Latest News

Tokyo Olympics 2020 Day 2: വിജയം നേടി മേരി കോമും സിന്ധുവും മാനികയും; ഹോക്കിയിൽ ഇന്ത്യക്ക് പരാജയം

ഇന്ത്യയുടെ ഏക ഗോൾ 34–ാം മിനിറ്റിൽ ദിൽപ്രീത് സിങിന്റെ സ്റ്റിക്കിൽ നിന്നുമായിരുന്നു

ഫൊട്ടോ: ഹോക്കി ഇന്ത്യ/ട്വിറ്റർ

Tokyo Olympics 2020 ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടന ദിവസം വെയ്റ്റ്ലിഫ്റ്റിങ്ങിൽ മീരബായ് ചാനുവിന്റെ വെള്ളിമെഡൽ നേട്ടത്തോടെ ഇന്ത്യൻ സംഘത്തിനുണ്ടായ ആവേശം രണ്ടാം ദിനത്തിൽ തുടരാനായില്ല. മെഡൽ നേട്ടമില്ലാത്ത രണ്ടാം ദിനത്തിൽ ചില ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾ പുറത്താവുകയും ചെയ്തു.

അർജുൻ ലാൽ, അരവിന്ദ് സിംഗ് എന്നിവരുടെ ഇന്ത്യൻ റോയിംഗ് ടീം സെമിഫൈനലിൽ പ്രവേശിച്ചു. വനിതകളുടെ ബാഡ്മിന്റണ്‍ വ്യക്തിഗത വിഭാഗത്തില്‍ പിവി സിന്ധുവിന് മികച്ച വിജയത്തോടെ തുടക്കം കുറിക്കാൻ കഴിഞ്ഞു. ടേബിൾ ടെന്നീസ് രണ്ടാം റൗണ്ടിൽ വിജയിച്ച മാനിക ബാത്ര മൂന്നാം റൗണ്ടിലേക്ക് കടന്നു.

വനിതകളുടെ 51 കിലോ ഗ്രാം ബോക്സിങ്ങില്‍ ഇന്ത്യന്‍ ഇതിഹാസം മേരി കോം പ്രീ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. എന്നാൽ 63 കിലോഗ്രാം വിഭാഗത്തിൽ മനീഷ് കൗശിക് പുറത്തായി.

ഷൂട്ടിംഗിൽ ഇന്ത്യയുടെ നിരാശ രണ്ടം ദിനവും തുടർന്നു. മനു ഭാക്കർ, യശസ്വിനി ദേശ്വാൽ, ദിവാക് കുമാർ, ദിവ്യാൻഷ് പൻവർ എന്നിവർ അതത് വിഭാഗങ്ങളിൽ 10 മീറ്റർ എയർ പിസ്റ്റളിന് യോഗ്യത നേടിയില്ല.

ടെന്നീസ് വനിതാ ഡബിൾസിൽ സാനിയ മിർസയും അങ്കിത റെയ്‌നയും പരാജയപ്പെട്ടു. 6-0, 6-7 (0), 8-10 എന്ന സ്കോറിനായിരുന്നു യുക്രൈനിലെ കിച്ചെനോക് ഇരട്ടകളോട് പരാജയപ്പെട്ടത്.

ഓൾ റൗണ്ട് ഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ ഇന്ത്യയുടെ ഏക ജിംനാസ്റ്റ് പ്രണതി നായക് പരാജയപ്പെട്ടു.

ടേബിൾ ടെന്നീസിൽ ഏഴ് സെറ്റുകൾക്ക് പൊരുതി ജി സത്യൻ ആദ്യ റൗണ്ടിൽ പുറത്തായി. ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിനും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ആറ് ഗോളുകൾക്ക് ഓസ്‌ട്രേലിയയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ഹോക്കിയിൽ ഇന്ത്യയെ തകർത്ത് ഓസ്ട്രേലിയ

ടോക്കിയോ ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് പ്രഹരം നൽകി ഓസ്ട്രേലിയ. പുരുഷ വിഭാഗം പൂൾ എ മത്സരത്തിൽ ഇന്ത്യയെ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് ഓസ്ട്രേലിയ തകർത്തു. ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ 3–2ന് തോൽപിച്ചാണ് ഇന്ത്യ ഓസ്‌ട്രേലിയക്ക് എതിരെ ഇറങ്ങിയത്.

