ടോക്കിയോ: ലോക കായിക മാമാങ്കമായ ഒളിംപിക്സിന് ടോക്കിയോയില്‍ തിരിതെളിഞ്ഞു. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. കോവിഡ് വ്യാപനത്തിനിടയിലാണ് ഇത്തവണ ഒളിംപിക്സ്. ടോക്കിയോയില്‍ രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്.
ടോക്കിയോ രണ്ടാം തവണയാണ് ഒളിമ്പിക്സ് വേദിയാകുന്നത്. ഈ വർഷം സ്കേറ്റ്ബോർഡിംഗ്, കരാട്ടെ, സർഫിംഗ്, സ്പോർട്ട് ക്ലൈംബിംഗ് തുടങ്ങിയ മത്സര ഇനങ്ങളും ഒളിമ്പിക്സിന്റെ ഭാഗമാണ്. ഈ തവണ 42 വേദികളിലായി 33 കായിക ഇനങ്ങളിൽ 339 മത്സരങ്ങളാണ് നടക്കുന്നത്.
അന്‍പതില്‍ താഴെ അത്ലറ്റുകളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. എം.സി മേരി കോം, മൻപ്രീത് സിംഗ് എന്നിവരാണ് പരേഡിൽ ഇന്ത്യൻ പതാകയേന്തിയത്. ജാപ്പനീസ് അക്ഷരമാലക്രമം അനുസരിച്ച് ഇരുപത്തിയൊന്നാമതായാണ് ഇന്ത്യ എത്തിയത്.
ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ്ജെൻഡർ അത്ലീറ്റും ഇത്തവണ മത്സരിക്കുന്നുണ്ട്. ഭാരോദ്വഹനത്തിലാണ് 43 വയസുള്ള ലോറൽ ഹബാർഡ് മത്സരിക്കുക. ലിംഗ മാറ്റത്തിനു മുൻപ് 2013 ൽ പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ അവർ മത്സരിച്ചിട്ടുണ്ട്. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ 2015 ൽ പുറപ്പെടുവിച്ചതിനു ശേഷമാണ് അവർക്ക് മത്സരിക്കാൻ യോഗ്യത ലഭിച്ചത്.
കോവിഡ് മൂലം കാണികളെ പ്രവേശിപ്പിക്കാത്തതിനാൽ കാണികളുള്ള അന്തരീക്ഷം വേദികളിലും സ്റ്റേഡിയങ്ങളിലും അത്ലറ്റുകൾക്കായി നൽകുന്നതിന് ശബ്ദ സംവിധാനം ഉപയോഗിക്കും. മുൻ ഒളിമ്പിക്സുകളിൽ റെക്കോർഡ് ചെയ്തിട്ടുള്ള കാണികളുടെ ശബ്ദമായിരിക്കും ഇതിനായി ഉപയോഗിക്കുക.
Also Read: ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ ഇവരാണ്; നാല് സ്വര്‍ണം വരെ നേടുമെന്ന് പ്രവചനം