ജാതീയ അധിക്ഷേപങ്ങൾക്ക് ഒരു അവസാനമുണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും തന്റെ ടീമിനെ ജനങ്ങൾ പിന്തുണയ്ക്കുന്നുവെന്ന് കരുതുന്നുവെന്നും ഇന്ത്യൻ ഹോക്കി താരം വന്ദന കട്ടാരിയ. ടോക്കിയോ ഒളിമ്പിക്സ് സെമി ഫൈനലിലെ പരാജയത്തിന് പിറകെ തനിക്കെതിരയുണ്ടായ ജാതീയ അധിക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ടോക്യോയിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം നടത്തിയ സ്വപ്നതുല്യമായ മുന്നേറ്റത്തിൽ സുപ്രധാന പങ്ക് വഹിച്ച താരമാണ് മുന്നേറ്റ നിരക്കാരിയായ വന്ദന കട്ടാരിയ.
ടോക്യോ ഒളിംപിക്സിൽ സെമിഫൈനൽ വരെയെത്തിയ ഇന്ത്യ അർജന്റീനയോട് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ട ശേഷം ഹരിദ്വാറിലെ ഒരു കൂട്ടം യുവാക്കൾ പടക്കം പൊട്ടിക്കുകയും ആഘോഷിച്ച് നൃത്തം ചെയ്യുകയും ജാതിപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്ന് വന്ദനയുടെ കുടുംബം ആരോപിച്ചു.
സംഭവത്തിൽ പരാതിയെ തുടർന്ന് മുഖ്യപ്രതി വിജയ്പാൽ എന്നയാളിനെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷൻ 504 (സമാധാനം ലംഘിക്കുന്നതിനുള്ള ഉദ്ദേശ്യത്തോടെയുള്ള മനപ്പൂർവ്വമായ അപമാനിക്കൽ), എസ്സി/എസ്ടി നിയമം എന്നിവ പ്രകാരം വിജയ് പാൽ, അങ്കുർ പാൽ, സുമിത് ചൗഹാൻ, മറ്റ് അജ്ഞാതർ എന്നിവർക്കെതിരെ സിഡ്കൽ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
Read More: Tokyo Olympics 2020: പൊരുതി വീണു; വനിതാ ഹോക്കിയിൽ വെങ്കലമില്ലാതെ മടക്കം
സെമിയിൽ പരാജയപ്പെട്ട ഇന്ത്യ വെങ്കല മെഡലിനായുള്ള പ്ലേഓഫ് മത്സരത്തിൽ ഇന്ത്യ ബ്രിട്ടനോട് 4-3ന് പരാജയപ്പെടുകയും ചെയ്തിരുന്നു. മത്സരത്തിൽ ഇന്ത്യയുടെ മൂന്ന് ഗോളുകളിൽ ഒരു ഗോൾ വന്ദനയുടേതാണ്.
നാട്ടിൽ നടന്ന സംഭവത്തെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും എന്നാൽ ഇതുവരെ തന്റെ കുടുംബത്തോട് സംസാരിച്ചിട്ടില്ലെന്നും പ്ലേ ഓഫ് മത്സരത്തിനു ശേഷം വന്ദന പറഞ്ഞു.
“നാമെല്ലാവരും രാജ്യത്തിനുവേണ്ടിയാണ് കളിക്കുന്നത്, എന്താണ് സംഭവിക്കുന്നതെങ്കിലും, ജാതിപരമായ പരാമർശങ്ങൾ പോലുള്ള കാര്യങ്ങൾ സംഭവിക്കരുത്. ഞാൻ അതിനെക്കുറിച്ച് എത്ര കുറച്ചാണ് കേട്ടതെങ്കിലം, അത് ചെയ്യരുതെന്നാണ് പറയാനുള്ളത്,” തന്റെ കുടുംബത്തിന് എന്തെങ്കിലും സന്ദേശമുണ്ടോ എന്ന് ചോദിച്ചപ്പോൾ, 26-കാരിയായ താരം പറഞ്ഞു.
“ ഹോക്കിയെക്കുറിച്ച് മാത്രം ചിന്തിക്കുക, ചെറുപ്പക്കാരായ പെൺകുട്ടികൾ ഉണ്ട്, ഞങ്ങൾ രാജ്യത്തിനായി കളിക്കുന്നു, അതിനാൽ ഞങ്ങൾ ഒന്നായിരിക്കണം, എല്ലാ അർത്ഥത്തിലും ഞാൻ അത് ഉദ്ദേശിക്കുന്നു,” വന്ദന പറഞ്ഞു.