ഓസ്‌ട്രേലിയക്ക് വേണ്ടി ജേക്കബ് വെറ്റൺ, ജെറമി ഹെയ്‌വാർഡ്, ആൻഡ്രൂ ഒഗിൽവി, ജോഷ്വ ബെൽറ്റ്സ്, ബ്ലെയ്ക് ഗോവേഴ്സ്, ടിം ബ്രാൻഡ്, എന്നിവരാണ് ഗോളുകൾ നേടിയത്. ഇന്ത്യയുടെ ഏക ഗോൾ 34–ാം മിനിറ്റിൽ ദിൽപ്രീത് സിങിന്റെ സ്റ്റിക്കിൽ നിന്നുമായിരുന്നു. പെനാൽറ്റി കോർണർ അവസരങ്ങൾ പലതും വലയിൽ എത്തിക്കാൻ കഴിയാതിരുന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

പൂൾ എയിൽ സ്പെയിൻ, അർജന്റീന, ജപ്പാൻ എന്നീ ടീമുകളെയാണ് ഇന്ത്യ ഇനി നേരിടുക. ഓരോ പൂളിൽ നിന്നും ആദ്യ നാല് സ്ഥാനക്കാരാണ് ക്വാർട്ടറിൽ എത്തുക.

ബോക്സിങ്: 4-1, ഇടിച്ചിട്ട് മേരി കോം; പ്രീ ക്വാര്‍ട്ടറില്‍ കടന്നു

വനിതകളുടെ 51 കിലോ ഗ്രാം ബോക്സിങ്ങില്‍ ഇന്ത്യന്‍ ഇതിഹാസം മേരി കോം പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഡൊമിനിക്കന്‍ റിപബ്ലിക്കിന്റെ എം. ഹെര്‍ണാണ്ടസിനെയാണ് മേരി പരാജയപ്പെടുത്തിയത്. സ്കോര്‍ 4-1.

ഹെര്‍ണാണ്ടസിന്റെ വേഗതയെ 38-ാം വയസിലും പ്രതിരോധിക്കാനും മറികടക്കാനും ഇതിഹാസ താരത്തിനായി. മികച്ച ഫുട്ട് വര്‍ക്കാണ് മേരി കാഴ്ച്ച വച്ചത്.

ടേബിള്‍ ടെന്നിസ്: മാനിക ബാത്ര മൂന്നാം റൗണ്ടില്‍

ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ പ്രതീക്ഷ നിലനിര്‍ത്തി മാനിക ബാത്ര മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. ഉക്രൈന്റെ മാർഗരിറ്റ പെസോട്‌സ്കയെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ 4-11, 4-12, 11-7, 12-10, 8-11, 11-5, 11-7.

ആദ്യ രണ്ട് സെറ്റുകളും നേടി ഉക്രൈന്‍ താരം മികച്ച രീതിയിലാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ പിന്നീട് മാനിക തിരിച്ചു വന്നു. മൂന്നിനെതിരെ നാല് സെറ്റുകള്‍ സ്വന്തമാക്കിയാണ് അടുത്ത റൗണ്ടിലേക്ക് പ്രവേശനം.

ഇന്ത്യയുടെ ലോക 38-ാം റാങ്കുകാരനായ ജി. സത്യന്‍ ടേബിള്‍ ടെന്നിസില്‍ നിന്ന് പുറത്തായി. ഹോങ് കോങ്ങിന്റെ ലാം സ്യു ഹാങ്ങിനോടാണ് പരാജയപ്പെട്ടത്. സ്കോര്‍ 7-11, 11-7,11-4, 11-5, 9-11, 10-12, 6-11.

ഒരു ഘട്ടത്തില്‍ 3-1 എന്ന നിലയില്‍ സത്യന്‍ ലീഡ് ചെയ്തിരുന്നു. പിന്നീടുള്ള മൂന്ന് സെറ്റുകള്‍ താരത്തിന് നഷ്ടമാവുകയായിരുന്നു. 95 റാങ്കുകാരനാണ് ലാം സ്യു. ആദ്യമായാണ് ലാം സത്യനെ കീഴടക്കുന്നത്.

