാല്‍, ദിവസമുള്ള പരിശീലനത്തിനുശേഷം അഭിഭാഷകവൃത്തി ആരംഭിക്കാമെന്ന് ഞാന്‍ കരുതുന്നു,” അദ്ദേഹം പറയുന്നു. ഭരണഘടനാ നിയമങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളുമാണ് അദ്ദേഹത്തിന്റെ താല്പര്യ വിഷയങ്ങള്‍.
Read Also: ‘ഐഎം വിജയന് ഹിന്ദി ഭാഷ ബുദ്ധിമുട്ടായിരുന്നു, ഫുട്ബോൾ ഭാഷയിലെ മികവുകൊണ്ട് അത് മറികടന്നു’
അദ്ദേഹത്തിന്റെ ടീമംഗവും ലോക നാലാം നമ്പറുകാരനുമായ 18 വയസ്സുകാരന് ചൗധരി യുപിയിലെ കലിനയിലെ തൊഴുത്തിലെ ഷൂട്ടിങ് റേഞ്ചില്‍ പരിശീലനത്തിലാണ്.
2017 ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയിട്ടുള്ള ചാനു പട്യാലയിലെ ദേശീയ സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റല്‍ മുറിയില്‍ മൂന്ന് മാസം ചെലവഴിച്ചശേഷം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. “കൊറോണ ഞങ്ങളുടെ എല്ലാ വികാരങ്ങളേയും കൊന്നു,” ചാനുവിന്റെ പരിശീലകനായ വിജയ് ശര്‍മ്മ പറയുന്നു. “സാധാരണ നില തിരിച്ചുവരാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുക മാത്രം ചെയ്യുന്നു.”
മുതിര്‍ന്ന താരങ്ങള്‍ പോലും നിലവിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഷ്ടപ്പെടുകയാണ്. “ടിവി കണ്ടും യോഗ ചെയ്തും ഭക്ഷണം പാകം ചെയ്തും നിലം വൃത്തിയാക്കിയും ഞാന്‍ കഴിഞ്ഞ നാല് മാസം ചെലവഴിച്ചു,” രണ്ട് തവണ ഒളിമ്പിക്സില്‍ പങ്കെടുത്ത അമ്പെയ്ത്ത് താരം ദീപിക കുമാരി പറഞ്ഞു. “ഒളിമ്പിക്സിന്റെ രസം, ആ സമ്മര്‍ദ്ദം, വികാരാധീനത, ആവേശം എല്ലാം എനിക്ക് നഷ്ടമാകുന്നു. ഇപ്പോള്‍ ഒരു സാധാരണ ജീവിതമാണ്.”
മറ്റുചിലര്‍ക്ക് ഈ സാധാരണ ജീവിതം പുതിയതാണ്. ഷട്ടില്‍ താരം രങ്കിറെഡ്ഢി പരിശീലനം നടത്തുന്നുണ്ട്. കൂടാതെ, വൈകുന്നേരങ്ങളില്‍ കൊതുകിനെ ഓടിച്ചും തിരക്കിലാണ്. “ഈ സീസണില്‍ അവ ഒരു വലിയ പ്രശ്നമാണ്. അസുഖം ബാധിച്ച് ആശുപത്രി പോകുകയെന്ന റിസ്ക് എടുക്കാന്‍ ആകില്ല. വീട്ടില്‍ ആറു മണിയോടെ എല്ലാ ജനലും വാതിലും അടയ്ക്കും. അല്ലെങ്കില്‍ മലേറിയ പരത്തുന്ന കൊതുകുകള്‍ എത്തും,” അദ്ദേഹം പറയുന്നു.
