ടോക്കിയോ: കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ ടോക്കിയോ ഒളിംപിക്സ് 2020 റദ്ദാക്കുമെന്ന അഭ്യൂഹങ്ങളിൽ സ്ഥിരീകരണവുമായി ഒളിംപിക്സ് മേധാവി യോറിഷോ മോറി. ഒളിംപിക്സ് വേണ്ടെന്നു വയ്ക്കില്ല, എന്നാൽ മാറ്റിവയ്ക്കുന്ന കാര്യം പരിഗണിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗെയിമുമായി എങ്ങനെ മുന്നോട്ട് പോകാമെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി), ടോക്കിയോ സംഘാടകർ എന്നിവർ ഉൾപ്പെടുന്ന ഒരു സംഘം ചർച്ച ചെയ്യുമെന്ന് മോറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Read More: ഹിന്ദുവോ, മുസ്‌ലിമോ അല്ല, മനുഷ്യരാവൂ; 3 മാസം കഴിഞ്ഞ് ജീവിച്ചിരിക്കുമെന്ന് ഉറപ്പുണ്ടോ?: അക്തർ
ഈ വരുന്ന ഒളിംപിക്സിലും പാരാലിമ്പിക്‌സിലും കാനഡ ടീം പങ്കെടുക്കില്ലെന്ന് കനേഡിയന്‍ ഒളിമ്പിക് കമ്മിറ്റിയും (സിഒസി) കനേഡിയന്‍ പാരാലിമ്പിക് കമ്മിറ്റിയും (സിപിസി) ഞായറാഴ്ച അറിയിച്ചിരുന്നു. ഒളിംപിക്സ് റദ്ദാക്കണമെന്ന ആവശ്യത്തോട് ഭരണസമിതി യോജിക്കുന്നില്ലെന്നും എന്നാല്‍ മാറ്റിവയ്ക്കുന്നതിനെ കുറിച്ച് നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാച്ചും വ്യക്തമാക്കിയിരുന്നു.
നേരത്തെ നിശ്ചയിച്ച പ്രകാരം ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 9 വരെയാണ് ഒളിംപിക്സ് നടക്കേണ്ടത്. വെറും നാലു മാസങ്ങള്‍ മാത്രം ശേഷിക്കെ ഗെയിംസ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് വലിയ രീതിയിലുള്ള സമ്മര്‍ദമാണ് വിവിധ അത്‌ലറ്റുകളില്‍ നിന്നും ഫെഡറേഷനുകളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ഐ.ഒ.സി നേരിടുന്നത്.
നോര്‍വേ, കൊളംബിയ, സ്ലോവേനിയ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ബ്രസീൽ തുടങ്ങി നിരവധി രാജ്യങ്ങൾ ഒളിംപിക്സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.