ടെന്നിസ്: സാനിയ-അങ്കിത സംഖ്യത്തിന് തോല്‍വി; ആഷ്ലി ബാര്‍ട്ടി ആദ്യ റൗണ്ടില്‍ പുറത്ത്

ടെന്നിസ് വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-അങ്കിത റെയ്ന സഖ്യത്തിന് ആദ്യ റൗണ്ടില്‍ തോല്‍വി. ഉക്രൈന്റെ കിച്ചനോക്ക് സഹോദരിമാരോടാണ് പരാജയപ്പെട്ടത്.

ആദ്യ സെറ്റ് 6-0 ന് അനായാസം ഇന്ത്യന്‍ സംഖ്യം സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റ് 3-5 ന് പിന്നില്‍ നിന്ന ശേഷം കിച്ചനോക്ക് സഹോദരിമാര്‍ നേടി.

ഡിസൈഡിങ്ങ് സെറ്റില്‍ 10-8 നാണ് ഉക്രൈന്‍ ജയം ഉറപ്പിച്ചത്. 0-7 എന്ന സ്കോറില്‍ അടിപതറിയെങ്കിലും പിന്നീട് സാനിയ സഖ്യം തിരിച്ചു വരികയായിരുന്നു.

അതേസമയം, ലോക ഒന്നാം നമ്പര്‍ ആഷ്ലി ബാര്‍ട്ടി വ്യക്തിഗത ഇനത്തില്‍ ആദ്യ റൗണ്ടില്‍ പുറത്തായി. സ്പെയിന്റെ സാറ സോറിബ്സിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയം. സ്കോര്‍ 6-4, 6-3.

അനായാസം പി.വി. സിന്ധു

വനിതകളുടെ ബാഡ്മിന്റണ്‍ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് ഉജ്വല തുടക്കം. ഇസ്രയേലിന്റെ കെസ്നിയ പൊളികാര്‍പ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും സിന്ധുവിന് വെല്ലുവിളി ഉയര്‍ത്താന്‍ ഇസ്രയേല്‍ താരത്തിനായില്ല. 13 മിനുറ്റുകള്‍ മാത്രമാണ് മത്സരം നീണ്ടു നിന്നത്. സ്കോര്‍ 21-7, 21-10.

ഷൂട്ടിങ്ങില്‍ നിരാശ

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യക്ക് നിരാശ. പ്രതീക്ഷയായിരുന്ന മനു ഭാക്കര്‍ 575 പോയിന്റോടെ 12-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. യശ്വസിനി ദേശ്വാള്‍ 13-ാം സ്ഥാനത്തുമാണ് യോഗ്യതാ റൗണ്ടിലെത്തിയത്. 574 പോയിന്റാണ് യെശ്വസ്വിനി നേടിയത്.

റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്

റോവിങ്ങില്‍ ഇന്ത്യന്‍ സംഘം സെമി ഫൈനലില്‍. അര്‍ജുന്‍ ലാല് ജാറ്റ്, അരവിന്ദ് സിങ് സംഖ്യമാണ് പുരുഷന്മാരുടെ ലൈറ്റ് വെയിറ്റ് ഡബിള്‍ സ്കള്‍സ് വിഭാഗത്തില്‍ സെമിയിലെത്തിയത്. മൂന്നാമാതായാണ് ഇന്ത്യന്‍ സംഘം ഫിനിഷ് ചെയ്തത്. തുടക്കത്തില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും അവസാന 250 മീറ്ററിലാണ് ടീം അപ്രതീക്ഷിതമായ മുന്നേറ്റം നടത്തിയത്.

Also Read: Tokyo Olympics 2021 Full Schedule: ടോക്കിയോ ഒളിമ്പിക്സ് 2021: മത്സര പട്ടിക, അത്ലറ്റുകൾ; അറിയേണ്ടതെല്ലാം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Tokyo olympics 2020 day two updates

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express