നടരാജിനാകട്ടെ ലോക്ക്ഡൗണ്‍ എന്നാല്‍ മുടി വെട്ടാത്ത കാലമണ്. അദ്ദേഹത്തിന്റെ ചുരുണ്ട മുടി തോളറ്റം വളര്‍ന്നു. ജലത്തിലെ ഘര്‍ഷണം ഒഴിവാക്കാന്‍ നീന്തല്‍ താരങ്ങള്‍ മുടി പറ്റെ വെട്ടിക്കും. എന്നാല്‍ ഒളിമ്പിക്സ് വളയങ്ങളുള്ള കണ്ണട ധരിച്ച് ഒരു ഗിറ്റാര്‍ കൈയിലേന്തിയ നടരാജിന്റെ പുതിയ അവതാരം ഫ്രീക്കനാണ്.
“ചിലര്‍ക്ക് ഇപ്പോഴും നീണ്ട മുടിയുണ്ട്. പക്ഷേ, പ്രധാനപ്പെട്ട മത്സരത്തിന് മുമ്പ് ഞാന്‍ മുടി മുറിക്കും. യൂത്ത് ഒളിമ്പിക്സില്‍ നിന്നാണ് എനിക്ക് ആ കണ്ണടകള്‍ ലഭിച്ചത്. ഗിറ്റാര്‍ സഹോദരന്റേതും. ഞാനിപ്പോള്‍ ഗിറ്റാര്‍ വായിക്കാന്‍ പഠിക്കുകയാണ്, “അദ്ദേഹം പറയുന്നു.
100 മീറ്റര്‍ ബാക്ക്സ്ട്രോക്കില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയായ 18 വയസ്സുകാരന് നീന്തല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ ഒളിമ്പിക്സിന് യോഗ്യത നേടാം എന്ന പ്രതീക്ഷയിലാണ്. ഇതുവരെ ഏഴ് ഇനങ്ങളില്‍ നിന്നായി 74 ഇന്ത്യന്‍ കായിക താരങ്ങളാണ് ഒളിമ്പിക്സിന് യോഗ്യത നേടിയത്. 2021-ന്റെ ആദ്യ പകുതിയില്‍ യോഗ്യത മത്സരങ്ങള്‍ നടക്കുമ്പോള്‍ കൂടുതല്‍ താരങ്ങള്‍ ഒളിമ്പിക് ബെര്‍ത്ത് നേടുമെന്ന് പ്രതീക്ഷിക്കുന്നു.
സുരക്ഷാ കാരണങ്ങളാല്‍ താരങ്ങളൊന്നും വിദേശ പരിശീലനത്തിന് പോകരുതെന്ന് സര്‍ക്കാരും സ്പോര്‍ട്സ് ഫെഡറേഷനുകളും തീരുമാനിച്ചിരുന്നു. ബാഡ്മിന്റണും ഭാരദ്വേഹനവും ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റൊരു കായിക ഇനത്തിലും അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ നടക്കുന്നില്ല.
ബോക്സര്‍ ബോര്ഗോഹെയിന് ഉര്‍വശീ ശാപം ഉപകാരമായത് പോലെയാണ്. കിടപ്പിലായ അമ്മയെ ശുശ്രൂഷിക്കാന്‍ നെല്‍ വയലിലെ ജോലിക്കുശേഷം അവര്‍ക്ക് പോകണം. വൈകുന്നേരം ചെറിയൊരു മുറിയില്‍ ബോക്സിങ് ബാഗും ട്രെഡ്മില്ലും ഉപയോഗിച്ച് ഒറ്റയ്ക്ക് പരിശീലനം നടത്തുകയും വേണം.
“എന്റെ അമ്മയ്ക്ക് വയ്യ. ആശുപത്രിയിലായിരുന്നു. ഇപ്പോള്‍ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ എനിക്ക് അവരെ ശുശ്രൂഷിക്കാം.”
(ഷാഹിദ് ജഡ്ജ്, ശശാങ്ക് നായര്‍, ശിവാനി നായിക് എന്നിവര്‍ക്കൊപ്പം)
Read in English: Olymics 2021: In world without Covid, they would all be in Tokyo today