Tokyo Olympics 2020: വനിതകളുടെ ബോക്സിങ് 69 കിലോഗ്രാം വിഭാഗത്തിൽ ജർമ്മനിയുടെ നാദിൻ അപെറ്റ്സിനെ 3-2 ന് പരാജയപ്പെടുത്തി ലോവ്ലിന ബൊർഗോഹെയ്ൻ ക്വാര്‍ട്ടറില്‍ കടന്നു.
ടേബിള്‍ ടെന്നിസ്: ശരത് കമാല്‍ പുറത്ത്; ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ജയം
പുരുഷന്മാരുടെ ടേബിള്‍ ടെന്നിസ് മൂന്നാം റൗണ്ടില്‍ ഇന്ത്യയുടെ ശരത് കമാല്‍ പുറത്ത്. ചൈനയുടെ മാ ലോങ്ങിനോടാണ് തോല്‍വി. ആദ്യത്തെ അഞ്ച് ഗെയിമില്‍ നാലും ചൈനീസ് താരം നേടി.
നിലവിലെ ഒളിംപിക് ചാമ്പ്യനും ലോക ഒന്നാം നമ്പറുമാണ് ലോങ്. സ്കോര്‍ 7-11, 11-8, 11-13, 4-11, 4-11.
ബാഡ്മിന്റണില്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സ്വാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന് ജയം. ബ്രിട്ടണിന്റെ വെന്‍ഡി-ലെയിന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ 21-17, 21-19.
ഹോക്കിയില്‍ തകര്‍പ്പന്‍ ജയം
പുരുഷ വിഭാഗം ഹോക്കി ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. സ്പെയിനിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയോട് വന്‍ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യക്ക് ജയം അനിവാര്യമായിരുന്നു.
മലയാളി താരം ശ്രീജേഷ് മികച്ച പ്രകടനം നടത്തി. സ്പെയിന് നിരവധി തവണ സ്കോർ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ പ്രതിരോധ നിരയെ മറികടക്കാനായില്ല.
ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വീണ്ടും നിരാശ
10 മീറ്റര്‍ പിസ്റ്റള്‍ മിക്സഡ് വിഭാഗത്തില്‍ ഇന്ത്യ പുറത്ത്. മനു ഭാക്കര്‍ – സൗരഭ് ചൗദരി സഖ്യം യോഗ്യതാ റൗണ്ട് രണ്ടില്‍ ഏഴാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്. നേടിയ സ്കോര്‍ 380.
ആദ്യ ഘട്ടത്തിൽ ഇരുവരും ആധിപത്യം സ്ഥാപിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ രണ്ടാമത്തേതിൽ മനുവിന്റെ ലക്ഷ്യം തുടര്‍ച്ചയായി മൂന്ന് തവണം എട്ടിലായത് തിരിച്ചടിയായി.
നമ്മള് എന്ത് വിശ്വസിച്ചു എന്നതില്‍ കാര്യമില്ല. സംഭവിക്കാനുള്ളത് സംഭവിച്ചു കഴിഞ്ഞു. മത്സരത്തിന് ശേഷം മനു ഭാക്കര്‍ നിരാശയോടെ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയുള്ള ഇനമായിരുന്നു 10 മീറ്റര്‍ പിസ്റ്റള്‍ മിക്സഡ് ഇവന്റ്. സൗരഭ് ചൗദരി മികവ് പുലര്‍ത്തിയപ്പോള്‍, മനു ഭാക്കറിന് തന്റെ നിലവാരത്തിനൊത്ത് ഉയരാന്‍ സാധിച്ചില്ല.
Also Read: Tokyo Olympics 2020: പ്രായം 13; നേട്ടം ഒളിംപിക്സില്‍ സ്വര്‍ണം