Read More: റിലേയിൽ ഏഷ്യൻ റെക്കോഡ് തിരുത്തി ഇന്ത്യ; കേരളത്തിന് തിളക്കം
യുവാക്കൾ ഞങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഞങ്ങളുടെ കുടുംബം ഭീതിയിലാണെന്ന് വന്ദനയുടെ സഹോദരൻ ചന്ദ്രശേഖർ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
“അവർ പറഞ്ഞത് എന്റെ ജാതിയിലുള്ള ആളുകൾക്ക് എങ്ങനെയാണ് ദേശീയ ടീമിൽ കളിക്കാൻ കഴിയുന്നതെന്നാണ്? യുവാക്കൾ ഞങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഞങ്ങളുടെ കുടുംബം ഭീതിയിലാണ്. മുഴുവൻ സംഭവവും വിവരിച്ചുകൊണ്ട് ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്, ” ചന്ദ്രശേഖർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട വന്ദന പരസ്യ പ്രസ്താവനയൊന്നും നടത്തിയിരുന്നില്ല. കുടുംബവുമായി സംസാരിച്ചതിന് ശേഷം മാത്രമേ അതിനെക്കുറിച്ച് സംസാരിക്കുകയുള്ളൂവെന്ന് അവർ വ്യക്തമാക്കുകയും ചെയ്തു.
“ഞാൻ ഇവിടെ വന്നപ്പോൾ മുതൽ എന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാൽ ഞാൻ ആരോടും സംസാരിച്ചില്ല,” അവർ പറഞ്ഞു. “ഞാൻ അവരോട് സംസാരിച്ച ശേഷം ഞാൻ ഈ സംഭവത്തെക്കുറിച്ച് അഭിപ്രായങ്ങൾ പറയും. നാമെല്ലാവരും രാജ്യത്തിനുവേണ്ടി കളിക്കുന്നവരാണ്,” വന്ദന പറഞ്ഞു.
വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ടോക്യോ ഒളിംപിക്സിലേക്കുള്ള വന്ദനയുടെ പാത. വന്ദന ഹോക്കി കളിക്കുന്നതിനോട് പ്രദേശ വാസികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പെൺകുട്ടികൾ ഹോക്കി കളിക്കരുതെന്ന് കരുതിയിരുന്ന അവരോട് പിതാവ് നഹർ സിങ്ങ് ഇടപെട്ട് സംസാരിച്ചതോടെയാണ് പിന്നീട് വന്ദനയ്ക്ക് കളിക്കാനായത്.
Read More: Tokyo Olympics 2020 Day 14: ഗുസ്തിയിൽ ബജ്‌റംഗ് പൂനിയ സെമിയിൽ
മൂന്ന് മാസം മുമ്പ്, പിതാവ് മരിച്ചപ്പോൾ, ഒളിമ്പിക്‌സിനായി പരിശീലനത്തിനിടെ ബെംഗളൂരുവിലെ ഒരു ബയോബബിളിലായിരുന്നു വന്ദന. അതിനാൽ അവദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ വന്ദനയ്ക്ക് കഴിഞ്ഞില്ല.
എല്ലാ വെല്ലുവിളികൾക്കിടയിലും, ടോക്കിയോയിലെ ഇന്ത്യയുടെ മികച്ച താരങ്ങളിൽ ഒരാളായി വന്ദന മാറി. അവരുടെ മികച്ച പ്രകടനത്തോടെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വനിതാ ഹോക്കി ടീം നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ വന്ദനയുടെ ഹാട്രിക്ക് ഈ മുന്നേറ്റത്തിൽ ശ്രദ്ധേയമായി. മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ ക്വാർട്ടറിൽ പരാജയപ്പെടുത്താനും ഇന്ത്യക്ക് കഴിഞ്ഞു. ആത്യന്തികമായി ഇന്ത്യ നാലാം സ്ഥാനത്തെത്തി, 41 വർഷത്തിനിടയിലെ ഏറ്റവും മികച്ച മുന്നേറ്റമാണിത്.
ടീമിന്റെ ശ്രമങ്ങളിൽ അഭിമാനമുണ്ടെന്ന് വന്ദന പറഞ്ഞു. “ഒന്നാമതായി, ഞങ്ങളുടെ മുഴുവൻ ടീമും ഇതിനായി കഠിനമായി പരിശ്രമിച്ചു, ഞാൻ അവരെക്കുറിച്ച് ശരിക്കും അഭിമാനിക്കുന്നു. ഓരോ മത്സരത്തിനിടയിലും ഞങ്ങൾ മെച്ചപ്പെടുത്തി. ഇത്രയും ദൂരം എത്താൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു, ”അവർ പറഞ്ഞു.
തയ്യാറാക്കിയത്: മിഹിർ വാസവ്ദ